ടി20 ലോകകപ്പിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയൊരു മാറ്റത്തിന്റെ സമയമാണ്. കാരണം പരിശീലകസ്ഥാനത്തേക്കു രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായി മുന്‍ അഗ്രസീവ് ഓപ്പണര്‍ ഗൗതം ഗംഭീര്‍ എത്തുകയാണ്. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ലെങ്കിലും ലോകകപ്പ് കഴിയുന്നതോടെ ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം നടത്തും. 2027ലെ ഏകദിന ലോകകപ്പ് വരെയുള്ള കരാറിലാണ് ഗംഭീര്‍ ഒപ്പുവയ്ക്കുക.
ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം ശ്രദ്ധേയമായ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ചില താരങ്ങള്‍ക്കു ഗംഭീര്‍ കോച്ചായി വന്നാല്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേക്കും. വലിസ റിസ്‌കുകളെടുക്കാന്‍ മടിയില്ലാത്ത വ്യക്തി കൂടിയാണ് ഗംഭീര്‍. അതിനാല്‍ തന്നെ ചുമതലയേറ്റെുടുത്താല്‍ ടീമില്‍ ചില സര്‍പ്രൈസ് മാറ്റങ്ങളും അദ്ദേഹം കൊണ്ടുവന്നേക്കും. ചില പുതിയ ക്യാപ്റ്റന്‍മാരെയും വിവിധ ഫോര്‍മാറ്റുകളില്‍ ഗംഭീര്‍ പരീക്ഷിക്കാനും സാധ്യതയുണ്ട്. ക്യാപ്റ്റന്‍മാരായി അരങ്ങേറാന് സാധ്യതയുള്ള ചില കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

ശ്രേയസ് അയ്യര്‍
മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരാണ് ഗംഭീര്‍ കോച്ചായി വന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റനായി അരങ്ങേറാന്‍ സാധ്യതയുള്ള ഒരാള്‍. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകള്‍ക്കൊപ്പം ശ്രേയസിന്റെ ക്യാപ്റ്റന്‍സി മിടുക്ക് നേരിട്ടു കഴിഞ്ഞ വ്യക്തി കൂടിയാണ് ഗംഭീര്‍. നേരത്തേ ഗംഭീര്‍ ഡിസിയുടെ നായകസ്ഥാനം രാജിവച്ച വച്ച ശേഷമായിരുന്നു ശ്രേയസ് ഈ റോള്‍ ഏറ്റെടുത്തത്. പിന്നീട് ഡിസിയെ ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിച്ച ആദ്യത്തെ നായകനായും അദ്ദേഹം മാറിയിരുന്നു.
കഴിഞ്ഞ ഐപിഎല്ലില്‍ കെകെആറിനെ ചാംപ്യന്മാരാക്കി ശ്രേയസ് തന്റെ മിടുക്ക് വീണ്ടും തെളിയിച്ചപ്പോള്‍ ടീമിനൊപ്പം ഉപദേശകന്റെ റോൡ ഗംഭീറുമുണ്ടായിരുന്നു. നിലവില്‍ ഇന്ത്യന്‍ ഏകദിന ടീമിന്റെ ഭാഗമാണ് ശ്രേയസ്. രോഹിത് ശര്‍മ വൈകാതെ വിരമിക്കാനിരിക്കെ പകരം നായകസ്ഥാനത്തേക്കു ഹാര്‍ദിക് പാണ്ഡ്യ, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെല്ലാം രംഗത്തുണ്ട്. പക്ഷെ ശ്രേയസിന്റെ നേതൃശേഷി നന്നായി അറിയുന്നതിനാല്‍ തന്നെ ശ്രേയസിനെ നായകനായി ഗംഭീര്‍ കൊണ്ടു വന്നാല്‍ അദ്ഭുതപ്പെടാനില്ല.
സഞ്ജു സാംസണ്‍
മലയാളികളുടെ പ്രിയതാരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണാണ് ഇന്ത്യന്‍ ക്യാപ്റ്റനായി അരങ്ങേറാന്‍ സാധ്യതയുള്ള രണ്ടാമത്തെയാള്‍. നിലവില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ചിട്ടില്ലാത്ത താരമാണ് സഞ്ജുവെങ്കിലും ഗംഭീര്‍ വന്നാല്‍ ഇതില്‍ മാറ്റം സംഭവിച്ചേക്കും. കാരണം അദ്ദേഹത്തെത്തുറിച്ച് വലിയ മതിപ്പാണ് ഗംഭീറിനുള്ളത്. പല തവണ അദ്ദേഹം ഇക്കാര്യം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

ക്യാപ്റ്റനെന്ന നിലയില്‍ ഐപിഎല്ലില്‍ ഏറ അനുഭവസമ്പത്തുള്ളയാളാണ് സഞ്ജ. 2021 മുതല്‍ അദ്ദേഹം രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചു കൊണ്ടിരിക്കുകയാണ്. 2022ല്‍ ടീമിനെ റണ്ണണറപ്പാക്കാന്‍ സഞ്ജുവിനു സാധിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മികവിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. അതുകൊണ്ടു തന്നെ ടി20 ഫോര്‍മാറ്റില്‍ സഞ്ജുവിനെ ക്യാപ്റ്റനായി ഗംഭീര്‍ പരീക്ഷിക്കാനുമിടയുണ്ട്.
ആര്‍ അശ്വിന്‍
സ്റ്റാര്‍ ഓഫ് സ്പിന്നറും വെറ്ററന്‍ താരവുമായ ആര്‍ അശ്വിനാണ് ഇന്ത്യന്‍ ക്യാപ്റ്റനായി അരങ്ങോറാന്‍ സാധ്യതയുള്ള മൂന്നാമത്തെയാള്‍. നിലവില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ അദ്ദേഹത്തിനു സ്ഥാനം നഷ്ടമായിക്കഴിഞ്ഞു. എന്നാല്‍ ടെസ്റ്റില്‍ ഇന്ത്യക്കു മാറ്റി നിര്‍ത്താന്‍ സാധിക്കാത്തയാളാണ് അശ്വിന്‍.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരുപാട് അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ അശ്വിന്‍ നേരത്തേ നയിക്കുകയും ചെയ്തിരുന്നു. ഗംഭീര്‍ കോച്ചായി എത്തിയാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തെ കുറച്ചു മല്‍സരങ്ങളിലെങ്കിലും ക്യാപ്റ്റനായി പരീക്ഷിച്ചേക്കും.