കോലിയൊഴിഞ്ഞാല്‍ അടുത്ത നായകന്‍ രോഹിത്തല്ല, നറുക്ക് വീഴുക ശ്രേയസിന്! കാരണങ്ങള്‍ നോക്കാം
മുംബൈ: നിലവിലെ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി 30 കഴിഞ്ഞതോടെ ഇന്ത്യയുടെ അടുത്ത നായകന്‍ ആരായിരിക്കുമെന്നതിനെക്കുറിച്ചു ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ സജീവ ചര്‍ച്ചാവിഷയമാണ്. കോലിക്കു ഇപ്പോള്‍ പ്രായം 31 ആണ്. ഇനിയൊരു നാലോ, അഞ്ചോ വര്‍ഷം കൂടി മാത്രമേ അദ്ദേഹത്തിനു നായകസ്ഥാനത്തു തുടരാന്‍ സാധിക്കുമോയെന്ന കാര്യമുറപ്പില്ല.
കഴിഞ്ഞ ന്യൂസിലാന്‍ഡ് പര്യടനത്തിലേറ്റ ദയനീയ തോല്‍വികളെ തുടര്‍ന്നു കോലിയുടെ ക്യാപ്റ്റന്‍സിക്കെതിരേ വമര്‍ശനങ്ങളുയര്‍ന്നിരുന്നു. കോലിയെ നായകസ്ഥാനത്തു നിന്നു മാറ്റി പകരം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു ചുമതല നല്‍കണമെന്നായിരുന്നു ഒരു വിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ 32ാം വയസ്സിലേക്കു കടന്ന ഹിറ്റ്മാനെ ഇനി ഇന്ത്യ ക്യാപ്റ്റനാക്കാന്‍ സാധ്യത കുറവാണ്. പകരം കോലി ഒഴിഞ്ഞാല്‍ മുംബൈയില്‍ നിന്നുള്ള യുവ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍ക്കു നായകനായി നറുക്ക് വീഴാനാണ് സാധ്യത. ഇതിനു ചില കാരണങ്ങള്‍ കൂടിയുണ്ട്. അവ എന്തൊക്കെയാണെന്നു നോക്കാം.

യുവ ടീമിന് യുവ നായകന്‍ വേണം
കോലിയെയും രോഹിത്തിനെയും കൂടാതെ ശിഖര്‍ ധവാനും 30 പിന്നിട്ടു കഴിഞ്ഞു. അടുത്ത തലമുറയുടെ താരങ്ങളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരടക്കമുള്ള യുവതാരങ്ങളാണ് ഇപ്പോള്‍ അവസരം കാത്തു നില്‍ക്കുന്നത്. ഇവരടങ്ങുന്ന യുവനിരയെ നയിക്കാന്‍ ശ്രേയസിനെപ്പോലൊരു യുവ ക്യാപ്റ്റന്‍ തന്നെയാണ് ഇന്ത്യക്കു വേണ്ടത്.
നേരത്തേ വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ് തുടങ്ങിയ സീനിയര്‍ താരങ്ങള്‍ നായകസ്ഥാനത്തേക്കു വരാന്‍ ശേഷിയുള്ളവരായി രംഗത്തുണ്ടായിട്ടും ഇന്ത്യ എംഎസ് ധോണിയെ ക്യാപ്റ്റനാക്കിയത് പലര്‍ക്കും ഷോക്കായിരുന്നു. എന്നാല്‍ പിന്നീട് കണ്ടത് ചരിത്രം. കോലിക്കു പകരം ഇനി ശ്രേയസിനെ നായകനാക്കിയാലും ഇതുപോലെ തന്നെ പലരും നെറ്റി ചുളിക്കും.
ടീമിനു വേണ്ടി കളിക്കുന്ന ബാറ്റ്‌സ്മാനാണ് താനെന്ന് ഇതിനകം തെളിയിച്ച താരമാണ് 25കാരനായ ശ്രേയസ്. അതുകൊണ്ടു തന്നെയാണ് ക്രീസിലെത്തിയ ഉടന്‍ തന്നെ അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് കളയാന്‍ ശ്രമിക്കാതെ ക്ഷമാപൂര്‍വ്വം താരം ഇന്നിങ്‌സ് പടുത്തുയര്‍ത്തുന്നത്. ഈ കഴിവ് തന്നെ ശ്രേയസിന്റെ പക്വതയ്്ക്കു മികച്ച ഉദാഹരണമാണ്.

ക്യാപ്റ്റനെന്ന അനുഭവസമ്പത്ത്
ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ അനുഭവസമ്പത്ത് നേടിക്കൊണ്ടിരിക്കുന്ന താരമാണ് ശ്രേയസ്. ഐപിഎല്ലില്‍ നിലവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകനാണ് അദ്ദേഹം. ഓരോ മല്‍സരവും സീസണും കഴിയുന്തോറും നായകനെന്ന നിലയില്‍ ശ്രേയസ് മെച്ചപ്പെടുമെന്നു തന്നെ ഇതിലൂടെ ഉറപ്പിക്കുകയും ചെയ്യാം. കഴിഞ്ഞ സീസണില്‍ ഡല്‍ഹിയെ പ്ലേഓഫിലെത്തിക്കാന്‍ ശ്രേയസിനായിരുന്നു.
ഡല്‍ഹിയുടെ മാത്രമല്ല ഇന്ത്യന്‍ എ ടീമിനെയും നയിച്ച അനുഭവസമ്പത്ത് ശ്രേയസിനുണ്ട്. ഐപിഎല്ലിലെയും ലിസ്റ്റ് എ ക്രിക്കറ്റിലെയുമെല്ലാം മല്‍സരപരിചയം അദ്ദേഹത്തെ കൂടുതല്‍ മികച്ച ക്യാപ്റ്റനാക്കി മാറ്റുമെന്നതില്‍ സംശയമില്ല.

കൂള്‍ പ്ലെയര്‍
സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ കളിക്കളത്തില്‍ വളരെ കൂളായി പെരുമാറുന്ന താരമാണെന്നതാണ് ശ്രേയസിന്റെ മറ്റൊരു മിടുക്ക്. മികച്ച ക്യാപ്റ്റന്റെ ഏറ്റവും നല്ല ഉദാഹരണം കൂടിയാണിത്. മുന്‍ നായകന്‍ എംഎസ് ധോണിയില്‍ നിന്നും പലതും പഠിച്ചെടുക്കാന്‍ കോലിക്കായിരുന്നു. സമാനമായി കോലിയില്‍ നിന്നും കൂടുതല്‍ മനസ്സിലാക്കാനാവും ശ്രേയസ് ഇപ്പോള്‍ ശ്രമിക്കുന്നത്.
കരിയറിന്റെ തുടക്കകാലത്ത് ശ്രേയസ് ഇപ്പോള്‍ കളിക്കുന്ന നാലാം നമ്പര്‍ പൊസിഷനായിരുന്നു കോലിയും ബാറ്റ് ചെയ്തിരുന്നത്. അടുത്തിടെ ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നാലാമനായി ഇറങ്ങി ശ്രേയസ് കരിയറിലെ കന്നി സെഞ്ച്വറിയും നേടിയിരുന്നു. പക്വത കൊണ്ടും പ്രായം കൊണ്ടും കോലിക്കു പകരം നായകനാവാന്‍ ശേഷിയുള്ള ഏറ്റവും മികച്ച താരം ശ്രേയസ് തന്നെയാണെന്ന് ഇവയെല്ലാം അടിവരയിടുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications