Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നായകനായാല്‍ ഹാര്‍ദിക് അത് ശ്രദ്ധിക്കണം, ഇല്ലെങ്കില്‍ പണികിട്ടും! മുന്നറിയിപ്പുമായി അക്തര്‍

മുംബൈ: ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മ ഇന്ത്യയുടെ നായകസ്ഥാനം ഒഴിയുമെന്ന് ഉറപ്പായിരിക്കുകയാണ്. പരിമിത ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ നായകനാവാനാണ് സാധ്യത കൂടുതല്‍. അടുത്ത വര്‍ഷം ടി20 ലോകകപ്പ് വരാനിരിക്കെ ഹാര്‍ദിക്കിന് കീഴില്‍ പടയൊരുക്കം നടത്താനാണ് ഇന്ത്യ പദ്ധതിയിടുന്നത്. നിലവില്‍ പരിക്കേറ്റ് ടീമിന് പുറത്താണ് ഹാര്‍ദിക്. തിരിച്ചുവരുമ്പോള്‍ ഇന്ത്യയുടെ നായകനായി ഹാര്‍ദിക്കിനെ പ്രഖ്യാപിക്കാനാണ് സാധ്യത കൂടുതല്‍.

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കപ്പിലേക്കെത്തിക്കുകയും രണ്ടാം സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക്. താരം ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്തുമ്പോള്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളത്. എന്നാല്‍ ഇന്ത്യയെപ്പോലെ താരസമ്പന്നമായ ടീമിനെ മുന്നോട്ട് കൊണ്ടുപോവുകയെന്നത് പ്രയാസമുള്ള ജോലിയാണ്. ഇപ്പോഴിതാ ഇന്ത്യയുടെ നായകനാവുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പാക് പേസര്‍ ഷുഹൈബ് അക്തര്‍.

അത് രോഹിത് ശര്‍മയേയും വിരാട് കോലിയേയും ബഹുമാനിച്ച് മുന്നോട്ട് പോവുകയെന്നതാണെന്നാണ് അക്തര്‍ പറയുന്നത്. 'ഹാര്‍ദിക് പാണ്ഡ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ നായകനാവുമ്പോഴുള്ള പ്രധാന വെല്ലുവിളി രോഹിത് ശര്‍മക്കും വിരാട് കോലിക്കും അര്‍ഹിച്ച ബഹുമാനം നല്‍കി മുന്നോട്ട് പോവുകയെന്നതാണ്. ഇന്ന് ഹാര്‍ദിക് മികച്ച താരമായി വളര്‍ന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം രോഹിത്തും കോലിയുമാണ്.

രണ്ട് പേരും നായകന്മാരായിരിക്കെ ഹാര്‍ദിക്കിന് വലിയ പിന്തുണയാണ് നല്‍കിയിട്ടുള്ളത്. കോലിയും രോഹിത്തും ഇന്ത്യയുടെ ഇതിഹാസങ്ങളാണ്. അതുകൊണ്ടുതന്നെ അര്‍ഹിച്ച ബഹുമാനം ഇവര്‍ക്ക് നല്‍കേണ്ടതായുണ്ട്. ധോണി നായകനായപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് വലിയ ബഹുമാനം നല്‍കിയിരുന്നു. കോലി ക്യാപ്റ്റനായപ്പോള്‍ ധോണിക്ക് അര്‍ഹിച്ച ബഹുമാനം നല്‍കി. രോഹിത് നായകനായപ്പോള്‍ കോലിക്ക് ബഹുമാനം നല്‍കിയിരുന്നു.

rohit sharma, virat kohli

ഇപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ നായകനാവുമ്പോള്‍ രോഹിത്തിനേയും കോലിയേയും ബഹുമാനിക്കേണ്ടതായുണ്ട്. ഇരുവരും ആ ബഹുമാനം അര്‍ഹിക്കുന്നവരാണ്'-അക്തര്‍ പറഞ്ഞു. മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മക്ക് കീഴിലാണ് ഹാര്‍ദിക്കിന്റെ വളര്‍ച്ച. ധോണിക്ക് കീഴിലും കോലിക്ക് കീഴിലും രോഹിത്തിന് കീഴിലും ഹാര്‍ദിക് കളിച്ചിട്ടുണ്ട്. ഹാര്‍ദിക്കിന്റെ മോശം സമയത്തും ഇവരെല്ലാം വലിയ പിന്തുണ നല്‍കിയിട്ടുണ്ട്. ഹാര്‍ദിക് നായകനാവുമ്പോള്‍ ഇവരെ ബഹുമാനിച്ച് മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണ്.

എന്നാല്‍ മുന്‍കോപിയായ താരമാണ് ഹാര്‍ദിക്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കുമ്പോള്‍ സീനിയര്‍ താരമായ മുഹമ്മദ് ഷമിയോടടക്കം ഹാര്‍ദിക് ദേഷ്യപ്പെട്ടിരുന്നു. ഈ സ്വഭാവം ഇന്ത്യയുടെ നായകനാവുമ്പോള്‍ കാട്ടിയാല്‍ വലിയ തിരിച്ചടി ഹാര്‍ദിക്കിന് നേരിടേണ്ടി വന്നേക്കും. നിലവില്‍ പരിക്കേറ്റ ഹാര്‍ദിക് ഇന്ത്യന്‍ ടീമിന് പുറത്താണ്. അടുത്ത ഐപിഎല്ലിലൂടെ ഹാര്‍ദിക് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം.

സീനിയര്‍ താരങ്ങളെ ഒരുമിച്ച് കൊണ്ടുപോവുകയെന്നതാണ് ഹാര്‍ദിക്കിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. അടുത്ത ടി20 ലോകകപ്പ് ഹാര്‍ദിക്കിന് നിര്‍ണ്ണായകമാണ്. നായകനെന്ന നിലയില്‍ ടീമിനെ കപ്പിലേക്കെത്തിക്കാനാവാത്ത പക്ഷം ഹാര്‍ദിക്കിന് നായകസ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ടി വരും. ഇടക്കിടെ പരിക്കേല്‍ക്കുന്നത് ഹാര്‍ദിക്കിന്റെ കരിയറില്‍ വലിയ തിരിച്ചടിയാവുന്നുണ്ട്. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ നയിക്കുന്നത്.

അതേ സമയം രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യക്കായി ടി20യില്‍ ഇനി കളിക്കില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇതിനെക്കുറിച്ചും അക്തര്‍ പ്രതികരിച്ചു. 'വിരാട് കോലിയിലും രോഹിത് ശര്‍മയിലും ഇനിയുമേറെ ക്രിക്കറ്റ് ശേഷിക്കുന്നുണ്ട്. നിലവില്‍ രോഹിത് ശര്‍മയെക്കാളും മികച്ച ഓപ്പണര്‍ ആരാണ്?.അത്തരമൊരാളെ കണ്ടെത്താനാവില്ല'-അക്തര്‍ കൂട്ടിച്ചേര്‍ത്തു. 2023ല്‍ കോലിയും രോഹിത്തും ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇരുവരും ഇനി ഇന്ത്യക്കായി ടി20 കളിക്കാന്‍ സാധ്യതയില്ലെന്നതാണ് വസ്തുത.

Story first published: Saturday, November 25, 2023, 14:53 [IST]
Other articles published on Nov 25, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+