ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ആവേശ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. ആതിഥേയരായ പാകിസ്താനും ന്യൂസീലന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെയാണ് ചാമ്പ്യന്‍സ് ട്രോഫി പോരാട്ടം ആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം നാളെ ബംഗ്ലാദേശിനെതിരേയാണ്. ഇതിന് ശേഷമാണ് പാകിസ്താനെതിരായ പോരാട്ടം. ബംഗ്ലാദേശിനോട് വമ്പന്‍ ജയം നേടി പാകിസ്താന് മുന്നറിയിപ്പ് നല്‍കാനാവും ഇന്ത്യ ശ്രമിക്കുകയെന്ന് ഉറപ്പാണ്.
ഇന്ത്യയുടെ ഇത്തവണത്തെ താരനിര അതി ശക്തമാണ്. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ തുടങ്ങി ബാറ്റിങ്ങില്‍ കരുത്ത് പകരാന്‍ ശേഷിയുള്ള നിരവധി താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ ആരാവും ഒന്നാമതെത്തുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വിരാട് കോലി, രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍ എന്നിവരെല്ലാം ഇതിന് ശേഷിയുള്ളവരാണ്.
ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍ താരങ്ങള്‍ ഇത്തവണ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ റണ്‍വേട്ടക്കാരിലെ ഒന്നാമനെ പ്രവചിച്ചിരിക്കുകയാണ്. രോഹിത് ശര്‍മയെ ആരും തന്നെ തിരഞ്ഞെടുത്തില്ലെന്നതാണ് കൗതുകം. വിരാട് കോലി, ശുബ്മാന്‍ ഗില്‍ എന്നിവരെയാണ് കൂടുതലായും മുന്‍ താരങ്ങള്‍ തിരഞ്ഞെടുത്തത്.
സെവാഗും കാര്‍ത്തികും കോലിക്കൊപ്പം
മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ ദിനേഷ് കാര്‍ത്തികും തിരഞ്ഞെടുത്തത് വിരാട് കോലിയെയാണ്. സമീപകാലത്ത് മോശം ഫോമിലാണെങ്കിലും കോലി ഇന്ത്യക്കായി തിളങ്ങുമെന്നും റണ്‍വേട്ടയില്‍ തലപ്പത്തേക്കെത്തുമെന്നുമാണ് ഇരുവരും പ്രവചിക്കുന്നത്. കോലി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഒരു അര്‍ധ സെഞ്ച്വറി നേടിയിരുന്നു. കോലിയില്‍ നിന്ന് പ്രതീക്ഷ നല്‍കുന്ന മികച്ചൊരു പ്രകടനം കണ്ടിട്ട് നാളുകളേറെയായെന്ന് പറയാം.
അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കോലിയില്‍ നിന്ന് അത്ഭുത പ്രകടനം പ്രതീക്ഷിക്കാനാവില്ല. കോലിയുടെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ കോലി തകര്‍പ്പന്‍ പ്രകടനമാണ് ഇതുവരെ കാഴ്ചവെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത്തവണയും മിന്നിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
സഹീര്‍ ഖാനും ഭോഗ്ലെയും ഗില്ലിനൊപ്പം
മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍ ശുബ്മാന്‍ ഗില്‍ റണ്‍വേട്ടയില്‍ തലപ്പത്തെത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിന പരമ്പരയില്‍ ഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. പരമ്പരയിലെ താരമായതും ഗില്ലാണ്. സെഞ്ച്വറി പ്രകടനമടക്കം നടത്തി മിന്നിക്കാന്‍ ഗില്ലിന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗില്‍ ശോഭിക്കുമെന്നാണ് സഹീര്‍ ഖാന്‍ പറയുന്നത്. ഹര്‍ഷ ഭോഗ്ലെയും ഗില്ലിനൊപ്പമാണ്.

ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം നേടിയിട്ടുള്ള ഗില്ലിന്റെ സമീപകാലത്തെ പ്രകടനങ്ങളും ഗംഭീരമായിരുന്നു. അതുകൊണ്ടുതന്നെ താരം ഗംഭീര പ്രകടനത്തോടെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കസറുമെന്ന് പ്രതീക്ഷിക്കാം. മുന്‍ ഇന്ത്യന്‍ സ്പിന്നറായ മുരളി കാര്‍ത്തികും മുന്‍ വിക്കറ്റ് കീപ്പറായ പാര്‍ഥിവ് പട്ടേലും ഗില്ലാവും റണ്‍വേട്ടയില്‍ ഇന്ത്യയുടെ ഒന്നാമനെന്നാണ് പ്രവചിച്ചിരിക്കുന്നത്. മുന്‍ ഇംഗ്ലണ്ട് നായകനായ മൈക്കല്‍ വോണും ഗില്ലാണ് റണ്‍വേട്ടയില്‍ തലപ്പത്തെത്തുകയെന്നാണ് തിരഞ്ഞെടുത്തത്.
ഇന്ത്യക്ക് സംതുലിതമായ താരനിര
ഇന്ത്യയുടെ ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി ടീം സംതുലിതമാണെന്ന് പറയാം. ബാറ്റിങ്ങിലും ബൗളിങ്ങിലും എടുത്തു പറയാവുന്ന താരങ്ങള്‍ ഇന്ത്യക്കുണ്ട്. ജസ്പ്രീത് ബുംറയുടെ അഭാവമാണ് ഇന്ത്യയുടെ പ്രധാന തലവേദന. അഞ്ച് സ്പിന്നര്‍മാരെ പരിഗണിച്ച് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കിറങ്ങുന്നത് തിരിച്ചടിയാവുമോയെന്നതാണ് ആശങ്കയുണ്ടാക്കുന്നത്. ദുബായിലെ സാഹചര്യത്തില്‍ സ്പിന്നര്‍മാര്‍ക്ക് ടീമില്‍ നിര്‍ണ്ണായക സ്ഥാനമുണ്ട്. ഇന്ത്യ സ്പിന്നിന് മുന്‍തൂക്കം നല്‍കിയാവും ഇറങ്ങുകയെന്ന് ഉറപ്പാണ്. എന്തായാലും ഇത്തവണ വലിയ കിരീട സാധ്യത ഇന്ത്യക്കുണ്ടെന്ന് തന്നെയാണ് പ്രമുഖരെല്ലാം വിലയിരുത്തുന്നത്.