ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ചില സീനിയര്‍ കളിക്കാര്‍ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റായ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ വിസമ്മതിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവാദം ചൂടുപിടിക്കുകയാണ്. ടീം ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായിരുന്ന ഇഷാന്‍ കിഷനാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യം പ്രതിക്കൂട്ടിലായത്. ഇപ്പോഴിതാ പ്രമുഖ മധ്യനിര ബാറ്ററായ ശ്രേയസ് അയ്യരും കുരുക്കിലായിരിക്കുകയാണ്.
രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ബറോഡയുമായുളള കളിയില്‍ മുംബൈയ്ക്കായി അദ്ദേഹം കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ തനിക്കു പരിക്കുണ്ടെന്നും ഈ കാരണത്താല്‍ മല്‍സരത്തില്‍ നിന്നും പിന്‍മാറുകയാണെന്നുമാണ് ശ്രേയസ് അറിയിച്ചിരിക്കുന്നത്. ഈ സീസണിലെ രഞ്ജിയില്‍ ഒരേയൊരു മല്‍സരത്തില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ.

ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു മുമ്പുള്ള കളിയിലായിരുന്നു അത്. ഇംഗ്ലണ്ടിനെതിരേ കളിച്ച രണ്ടു ടെസ്റ്റുകളിലും ശ്രേയസ് ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. ഇതോടെ ശേഷിച്ച മൂന്നു ടെസ്റ്റുകളില്‍ അദ്ദേഹത്തിനു ടീമില്‍ സ്ഥാനം നഷ്ടമാവുയും ചെയ്തു. പരിക്കു കാരണമാണ് രഞ്ജിയിലെ അടുത്ത കളിയില്‍ നിന്നും താന്‍ പിന്‍മാറിയതെന്നു ശ്രേയസ് പറയുന്നുണ്ടെങ്കിലും ഇതു ശരിയല്ലെന്നാണ് എന്‍സിഎയുടെ വാദം.
ഇംഗ്ലണ്ടുമായുള്ള രണ്ടാം ടെസ്റ്റിനു ശേഷം ഇന്ത്യന്‍ ടീം നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട് പ്രകാരം ശ്രേയസ് ഫിറ്റാണെന്നും സെലക്ഷനു ലഭ്യമാണെന്നുമാണ് പറഞ്ഞിരിക്കുന്നതെന്നു എന്‍സിഎയുടെ സ്‌പോര്‍ട്‌സ് സയന്റ്‌സ് ആന്റ് മെഡിസിന്‍ വിഭാഗം മേധാവിയായ നിതിന്‍ പട്ടേല്‍ വ്യകതമാക്കി. ഇക്കാര്യത്തെക്കുറിച്ച് ബിസിസിഐയ്ക്കു എന്‍സിഎ മെയിലും അയച്ചിരിക്കുകയാണ്. ഇതോടെയാണ് ശ്രേയസിന്റെ രഞ്ജിയിലെ പിന്‍മാറ്റം വിവാദമായിരിക്കുന്നത്.
എന്‍സിഎയുടെ സ്‌പോര്‍ട്‌സ് സയന്റ്‌സ് ആന്റ് മെഡിസിന്‍ വിഭാഗം മേധാവി നിതിന്‍ പട്ടേലിന്റെ അഭിപ്രായം തേടിയാണ് ശ്രേയസിനോടു രഞ്ജിയില്‍ കളിക്കണമെന്നു അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി നിര്‍ദേശിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ നടപടികള്‍ നേരിടേണ്ടി വരുമെന്നു ബിസിസിഐ കരാറിലുള്‍പ്പെട്ട താരങ്ങള്‍ക്കും ഇന്ത്യ എ താരങ്ങള്‍ക്കും ബിസിസിഐ സെക്രട്ടറി ജയ് ഷാ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പക്ഷെ ഇവയൊന്നും കണക്കിലെടുക്കാതെയാണ് തനിക്ക് പരിക്കുണ്ടെന്നു പറഞ്ഞ് ശ്രേയസ് പിന്‍മാറിയിരിക്കുന്നത്. ഇംഗ്ലണ്ടുമായുള്ള ആദ്യത്തെ രണ്ടു ടെസ്റ്റുകളില്‍ 35, 13, 27, 39 എന്നിങ്ങനെയായിരുന്നു ശ്രേയസിന്റെ സ്‌കോറുകള്‍. ഇതിനു പിന്നാലെ താരം ടീമില്‍ നിന്നുമൊഴിക്കപ്പെടുകയുമായിരുന്നു.
രഞ്ജി ട്രോഫിയില്‍ നിന്നും പിന്‍മാറിയ ശ്രേയസിനെ ഇനി അടുത്ത മാസം നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിനോടൊപ്പമാവും കാണാന്‍ സാധിക്കുക. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.

അതേസമയം, ഇഷാനെപ്പോലെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനെ തീര്‍ത്തും അവഗണിച്ച ശ്രേയസിനെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് ആരാധകരുടെ ഭാഗത്തു നിന്നുമുയരുന്നത്. സോഷ്യല്‍ മീഡിയയില്‍ അവര്‍ ശ്രേയസിനെതിരേ തുറന്നടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടാമത്തെ ഇഷാന്‍ കിഷനായി ശ്രേയസ് അയ്യര്‍ മാറിയിരിക്കുകയാണ്. രഞ്ജി ട്രോഫിയെ തള്ളിക്കളഞ്ഞ ഇരുവരെയും മുഖ്യ കരാറില്‍ നിന്നും ബിസിസിഐ ഒഴിവാക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ഇന്ത്യയുടെ ഒരു ക്രിക്കറ്ററും ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. എല്ലാവരും മാനസികമായി ഐപിഎല്‍ മോഡിലേക്കു മാറിയിരിക്കുകയാണ്. ഇതു തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്ന കാര്യം തന്നെയാണ്. ഈ തരത്തില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനെ തഴയുന്ന കളിക്കാര്‍ക്കെതിരേ നടപടി വേണം. അല്ലാതിരുന്നാല്‍ അതു ഇന്ത്യന്‍ ക്രിക്കറ്റിന്റെ നാശത്തിനായിരിക്കും വഴിയൊരുക്കുകയെന്നും ആരാധകര്‍ മുന്നറിയിപ്പ് നല്‍കി.