ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ തന്നെ തോൽവിയോടെ തുടങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് ആരാധകരുടെ വിമർശന പ്രവാഹം. പ്രധാനമായും നായകൻ ശുബ്മാൻ ഗില്ലിനെതിരെയാണ് ആരാധകർ തിരിഞ്ഞിരിക്കുന്നത്. ജയിക്കാവുന്ന കളി കൈവിട്ടു കളഞ്ഞതിന് പിന്നിൽ ഗില്ലിന്റെ മോശം ക്യാപ്റ്റൻസി തീരുമാനങ്ങളാണെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. ഗില്ലിന്റെ തന്ത്രങ്ങൾ പാളിയപ്പോൾ പഞ്ചാബ് ബാറ്റർമാർ ഗുജറാത്ത് ബൗളർമാരെ അനായാസം നേരിടുകയായിരുന്നു എന്നും വിമർശനം ഉയരുന്നു.
സിറാജിനെ മറന്നു, കൃഷ്ണയെ വിശ്വസിച്ചു; ഗില്ലിന് എന്തുപറ്റി?
മത്സരത്തിലെ ഗില്ലിന്റെ ബൗളിംഗ് മാറ്റങ്ങളാണ് പ്രധാനമായും വിമർശിക്കപ്പെടുന്നത്. പവർപ്ലേക്ക് ശേഷം ടീമിലെ പ്രധാന പേസറായ മുഹമ്മദ് സിറാജിന് ഒരോവർ പോലും നൽകാതിരുന്നത് ആരാധകരെ ഞെട്ടിച്ചു. തന്റെ ആദ്യ രണ്ട് ഓവറുകളിൽ റൺസ് വഴങ്ങി പതറിയ അശോക് ശർമ്മയ്ക്ക് വീണ്ടും മൂന്നാം ഓവർ നൽകിയ തീരുമാനം ആത്മഹത്യാപരമായിരുന്നു. കൂടാതെ, റൺസ് വിട്ടുകൊടുക്കുന്നതിൽ 'പ്രശസ്തനായ' പ്രസിദ്ധ് കൃഷ്ണയ്ക്ക് 19-ാം ഓവർ നൽകിയതും തോൽവിക്ക് ആക്കം കൂട്ടി. വെറും 2 റൺസ് മാത്രം ജയിക്കാൻ വേണ്ടിയിരുന്ന അവസാന ഓവർ വാഷിംഗ്ടൺ സുന്ദറിനെ ഏൽപ്പിച്ചപ്പോൾ ഗിൽ ഇപ്പോൾ എന്ത് തന്ത്രമാണ് ഉപയോഗിക്കുന്നത് എന്ന് ആരാധകർ ചിന്തിച്ച് പോയി.

ആശിഷ് നെഹ്‌റയുടെ മൗനം; ഗില്ലിന്റെ പതർച്ച!
സാധാരണയായി ബൗണ്ടറി ലൈനിന് അരികിൽ നിന്ന് ഓരോ പന്തിലും നിർദ്ദേശങ്ങൾ നൽകുന്ന ആശിഷ് നെഹ്‌റ ഇന്നലെ നിശബ്ദനായിരുന്നു. നെഹ്‌റയുടെ ഇടപെടലുകൾ ഇല്ലാത്തപ്പോൾ ഗില്ലിന് കളിക്കളത്തിൽ കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്നില്ല എന്നതാണ് ഇന്നലത്തെ മത്സരം തെളിയിക്കുന്നത്. "ക്ലൂലെസ്സ്" ആയ ഒരു നായകനെയാണ് ഇന്നലെ മൈതാനത്ത് കണ്ടതെന്ന് ആരാധകർ കുറിച്ചു. വിക്കറ്റുകൾ വീഴ്ത്താൻ ശേഷിയുള്ള ബൗളർമാരെ കൃത്യമായി ഉപയോഗിക്കാത്തത് ഗുജറാത്തിന്റെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് തന്നെ ഭീഷണിയാകാൻ സാധ്യതയുണ്ട്.
ഇതുമാത്രമല്ല, ശുബ്മാൻ ഗില്ലിന്റെ ബാറ്റിങ്ങും വിമർശന വിധേയമാകുന്നുണ്ട്. 39 റൺസ് നേടിയെങ്കിലും താരത്തിന്റെ മെല്ലെപ്പോക്കാണ് ആരാധകർക്ക് അമർഷമുണ്ടാക്കിയത്. ടി20 ലോകകപ്പില്‍ നിന്നും ചീട്ട് കീറിയപ്പോള്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തവരുടെ വായടപ്പിക്കാന്‍ ഐപിഎല്ലിലെ ആദ്യ കളിയില്‍ തന്നെ കിടിലനൊരു ഇന്നിങ്‌സ് ശുഭ്മന്‍ ഗില്ലിനു ആവശ്യമായിരുന്നു. പക്ഷെ പഴയ ടി20 ബാറ്റിങ് ശൈലിയില്‍ നിന്നും താന്‍ അല്‍പ്പം പോലും മുന്നോട്ടു പോയിട്ടില്ലെന്നു അദ്ദേഹം കാണിച്ചു തന്നു. ഒരു സിക്സർ പോലും ഈ ഇന്നിങ്സിൽ ഉണ്ടായിരുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത.
ഇന്നിങ്സിന്റെ തുടക്കം മുതൽ ഗിൽ ഫോറുകൾ നേടുന്നതിലായിരുന്നു ശ്രദ്ധ ചെലുത്തിയിരുന്നത്. സിക്സ് പായിക്കാൻ ഉദ്ദേശിച്ചുകൊണ്ട് അടിച്ച ഷോട്ടാകട്ടെ, ഫീൽഡറുടെ കയ്യിൽ സുരക്ഷിതമായി എത്തുകയും ചെയ്തു. ഇതോടെ, ഇനി ഗുജറാത്തിന്റെ ഭാവി എന്താകും എന്ന ആശങ്ക ആരാധകരിൽ പടർന്ന് കൂടി കഴിഞ്ഞു. ഗില്ലിന്റെ ക്യാപ്റ്റൻസിയും ബാറ്റിങ്ങും ഇംപ്രൂവ് ആയാൽ മാത്രമേ ടീമിന് ഒരു രക്ഷയുണ്ടാകൂ എന്നതാണ് സത്യം.