മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കേന്ദ്ര കരാര്‍ ബിസിസിഐ പ്രഖ്യാപിച്ചിരിക്കുകയാണ്. ചില വമ്പന്‍ പരിഷ്‌കാരങ്ങളോടെയാണ് ബിസിസിഐ കരാര്‍ പ്രഖ്യാപിച്ചത്. നേരത്തെ നല്‍കിയ മുന്നറിയിപ്പ് ശരിവെക്കുന്ന തരത്തിലാണ് പുതിയ കരാറെന്ന് പറയാം. ശ്രേയസ് അയ്യരേയും ഇഷാന്‍ കിഷനേയും കേന്ദ്ര കരാറില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ടെസ്റ്റിലെ മൂന്നാം നമ്പര്‍ താരം ചേതേശ്വര്‍ പുജാരയും തഴയപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്.
ശ്രേയസ് അയ്യരോടും ഇഷാന്‍ കിഷനോടും രഞ്ജി ട്രോഫി കളിക്കാന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് താരങ്ങളും ഇത് അവഗണിക്കുകയാണുണ്ടായത്. കള്ളത്തരം കാട്ടി ടീമില്‍ നിന്ന് മുങ്ങാന്‍ ശ്രമിച്ച രണ്ട് താരങ്ങളേയും കരാറിന് പുറത്താക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞിരുന്നു. ഇത് കൃത്യമായി സംഭവിക്കുന്ന തരത്തിലാണ് പുതിയ കരാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രേഡ് എ പ്ലസ് വിഭാഗത്തില്‍ നാല് താരങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
രോഹിത് ശര്‍മ, വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ് എ പ്ലസ് കരാറിലുള്ളത്. രോഹിത് നിലവില്‍ നായകനായി തുടരുകയാണ്. വരുന്ന ടി20 ലോകകപ്പിലും രോഹിത് ശര്‍മയാവും ഇന്ത്യയുടെ നായകനെന്നാണ് സൂചന. ഇത് ശരിവെക്കുന്ന തരത്തിലാണ് പുതിയ കരാറില്‍ എ പ്ലസ് വിഭാഗത്തില്‍ത്തന്നെ ഉള്‍പ്പെടുത്തിയത്. വിരാട് കോലി ആധുനിക ക്രിക്കറ്റിലെ ഇതിഹാസമാണ്. ജസ്പ്രീത് ബുംറ നിലവിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളും.
മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങുന്ന ഓള്‍റൗണ്ടറാണ് ജഡേജ. ഇതാണ് അദ്ദേഹം എ പ്ലസ് വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ കാരണം. ഹാര്‍ദിക് പാണ്ഡ്യ ടെസ്റ്റ് കളിക്കാത്തതാണ് അദ്ദേഹത്തെ എ പ്ലസ് വിഭാഗത്തില്‍ നിന്ന് തഴയാന്‍ കാരണം. ഗ്രേഡ് എ വിഭാഗത്തില്‍ ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാദ്, കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ഉള്‍പ്പെടുന്നത്. മുഹമ്മദ് ഷമി ടി20 ടീമിന് പുറത്താണ്.

എന്നാല്‍ എ ഗ്രേഡില്‍ ഉള്‍പ്പെട്ടതോടെ അദ്ദേഹവും ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്. ശുബ്മാന്‍ ഗില്‍ ഭാവിയില്‍ എ പ്ലസ് വിഭാഗത്തിലേക്ക് എത്താന്‍ കെല്‍പ്പുള്ള താരമാണ്. ഗ്രേഡ് ബിയിലേക്ക് വരുമ്പോള്‍ സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, യശ്വസി ജയ്‌സ്വാള്‍ എന്നിവരാണ് ഉള്‍പ്പെടുന്നത്. പരിക്കേറ്റ് ഒരു വര്‍ഷത്തിലേറെയായി റിഷഭ് ടീമിന് പുറത്താണ്. എന്നിട്ടും അദ്ദേഹം ബി കരാറില്‍ ഉള്‍പ്പെട്ടു.
ശ്രദ്ധേയ പ്രകടനങ്ങളോടെ മിന്നിക്കുന്ന യുവതാരം യശ്വസി ജയ്‌സ്വാള്‍ ബി ഗ്രേഡിലേക്കെത്തിയെന്നതാണ് എടുത്തു പറയേണ്ടത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ശ്രദ്ധേയ പ്രകടനം നടത്താന്‍ ജയ്‌സ്വാളിന് സാധിച്ചു. ഇതാണ് കരാറില്‍ താരത്തിന് നേട്ടമുണ്ടാക്കിയത്. ഗ്രേഡ് സിയിലാണ് കൂടുതല്‍ താരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 15 താരങ്ങളാണ് സി ഗ്രേഡിലുള്ളത്.
റിങ്കു സിങ്, തിലക് വര്‍മ, റുതുരാജ് ഗെയ്ക് വാദ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, ശിവം ദുബെ, രവി ബിഷ്‌നോയ്, ജിതേഷ് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിങ്, കെ എസ് ഭരത്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, രജത് പാട്ടീധാര്‍ എന്നിവരാണ് സി ഗ്രേഡിലുള്ളത്.
സഞ്ജു സാംസണും ജിതേഷ് ശര്‍മയുമാണ് ടി20 കളിക്കാന്‍ കെല്‍പ്പുള്ള വിക്കറ്റ് കീപ്പര്‍ താരങ്ങളായി കരാറിലേക്കെത്തിയത്. ഇഷാന്‍ പുറത്തായതോടെ ജിതേഷും സഞ്ജുവും ടി20 ലോകകപ്പ് കളിക്കാന്‍ സാധ്യതയുണ്ട്.
എ പ്ലസ് വിഭാഗത്തില്‍ ഉള്‍പ്പെട്ട താരങ്ങള്‍ക്ക് 7 കോടിയാണ് പ്രതിഫലമായി ലഭിക്കുക. എ ഗ്രേഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് 5 കോടി ലഭിക്കുമ്പോള്‍ ബി ഗ്രേഡ് കാര്‍ക്ക് 3 കോടി പ്രതിഫലം കിട്ടും. യുവതാരങ്ങള്‍ ഉള്‍പ്പെടുന്ന സി ഗ്രൂപ്പില്‍ ഉള്ളവര്‍ക്ക് 1 കോടിയാണ് പ്രതിഫലമായി ലഭിക്കുക.