Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിനെ ഇനി വിശ്വസിക്കരുത്! ടെസ്റ്റ് നായകനായി വേണ്ട, ഗില്‍ നയിക്കട്ടെ- കാരണങ്ങള്‍

ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ ഏറ്റവും വലിയ അഗ്നിപരീക്ഷയായിരുന്നു സമാപിച്ച ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍. 2021ലെ കലാശക്കളിയില്‍ വിരാട് കോലി കൈവിട്ട ഡബ്ല്യുടിസി കിരീടം ഇത്തവണ രോഹിത് ഇന്ത്യക്കു സമ്മാനിക്കുമെന്നായിരുന്നു ആരാധകര്‍ ഉറച്ചു വിശ്വസിച്ചത്. എന്നാല്‍ ഫൈനില്‍ ഓസ്‌ട്രേലിയയോടു ഇന്ത്യക്കു വന്‍ പരാജയം നേരിടേണ്ടി വരികയായിരുന്നു. ഇതോടെ രോഹിത്തിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍സിയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

36 കാരനായ രോഹിത്തിനു റെഡ് ബോള്‍ ക്രിക്കറ്റില്‍ വലിയ ഭാവിയില്ല. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം നടക്കാനിരിക്കുന്ന അടുത്ത ഫൈനലിലേക്കു ഇന്ത്യ യോഗ്യത നേടിയാലും ടീമിനെ നയിക്കാന്‍ ഹിറ്റ്മാനുണ്ടാവില്ല. അതുകൊണ്ടു തന്നെ രോഹിത്തിനു പകരം പുതിയൊരു ക്യാപ്റ്റനെക്കുറിച്ച് ഇന്ത്യ ആലോചിക്കേണ്ട സമയമായിരിക്കുകയാണ്.

SHUBMAN GILL

ഭാവി ടെസ്റ്റ് നായകനായി ഇന്ത്യക്കു വളര്‍ത്തിക്കൊണ്ടു വരാവുന്ന താരമാണ് ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്‍. ടെസ്റ്റില്‍ ഗില്ലിനെ ഇന്ത്യ പുതിയ നായകനാക്കേണ്ടതിന്റെ മൂന്നു കാരണങ്ങളറിയാം. നിലവില്‍ നാട്ടിലും വിദേശത്തും ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പുള്ള യുവതാരമാണ് ശുഭ്മന്‍ ഗില്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ അത്രയും മികച്ച ഇന്നിങ്‌സുകളാണ് താരം വിവിധ ഫോര്‍മാറ്റുകളിലായി കളിച്ചിരിക്കുന്നത്.

വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ടെസ്റ്റ് ടീമില്‍ സ്ഥാനമുറപ്പിച്ച മറ്റൊരു യുവതാരം. പക്ഷെ നിലവില്‍ അദ്ദേഹം പരിക്കേറ്റു വിശ്രമത്തിലാണ്. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങിവരാന്‍ ഇനിയും സമയമെടുക്കും. അതിനാല്‍ തന്നെ ബിസിസിഐയ്ക്കു ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റനായി പരീക്ഷിച്ചു നോക്കാവുന്നതാണ്. വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പര ഇതിനു നല്ലൊരു അവസരം കൂടിയാണ്.

ടീമിലെ സീനിയര്‍ താരങ്ങളില്‍ നിന്നും ശുഭ്മന്‍ ഗില്ലിനു ലഭിക്കുന്ന വലിയ പിന്തുണയാണ് അടുത്ത കാരണം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായും മുന്‍ നായകന്‍ വിരാട് കോലിയുമായുമെല്ലാം വളരെയധികം അടുപ്പം പുലര്‍ത്തുന്നയാളാണ് ഗില്‍. അതിനാല്‍ തന്നെ ഇപ്പോള്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്താല്‍ ഇവരില്‍ നിന്നെല്ലാം വലിയ പിന്തുണയും സഹായവും അദ്ദേഹത്തിനു ലഭിക്കും.

GILL KOHLI

കൂടാതെ അജിങ്ക്യ രഹാനെ, കെഎല്‍ രാഹുല്‍, ജസ്പ്രീത് ബുംറ എന്നീ സീനിയര്‍ കളിക്കാരും ഗില്ലിനെ സഹായിക്കാന്‍ തയ്യാറാവും. ഇതു ക്യാപ്റ്റനെന്ന നിലയില്‍ തന്റെ പോരായ്മകള്‍ മറികടക്കാനും കൂടുതല്‍ മെച്ചപ്പെട്ട നായകനാവാനും ഗില്ലിനെ സഹായിക്കുകയും ചെയ്യും.

സീനിയര്‍ കളിക്കാരെ നേരത്തേ നയിച്ചിട്ടുള്ള പരിചയമുണ്ടെന്നതാണ് ശുഭ്മന്‍ ഗില്ലിനു മുതല്‍ക്കൂട്ടാവുന്ന മറ്റൊരു കാര്യം. 2019-20ലെ ദിയോധര്‍ ട്രോഫിയില്‍ ഇന്ത്യയുടെ സി ടീമിനെ നയിച്ചത് അദ്ദേഹമായിരുന്നു. അന്നു സൂര്യകുമാര്‍ യാദവ്, അക്ഷര്‍ പട്ടേല്‍, മായങ്ക് അഗര്‍വാള്‍, ദിനേശ് കാര്‍ത്തിക് തുടങ്ങിയവരെല്ലാം ഗില്ലിനു കീഴില്‍ ടീമില്‍ കളിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സി ടീം ടൂര്‍ണമെന്റിന്റെ ഫൈനല്‍ വരെയെത്തുകയും ചെയ്തു.

ഓസ്‌ട്രേലിയന്‍ ടീമിനെ ഇത്തവണ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് സ്ഥിരം നായകനാവും മുമ്പ് നാലു ആഭ്യന്തര മല്‍സരങ്ങളില്‍ മാത്രമേ ക്യാപ്റ്റനായിരുന്നുളളൂ. കൂടാതെ എംഎസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ക്യാപ്റ്റനായി വലിയ അനുഭവസമ്പത്തില്ലാതെയാണ് ഇന്ത്യന്‍ നായകസ്ഥാനത്തേക്കു വന്നത്. അതിനാല്‍ തന്നെ ഗില്ലിന്റെ ക്യാപ്റ്റന്‍സിയിലും ഇന്ത്യക്കു തീര്‍ച്ചയായും വിശ്വാസമര്‍പ്പിക്കാം.

Story first published: Tuesday, June 13, 2023, 14:05 [IST]
Other articles published on Jun 13, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+