ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിരമിക്കലുമായി ബന്ധപ്പെട്ടു പല തരത്തിലുള്ള അഭ്യൂഹങ്ങളും വന്നു കൊണ്ടിരിക്കുകയാണ്. ടി20 ഫോര്‍മാറ്റില്‍ നിന്നും അദ്ദേഹം ഉടന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് ചിലരുടെ പ്രവചനം. വരാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഹിറ്റ്മാന്‍ ഈ ഫോര്‍മാറ്റിലും കളിച്ചേക്കില്ലെന്ന് അഭ്യൂഹങ്ങളുണ്ട്.
പക്ഷെ 36 കാരനായ രോഹിത് ഇവയോടൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. പരിക്കുകള്‍ സമീകാലത്തു രോഹിത്തിനെ പല തവണ വേട്ടയാടിയിട്ടുണ്ട്. ഇതേ തുടര്‍ന്നു നിരവധി ടെസ്റ്റുകളും അദ്ദേഹത്തിനു നഷ്ടമായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രോഹിത്തിനു കളിക്കാനായത് വെറും ഒമ്പതു ടെസ്റ്റുകള്‍ മാത്രമാണ്.

പ്രായവും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമെല്ലാം പരിഗണിച്ച് അദ്ദേഹം ടെസ്റ്റ് മതിയാക്കിയേക്കുമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അതിനിടെ രോഹിത് വിരമിക്കുകയാണെങ്കില്‍ ആരാവും ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.
സ്വന്തം യൂട്യൂബ് ചാനലിലായിരുന്നു ഭാവി ഇന്ത്യന്‍ ക്യാപ്റ്റനെക്കുറിച്ച് ചോപ്ര നിരീക്ഷണം നടത്തിയത്. ദീര്‍ഘകാലത്തേക്കു നോക്കുകയാണെങ്കില്‍ അതു ശുഭ്മന്‍ ഗില്ലായിരിക്കുമെന്നു ഞാന്‍ കരുതുന്നു. ഇപ്പോഴത്തെ കാര്യമല്ല ഞാന്‍ പറയുന്നത്. രോഹിത് ടെസ്റ്റില്‍ നിന്നും വിരമിക്കുകയാണെങ്കില്‍ അടുത്ത ക്യാപ്റ്റനായി താന്‍ തിരഞ്ഞെടുക്കുക ഗില്ലിനെ ആയിരിക്കുമെന്നും ചോപ്ര വ്യക്തമാക്കി.
ശുഭ്മന്‍ ഗില്ലോ, അല്ലെങ്കില്‍ റിഷഭ് പന്തോ ആയിരിക്കും അടുത്ത ടെസ്റ്റ് ക്യാപ്റ്റനായി വരുന്നത്. ടെസ്റ്റ് ബാറ്ററെന്ന നിലയില്‍ റിഷഭ് 24 കാരറ്റ് സ്വര്‍ണമാണ്. അവന്‍ വിക്കറ്റ് കീപ്പറും ഗെയിം ചേഞ്ചറുമാണ്. രോഹിത് ടെസ്റ്റ് മതിയാക്കിയാല്‍ റിഷഭ്, ഗില്‍ ഇവരിലൊള്‍ക്കായിരിക്കും നായകസ്ഥാനം ലഭിക്കുകയെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
അതേസമയം, ടെസ്റ്റ് ക്യാപ്റ്റന്‍സിക്കു ഗില്‍, റിഷഭ് ഇവരില്‍ ആര്‍ക്കാണ് കൂടുതല്‍ അര്‍ഹതയെന്നു നോക്കിയാല്‍ അതു ഗില്ലിനാണെന്നു പറയേണ്ടി വരും. കാരണം നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ദേശീയ ടീമിന്റെ ഭാഗമാണ് അദ്ദേഹം. റിഷഭാവട്ടെ കാറപകടത്തിലേറ്റ പരിക്കിനു ശേഷം ഒരു വര്‍ഷത്തോളമായി മല്‍സരരംഗത്തു നിന്നും മാറി നില്‍ക്കുകയാണ്. പക്ഷെ അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം നോക്കിയാല്‍ ക്യാപ്റ്റന്‍സി റേസില്‍ ഗില്ലിനെ റിഷഭ് മറികടക്കാന്‍ സാധ്യതയുണ്ടെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

ടെസ്റ്റ് കരിയറെടുത്താല്‍ ഗില്ലിനേക്കാള്‍ വളരെ മുന്നിലാണ് റിഷഭ്. ഈ ഫോര്‍മാറ്റില്‍ വ്യത്യസ്ത പൊസിഷനുകളിലാണ് ബാറ്റ് ചെയ്യുന്നതെങ്കിലും റിഷഭ് ഇതിനകം വിദേശത്തു നാലു ടെസ്റ്റ് സെഞ്ച്വറികള്‍ കുറിച്ചുകഴിഞ്ഞു. 2019 മുതല്‍ 22 വരെയെടുത്താല്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച താരവും അദ്ദേഹം തന്നെയാണ്.
എന്നാല്‍ ഗില്ലാവട്ടെ രണ്ടു സെഞ്ച്വറികള്‍ മാത്രമേ ടെസ്റ്റില്‍ നേടിയിട്ടുള്ളൂ. ഇവ രണ്ടും ഏഷ്യന്‍ പിച്ചുകളിലുമായിരുന്നു. അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി 35ല്‍ താഴെയുമാണ്. ഓസ്‌ട്രേലിയയില്‍ രണ്ടു ടെസ്റ്റ് പരമ്പരകള്‍ നേടിയിട്ടുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് റിഷഭ്.
രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഓസീസ് പര്യടനത്തില്‍ ഗാബയില്‍ നടന്ന അവസാന ടെസ്റ്റില്‍ ഇന്ത്യ റണ്‍ചേസിനൊടുവില്‍ ത്രില്ലിങ് ജയവും പരമ്പരയും സ്വന്തമാക്കിയപ്പോള്‍ ടീമിന്റെ ഹീറോയായിരുന്നു റിഷഭ്. ഫിറ്റ്‌നസ് വീണ്ടെടുത്ത് കളിക്കളത്തിലേക്കു മടങ്ങിയെത്താന്‍ തയ്യാറടുക്കുകയാണ് താരം. അടുത്ത വര്‍ഷം ജനുവരിയില്‍ അഫ്ഗാനിസ്താനുമായുള്ള ടി20 പരമ്പരയിലൂടെ റിഷഭ് തിരിച്ചുവന്നേക്കുമെന്നാണ് സൂചനകള്‍.