ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര കൈവിടാതിരിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ടീം ഇന്ത്യ. ഓവലില്‍ പുരോഗമിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ വിജയിക്കാനായാല്‍ മാത്രമേ പരമ്പര 2-2നു സമനിലയില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ. ശുഭ്മന്‍ ഗില്ലിനും സംഘത്തിനും അതു സാധിക്കുകയാണെങ്കില്‍ വലിയ നേട്ടം തന്നെയാവും അതെന്ന കാര്യത്തില്‍ സംശയമില്ല.
എന്നാല്‍ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തീര്‍ച്ചയായും ചില അഴിച്ചുപണികള്‍ പ്രതീക്ഷിക്കാം. ഒക്ടോബറില്‍ വെസ്റ്റ് ഇന്‍ഡീസുമായി നാട്ടിലാണ് ഇനി ഇന്ത്യയുടെ ടെസ്റ്റ് പരമ്പര. രണ്ടു ടെസ്റ്റുകളിലാണ് ഇന്ത്യയും വിന്‍ഡീസും കൊമ്പുകോര്‍ക്കുക. ഇംഗ്ലണ്ട് പര്യടനത്തില്‍ ടീമില്‍ സ്ഥാനം ലഭിക്കാതെ പോയ ചില താരങ്ങളെ വിന്‍ഡീസുമായുള്ള പരമ്പരയില്‍ തിരിച്ചുവിളിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

ആര്‍ക്കെല്ലാം കോളെത്തും?
വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ പ്രധാനമായും നാലു പേര്‍ക്കാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു വിളിയെത്തിയേക്കുക. ഇതില്‍ രണ്ടു പേര്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരാണെങ്കില്‍ മറ്റു രണ്ടു പേര്‍ ഫാസ്റ്റ് ബൗളര്‍മാരുമാണ്.
സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍, യുവതാരം സര്‍ഫറാസ് ഖാന്‍, പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി, ബംഗാളില്‍ നിന്നുള്ള പേസര്‍ മുകേഷ് കുമാര്‍ എന്നിവരെയാവും അടുത്ത ടെസ്റ്റ് പരമ്പരയില്‍ മുഖ്യ കോച്ച് ഗൗതം ഗംഭീര്‍ ടീമിലേക്കു തിരികെ വിളിച്ചേക്കുക.
ടെസ്റ്റ് ടീമിലേക്കു മടങ്ങിയെത്തുകയെന്ന ലക്ഷ്യത്തോടെ ഈ മാസം ആരംഭിക്കുന്ന ദുലീപ് ട്രോഫി റെഡ് ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കാനൊരുങ്ങുകയാണ് ശ്രേയസും സര്‍ഫറാസും. ഈ മാസം 28ന് തുടങ്ങുന്ന ടൂര്‍ണമെന്റില്‍ വെസ്റ്റ് സോണ്‍ ടീമിനു വേണ്ടിയാണ് ഇരുവരുമിറങ്ങുക. ഇതില്‍ മിന്നിക്കാനായാല്‍ ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങിവരവ് ശ്രേയസിനും സര്‍ഫറാസിനും കൂടുതല്‍ എളുപ്പമായി മാറും.
കഴിഞ്ഞ സീസണില്‍ എല്ലാ ഫോര്‍മാറ്റുകളിലും ഒരുപോലെ തിളങ്ങിയ ബാറ്ററാണ് ശ്രേയസ്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി മിന്നിച്ച അദ്ദേഹം സയ്ദ് മുഷ്താഖ് അലി ടി20 ട്രോഫിയിലും തിളങ്ങി. ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി സ്ഥിരതാര്‍ന്ന പ്രകടനങ്ങള്‍ നടത്തിയ ശ്രേയസ് ഐപിഎല്‍ പഞ്ചാബ് കിങ്‌സിനൊപ്പവും വലിയ റണ്‍വേട്ട നടത്തി.
കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കവെ ഇംഗ്ലണ്ടുമായുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലേക്കു ശ്രേയസിനു വിളിയെത്തുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. എങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്ന ആര്‍ക്കും ടെസ്റ്റ് ടീമിലേക്കു തിരികെ വരാന്‍ സാധിക്കുമെന്നു അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
2021ല്‍ ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയ ശ്രേയസ് നാലു വര്‍ഷത്തിനിടെ കളിച്ചത് വെറും 14 ടെസ്റ്റുകള്‍ മാത്രമാണ്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളുമടക്കം 1287 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു. ടെസ്റ്റില്‍ നാട്ടിലും പുറത്തും ടീമിനു മുതല്‍ക്കൂട്ടാവുന്ന താരമാണ് ശ്രേയസ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ ടെസ്റ്റ് കളിച്ച ശേഷം അദ്ദേഹത്തിനു പിന്നീട് ടീമിലേക്കു വിളി വന്നിട്ടില്ല.

ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീനെന്നു വിശേഷിപ്പിക്കപ്പെടുന്ന സര്‍ഫറാസ് ഇന്ത്യക്കായി ആറു ടെസ്റ്റുകളില്‍ നിന്നും ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റിയുമടക്കം 371 റണ്‍സെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമവസാനം ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയില്‍ കളിച്ചതിനു ശേഷം സര്‍ഫറാസും ടീമിനു പുറത്താണ്.
ഇപ്പോള്‍ ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ മിസ് ചെയ്തത് ഷമിയെപ്പോലെയൊരു ബൗളറെയാണ്. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം അദ്ദേഹവും കളിച്ചിരുന്നെങ്കില്‍ അതു ഇന്ത്യന്‍ ബൗളിങിനു മൂര്‍ച്ചയും കൂട്ടിയേനെ. ഷമി തീര്‍ച്ചയായും ടെസ്റ്റ് ടീമിന്റെ ഭാഗമാവേണ്ട താരമാണ്. കാരണം അദ്ദേഹമുണ്ടെങ്കില്‍ അതു ബുംറയുടെ ജോലി ഭാരം കുറയ്ക്കാന്‍ ഇന്ത്യയെ സഹായിക്കും. 64 ടെസ്റ്റുകളിലായി 229 വിക്കറ്റുകള്‍ നേടിയ അനുഭവസമ്പത്തും ഷമിക്കുണ്ട്.
മുകേഷിന്റെ കാര്യമെടുത്താല്‍ വെറും മൂന്നു ടെസ്റ്റുകളില്‍ മാത്രമേ അദ്ദേഹത്തെ ഇന്ത്യ പരീക്ഷിച്ചിട്ടുള്ളൂ. ഈ ഫോര്‍മാറ്റിനു ഏറെ അനുയോജ്യനായ താരമാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റില്‍ ഒരുപാട് വക്കറ്റുകളും (52 കളിയില്‍ 210 വിക്കറ്റ്) മുകേഷ് വീഴ്ത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ പേസ് ലൈനപ്പ് പ്രതീക്ഷിച്ച ഇംപാക്ടുണ്ടാക്കിയില്ലെന്നതിനാല്‍ വിന്‍ഡീസിനെതിരേ അദ്ദേഹം ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടേക്കും.