
വ്യത്യസ്തമായ ബൗളിങ് ആക്ഷനുള്ള ബുംറക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിനിടെ തുടര്‍ച്ചയായി മത്സരം കളിക്കുന്നത് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതല്‍ ഉയര്‍ത്തും. ഇപ്പോഴിതാ ബുംറക്ക് വിശ്രമം നല്‍കണമെന്നും ഇങ്ങനെ തുടര്‍ച്ചയായി കളിക്കുന്നത് ജസ്പ്രീത് ബുംറയുടെ കരിയറിനെ പ്രതികൂലമായി ബാധിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷുഹൈബ് അക്തര്‍.

ബൗളിങ് ആക്ഷന്‍ പരിക്ക് സാധ്യത ഉയര്‍ത്തുന്നു
പരിക്കിന്റെ സാധ്യതകള്‍ ഉയര്‍ത്തുന്ന ബൗളിങ് ആക്ഷനാണ് ബുംറയുടേത്. തോളിനെ നന്നായി ഉപയോഗപ്പെടുത്തുന്ന ബൗളറാണവന്‍. അതിനാല്‍ത്തന്നെ ഒരു പരമ്പരക്ക് ശേഷം ഒരു ഇടവേളയെന്ന നിലയിലേക്ക് ബുംറ തീരുമാനം എടുക്കണം. തോളിന് കാര്യമായി പരിക്കേറ്റാല്‍ അതിന്റെ പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുക എളുപ്പമാവില്ല. ഷെയ്ന്‍ ബോണ്ടും ഇത്തരത്തിലുള്ള പേസ് ബൗളറായിരുന്നു. അതിനാല്‍ത്തന്നെ ആലോചിക്കേണ്ടത് ബുംറയാണ്. എല്ലാ മത്സരങ്ങളും തുടര്‍ച്ചയായി കളിച്ചാല്‍ ഒരു വകര്‍ഷത്തിനുള്ളില്‍ അവന് എല്ലാം നഷ്ടമാവും. അതിനാല്‍ത്തന്നെ ജോലി ഭാരത്തെ അവന്‍ നിയന്ത്രിക്കേണ്ടതായുണ്ട്'-അക്തര്‍ പറഞ്ഞു.

ഇന്ത്യക്ക് തിരക്കേറിയ പരമ്പരകള്‍
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് മുന്നിലുള്ള അടുത്ത വെല്ലുവിളി. അതിന് പിന്നാലെ തന്നെ ഐപിഎല്‍2021 രണ്ടാം പാദം നടക്കും. മുംബൈ ഇന്ത്യന്‍സ് നിരയില്‍ തീര്‍ച്ചയായും ബുംറയുണ്ടാവും. തൊട്ടുപിന്നാലെ ടി20 ലോകകപ്പും വരുന്നുണ്ട്. തുടര്‍ച്ചയായുള്ള ഈ പരമ്പരകള്‍ ബുംറയുടെ പരിക്കിന്റെ സാധ്യകള്‍ ഉയര്‍ത്തുന്നതാണ്. ലോകകപ്പിന് മുമ്പ് ബുംറക്ക് പരിക്കേറ്റാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവും.

ബുംറയുടെ പ്രകടനങ്ങളിലൂടെ
20 ടെസ്റ്റില്‍ നിന്ന് 83 വിക്കറ്റുകളാണ് ജസ്പ്രീത് ബുംറ വീഴ്ത്തിയത്. ഇതില്‍ അഞ്ച് വിക്കറ്റ് പ്രകടനം അഞ്ച് തവണ നടത്തിയിട്ടുണ്ട്. മികച്ച ബൗളിങ് പ്രകടനം 27 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ്. 67 ഏകദിനത്തില്‍ നിന്ന് 108 വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനം മാത്രമാണുള്ളത്. 27 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 49 ടി20യില്‍ നിന്ന് 59 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. നിലവിലെ ഏറ്റവും മികച്ച ഡെത്ത് ഓവര്‍ ബൗളര്‍മാരിലൊരാളാണ് ബുംറ.


Click it and Unblock the Notifications