ഇന്ത്യ- പാക് പരമ്പര ആഷസിന് തുല്യം, പുനരാരംഭിക്കാന്‍ ലോകം കാത്തിരിക്കുന്നു-മാലിക്ക്
ലാഹോര്‍: ഇന്ത്യയും പാകിസ്താനും തമ്മിവുള്ള ക്രിക്കറ്റ് പരമ്പര എത്രയും വേഗത്തില്‍ പുനരാരംഭിക്കണമെന്നും ലോകം മുഴുവന്‍ അത് ആഗ്രഹിക്കുന്നതായും പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും പ്രമുഖ ഓള്‍റൗണ്ടറുമായ ഷുഐബ് മാലിക്ക് വ്യക്തമാക്കി. ഓസ്ട്രലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ചരിത്രപ്രധാനമായ ആഷസ് ടെസ്റ്റ് പരമ്പരയോടാണ് ഇന്ത്യ- പാക പരമ്പരയെ മാലിക്ക് താരതമ്യം ചെയ്തത്. ആഷസ് പരമ്പരയില്ലാതെ ടെസ്റ്റില്‍ കളിക്കുന്നതിനെക്കുറിച്ച് ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും ചിന്തിക്കാന്‍ പോലും സാധിക്കുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

ആഷസിനു വേണ്ടി ലോകം കാത്തിരിക്കുന്നതു പോലെ തന്നെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പരമ്പരയും പുനരാരംഭിക്കാന്‍ എല്ലാവരും കാത്തിരിക്കുന്നു. ആഷസും ഇന്ത്യ-പാകിസ്താന്‍ പരമ്പരയും ഒരേ തരത്തിലുള്ള പാഷനോടെ കളിക്കുന്ന പരമ്പരകളാണ്. മാത്രമല്ല മഹത്തായ പാരമ്പര്യവും ഇരു പരമ്പരകള്‍ക്കുമുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ പരമ്പര കളിക്കുന്നില്ലെന്നത് നാണക്കേടാണെന്നും മാലിക്ക് വിശദമാക്കി.
ഇന്ത്യയും പാകിസ്താനും തമ്മില്‍ അത്ര നല്ല ബന്ധത്തില്‍ അല്ലെങ്കിലും ക്രിക്കറ്റിലേക്കു വന്നാല്‍ ഇത്തരത്തിലുള്ള ശത്രുതയില്ലെന്നു മാലിക്ക് ചൂണ്ടിക്കാട്ടി. പാകിസ്താനിലെ തന്റെ സുഹൃത്തുക്കള്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരെ ആരാധിക്കുന്നവരാണ്. ഇന്ത്യന്‍ ആരാധകരും പാക് ക്രിക്കറ്റര്‍മാരെ ഇഷ്ടപ്പെടുന്നുണ്ട്. ഇന്ത്യയിലെ ക്രിക്കറ്റ് താരങ്ങളെ വളരെയേറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സുഹൃത്തുകള്‍ തനിക്കു പാകിസ്താനിലുണ്ട്. ഇന്ത്യയില്‍ കളിക്കാന്‍ ഞങ്ങള്‍ വരുമ്പോള്‍ ഇവിടെയും നല്ല പിന്തുണയും സ്‌നേഹവുമാണ് ക്രിക്കറ്റ് പ്രേമികളുടെ ഭാഗത്ത് നിന്നുണ്ടാവാറുള്ളത്. അതിനാല്‍ തന്നെ എത്രയും വേഗത്തില്‍ പുനരാരംഭിക്കണമെന്ന് ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് ആസ്വാദകര്‍ ആഗ്രഹിക്കുന്ന പരമ്പര കൂടിയാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ളതെന്നും മാലിക്ക് കൂട്ടിച്ചേര്‍ത്തു.

2007-08ലാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ അവസാനമായി ടെസ്റ്റ് പരമ്പരയില്‍ കളിച്ചത്. അന്നു മൂന്നു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 1-0ന് സ്വന്തമാക്കിയിരുന്നു. രണ്ടു ടെസ്റ്റുകള്‍ സമനിലയില്‍ പിരിഞ്ഞിരുന്നു. ഇതുവരെ 58 ടെസ്റ്റുകളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ഇവയില്‍ 11 എണ്ണത്തില്‍ പാകിസ്താന്‍ ജയം നേടിയപ്പോള്‍ ഒമ്പത് ടെസ്റ്റുകള്‍ ഇന്ത്യയും ജയിച്ചു. 38 ടെസ്റ്റുകള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. അവസാനമായി ഇന്ത്യയും പാകിസ്താനും പരമ്പര കളിച്ചത് 2012-13ലാണ്. അന്ന് പാക് ടീം ഇന്ത്യയില്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയും രണ്ടു മല്‍സരങ്ങളുടെ ടി20 പരമ്പരയുമാണ് കളിച്ചത്. ഏകദിന പരമ്പര പാകിസ്താന്‍ 2-1ന് സ്വന്തമാക്കിയപ്പോള്‍ ടി20 പരമ്പര 1-1ന് സമനിലയില്‍ കലാശിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications