
ഹര്‍ഭജനെ തടഞ്ഞുനിര്‍ത്തിയ ദ്രാവിഡ്
2002ലെ നാറ്റ് വെസ്റ്റ് സീരിസ് പരമ്പര ഇന്ത്യന്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. ലോര്‍ഡ്‌സില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയപ്പോള്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ലോര്‍ഡ്‌സിലെ ബാല്‍ക്കണിയിലിരുന്ന് ജഴ്‌സിയൂരി വിജയം ആഘോഷിച്ചത് വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു. ഇന്ത്യന്‍ ആരാധകര്‍ ആഘോഷിച്ച ഈ സംഭവത്തിന് പിന്നില്‍ അധികം ആര്‍ക്കും അറിയാത്ത മറ്റൊരു കഥയുണ്ട്.
അന്ന് ഗാംഗുലിക്ക് പിന്നാലെ ജഴ്‌സിയൂരി ആഘോഷിക്കാന്‍ ഹര്‍ഭജന്‍ സിങ്ങുമെത്തിയിരുന്നു. എന്നാല്‍ അന്ന് ഹര്‍ഭജനെ രാഹുല്‍ ദ്രാവിഡ് തടുത്തുനിര്‍ത്തുകയായിരുന്നു. ദേഷ്യത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലാത്ത ഹര്‍ഭജന്‍ വളരെ വികാരഭരിതനായി ആവേശത്തോടെ ജഴ്‌സിയൂരാന്‍ തയ്യാറെടുത്തപ്പോള്‍ ദ്രാവിഡിന്റെ ഇടപെടലാണ് അതിന് അനുവദിക്കാതിരുന്നത്. അല്ലായിരുന്നെങ്കില്‍ വലിയ വിവാദമായി ഇത് മാറുമായിരുന്നു.

കൈഫ് ഹീറോയായ മത്സരം മാതാ പിതാക്കള്‍ കണ്ടില്ല
നാറ്റ് വെറ്റ് സീരിസ് കിരീടം ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ നേടിയത് ചരിത്രത്തില്‍ അടയാളപ്പെടുത്തിയ സംഭവമാണ്. ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്ന് തോല്‍വിയെ മുന്നില്‍ക്കണ്ട സംഭവത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് മുഹമ്മദ് കൈഫിന്റെ ബാറ്റിങ് പ്രകടനമാണ്. 87 റണ്‍സുമായി കൈഫ് ഇന്ത്യയെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ കിരീടത്തിലേക്കുയര്‍ത്തി. ഇന്ത്യ കൈഫിനെയോര്‍ത്ത് അഭിമാനംകൊണ്ട ഈ മത്സരം പക്ഷെ കൈഫിന്റെ മാതാ പിതാക്കള്‍ കണ്ടില്ല.
കൈഫ് തകര്‍ത്തടിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മാതാ പിതാക്കള്‍ ദേവദാസ് സിനിമ തീയേറ്ററില്‍ കാണുകയായിരുന്നു. മത്സരശേഷം കൈഫിന്റെ സുഹൃത്തുക്കള്‍ സിനിമ തീയേറ്ററിലെത്തിയാണ് കൈഫിന്റെ പ്രകടനത്തെക്കുറിച്ച് മാതാ പിതാക്കളെ അറിയിച്ചത്. തങ്ങളുടെ മകന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാണാന്‍ മാതാ പിതാക്കള്‍ക്ക് ഭാഗ്യമുണ്ടായില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

ബ്രെറ്റ് ലീയെ കൊല്ലുമെന്ന് അക്തര്‍
പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷുഹൈബ് അക്തര്‍, ഓസീസ് പേസര്‍ ബ്രെറ്റ് ലീ എന്നിവരെക്കുറിച്ചറിയാത്ത ക്രിക്കറ്റ് ആരാധകരുണ്ടാവില്ല. രണ്ട് പേരും പേസ് ബൗളിങ്ങുകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചവരാണ്. ഒരിക്കല്‍ ഓസ്‌ട്രേലിയ-പാകിസ്താന്‍ മത്സരത്തിനിടെ അക്തറും ബ്രെറ്റ് ലീയും കൊമ്പുകോര്‍ത്ത ഒരു സംഭവമുണ്ടായി. അക്തര്‍ പന്തെറിയാനെത്തിയപ്പോള്‍ ബ്രെറ്റ് ലീ ധൈര്യത്തോടെ നേരിട്ടത് അക്തറെ പ്രകോപിപ്പിച്ചു.
ഞാന്‍ നിന്നെ കൊല്ലുമെന്ന് അക്തര്‍ ബ്രെറ്റ് ലീയോട് പറഞ്ഞു. എന്നാല്‍ 'ഇല്ല അക്തര്‍, നമ്മള്‍ സുഹൃത്തുക്കളാണ്' എന്നാണ് ബ്രെറ്റ് ലീ മറുപടി നല്‍കിയത്. എന്നാല്‍ ഇത് അക്തറിന്റെ ദേഷ്യത്തെ അവസാനിപ്പിച്ചില്ല. തുടര്‍ച്ചയായി അതിവേഗ പന്തുകളെറിഞ്ഞ ലീയെ പരിക്കേല്‍പ്പിക്കാനുള്ള ശ്രമം അക്തര്‍ നടത്തി. മത്സര ശേഷം ഇത് വലിയ വിവാദമാവുകയും ചെയ്തു.

പനി ബാധിച്ചിട്ടും തളരാതെ ദ്രാവിഡ്
2001ലെ ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ കൊല്‍ക്കത്തയില്‍ നടന്ന മത്സരം ആരാധകര്‍ ഒരിക്കലും മറക്കാത്തതാണ്. ആദ്യ ഇന്നിങ്‌സില്‍ വലിയ ലീഡ് വഴങ്ങിയിട്ടും രണ്ടാം ഇന്നിങ്‌സില്‍ ഗംഭീര തിരിച്ചുവരവ് നടത്തി ഇന്ത്യ വിജയം നേടിയത് ചരിത്രത്തില്‍ അടയാളപ്പെടുത്തിയ സംഭവമാണ്. രണ്ടാം ഇന്നിങ്‌സില്‍ വിവിഎസ് ലക്ഷ്മണും (281) രാഹുല്‍ ദ്രാവിഡും (180) നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് ചരിത്ര ജയം നേടിക്കൊടുത്തത്. ഈ മത്സരത്തില്‍ ദ്രാവിഡ് 353 പന്തുകള്‍ നേരിട്ട് 20 ബൗണ്ടറിയടക്കമാണ് സെഞ്ച്വറി പ്രകടനം നടത്തിയത്. ഈ മത്സരത്തില്‍ ദ്രാവിഡ് ബാറ്റിങ്ങിനിറങ്ങിയത് തന്റെ പനിയെ വകവെക്കാതെയാണ്. ടീമിന് അനിവാര്യമായ സാഹചര്യത്തില്‍ പനി ബാധിച്ചിട്ടും തളരാതെ ബാറ്റ് ചെയ്ത് ടീമിനെ വിജയത്തിലേക്കെത്തിച്ചത് ദ്രാവിഡിന്റെ അര്‍പ്പണ ബോധത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല.


Click it and Unblock the Notifications
