
ബാറ്റിങില്‍ മാത്രമല്ല പാര്‍ട്ട്‌ടൈം ബൗളറായും ശ്രദ്ധേയമായ പ്രകടനം സച്ചിന്‍ കാഴ്ചവച്ചിട്ടുണ്ട്. കരിയറിന്റെ അവസാന കാലത്തു അദ്ദേഹം ബൗളിങില്‍ അത്ര സജീവമായിരുന്നില്ലെങ്കിലും 90കളില്‍ സ്ഥിരം ബൗള്‍ ചെയ്യാറുണ്ടായിരുന്നു. ലോകത്തിലെ ചില ഇതിഹാസ ബൗളര്‍മാരേക്കാള്‍ കൂടുതല്‍ പോലും ഓവറുകള്‍ സച്ചിന്‍ ബൗള്‍ ചെയ്തിട്ടുണ്ടെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യം. 463 ഏകദിന മല്‍സരങ്ങള്‍ കളിച്ച് റെക്കോര്‍ഡിട്ട അദ്ദേഹം 1342 ഓവരുകള്‍ ബൗള്‍ ചെയ്യുകയും 154 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. ഏകദിനത്തില്‍ സച്ചിനേക്കാള്‍ കുറഞ്ഞ ഓവറുകള്‍ ബൗള്‍ ചെയ്ത ചില ഇതിഹാസ ബൗളര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ഷുഐബ് അക്തര്‍ (1294 ഓവറുകള്‍, പാകിസ്താന്‍)
പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍ ഏകദിനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെയത്ര പോലും ഓവറുകള്‍ ബൗള്‍ ചെയ്തിട്ടില്ലെന്നതാണ് രസകരമായ കാര്യം. 1294 ഓവറുകളാണ് റാവല്‍പിണ്ടി എക്‌സ്പ്രസെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം ബൗള്‍ ചെയ്തത്. ഇവയില്‍ നിന്നും 24.97 ശരാശരിയില്‍ 247 വിക്കറ്റുകളും വീഴ്ത്തിയിരുന്നു.
കളിച്ചിരുന്ന കാലത്ത് കളിക്കളത്തില്‍ സച്ചിന്റെ ഏറ്റവും ശക്തനായ എതിരാളികളൊരാള്‍ കൂടിയായിരുന്നു അക്തര്‍. ഇരുവരും തമ്മില്‍ മുഖാമുഖം വന്നപ്പോഴെല്ലാം അതു ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. ചില തവണ അക്തറിനു മേല്‍ സച്ചിന്‍ ആധിപത്യം പുലര്‍ത്തിയപ്പോള്‍ മറ്റു ചില തവണ അക്തറിനായിരുന്നു മേല്‍ക്കൈ.

വേഗം കൊണ്ടും ശരീരഭാഷ കൊണ്ടും ക്രീസിലുള്ള ബാറ്റര്‍മാരുടെ ഉറക്കം കെടുത്തിയിരുന്ന ബൗളറായിരുന്നു അദ്ദേഹം. അമ്പരപ്പിക്കുന്ന വേഗത കൊണ്ടു തന്നെ കരിയറില്‍ പലപ്പോഴും പരിക്കുകള്‍ അക്തറിനു വില്ലനായി മാറിയിട്ടുണ്ട്. എങ്കിലും പാകിസ്താനു വേണ്ടി 163 ഏകദിനങ്ങളും 46 ടെസ്റ്റുകളും 15 ടി20കളും അദ്ദേഹം കളിച്ചു.

ഡെയ്ല്‍ സ്‌റ്റെയ്ന്‍ (1042 ഓവറുകള്‍, സൗത്താഫ്രിക്ക)
സൗത്താഫ്രിക്കയുടെ മുന്‍ പേസ് ബൗളിങ് ഇതിഹാസമായ ഡെയ്ല്‍ സ്റ്റെയ്‌നും സച്ചിന്‍ ടെണ്ടുല്‍ക്കറിനോളം ഏകദിനത്തില്‍ ബൗള്‍ ചെയ്തിട്ടില്ല. വസീം അക്രം, വഖാര്‍ യൂനിസ് എന്നിവരടക്കമുള്ള ഇതിഹാസ പേസര്‍മാരുടെ വിരമിക്കലിനു ശേഷം ദീര്‍ഘകാലം ക്രിക്കറ്റിനെ അടക്കിഭരിച്ച ബൗളര്‍മാരില്‍ ഒരാളാണ് സ്റ്റെയ്ന്‍.
93 ടെസ്റ്റുകളില്‍ സ്റ്റെയ്ന്‍ സൗത്താഫ്രിക്കയെ പ്രതിനിധീകരിച്ചപ്പോള്‍ ഏകദിനത്തില്‍ 125 മല്‍സരങ്ങളിലാണ് പന്തെറിഞ്ഞത്. ഇവയില്‍ ബൗള്‍ ചെയ്തത് 1042 ഓവറുകളായിരുന്നു. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ കരിയറില്‍ പലപ്പോഴും അലട്ടിയിട്ടുണ്ട്. 125 ഏകദിനങ്ങളില്‍ നിന്നും 25.95 ശരാശരിയില്‍ 196 വിക്കറ്റുകളാണ് സ്‌റ്റെയ്‌നിന്റെ സമ്പാദ്യം.

സ്റ്റുവര്‍ട്ട് ബ്രോഡ് (1018 ഓവറുകള്‍, ഇംഗ്ലണ്ട്)
ഇപ്പോഴും മല്‍സരംഗത്തുള്ള, എന്നാല്‍ സച്ചിന്റെയത്രയും ഏകദിനത്തില്‍ ബൗള്‍ ചെയ്യാന്‍ സാധിക്കാതെ പോയ മറ്റൊരു ഇതിഹാസ ബൗളറാണ് ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റെന്നു വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം ടെസ്റ്റില്‍ തന്നെയാണ് കൂടുതല്‍ കളിച്ചിട്ടുള്ളത്. ഇംഗ്ലണ്ടിനായി ഇപ്പോഴും ടെസ്റ്റില്‍ ബ്രോഡ് കളിക്കുകയും ചെയ്യുന്നുണ്ട്.
ഏകദിനത്തില്‍ 121 മല്‍സരങ്ങളിലാണ് അദ്ദേഹം കളിച്ചത്. ഇവയില്‍ 1018 ഓവറുകള്‍ ബൗള്‍ ചെയ്യുകയും ചെയ്തു. 30.13 ശരാശരിയില്‍ 121 വിക്കറ്റുകള്‍ ബ്രോഡിനു ലഭിച്ചു. സച്ചിനും ബ്രോഡും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരുപാട് തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. പക്ഷെ അവയൊന്നും ക്രിക്കറ്റ് പ്രേമികള്‍ക്കു എക്കാലവും ഓര്‍മിക്കാവുന്ന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടില്ല. ടെസ്റ്റില്‍ 537 വിക്കറ്റുകളുമായി ഇതിഹാസങ്ങളുടെ നിരയിലാണ് ബ്രോഡിന്റെ സ്ഥാനം.


Click it and Unblock the Notifications












