ക്രിക്കറ്റ് ലോകം ഒരു കാലത്തു ഏറ്റവുമധികം കാണാന്‍ ആഗ്രഹിച്ച താരപ്പോരാട്ടമായിരുന്നു ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും പാകിസ്താന്‍ സ്പീഡ് സ്റ്റാര്‍ ഷുഐബ് അക്തറും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍. നിരവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങളായിരുന്നു ഇരുവരും മുഖാമുഖം വന്നപ്പോള്‍ അതു ക്രിക്കറ്റ് പ്രേമികള്‍ക്കു സമ്മാനിച്ചത്.
ചില പോരാട്ടങ്ങളില്‍ അവാസാനത്തെ ചിരി സച്ചിനായിരുന്നെങ്കില്‍ ചിലതിലാവട്ടെ അക്തറിനായിരുന്നു അന്തിമ വിജയം. കളിക്കളത്തില്‍ ബദ്ധവൈരികളായിരുന്നെങ്കിലും പുറത്ത് ഇപ്പോഴും വളരെ നല്ല സുഹൃത്തുക്കളാണ് സച്ചിനും അക്തറും. ഇപ്പോഴിതാ സച്ചിനെക്കുറിച്ച് കൗതുകകരമായ ഒരു അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് റാവല്‍പിണ്ടി എക്‌സ്പ്രസ്.

താനുള്‍പ്പെടെ വ്യത്യസ്ത കാലഘട്ടങ്ങളില്‍ ലോക ക്രിക്കറ്റിനെ വിറപ്പിച്ചിട്ടുള്ള ബൗളര്‍മാരെയെല്ലാം നേരിടേണ്ടി വന്ന 'നിര്‍ഭാഗ്യവാനായ' താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കറെന്നും ഇതു കാരണം തനിക്കു അദ്ദേഹത്തോടു സഹതാപം തോന്നുന്നുവെന്നും ഷുഐബ് അക്തര്‍ വ്യക്തമാക്കി. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കത്തിനില്‍ക്കുന്ന സമയത്തു വസീം അക്രമിനെ സച്ചിനു നേരിടേണ്ടി വന്നുവെന്നതാണ് ഒരു കാര്യം. വഖാര്‍ യൂനുസ് അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം നടത്തിക്കൊണ്ടിരിക്കെയും സച്ചിന് അദ്ദേഹത്തിനെതിരേ ബാറ്റ് ചെയ്യേണ്ടി വന്നുവെന്നു ഷുഐബ് അക്തര്‍ പറഞ്ഞു.
വസീം അക്രം, വഖാര്‍ യൂനുസ് എന്നിവര്‍ക്കെതിരേ മാത്രമല്ല ഓസ്‌ട്രേലിയയുടെ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്ത്, ഇതിഹാസ സ്പിന്നറായിരുന്ന ഷെയ്ന്‍ വോണ്‍ തുടങ്ങിയവരെയും അവരുടെ ഏറ്റവും മികച്ച ഫോമിലുള്ളപ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു നേരിടേണ്ടതായി വന്നു. ഈയൊരു തലമുറ ക്രിക്കറ്റില്‍ നിന്നും പിന്മാറിയ ശേഷവും സച്ചിനു രക്ഷയുണ്ടായില്ല.
10 വര്‍ഷത്തിനു ശേഷം ഭൂമിയിലെ ഏറ്റവും വേഗമേറിയ ഫാസ്റ്റ് ബൗളര്‍ വന്നു. ആ ബൗളറെയും സച്ചിനു നേരിടേണ്ടതായി വന്നു. സച്ചിന്‍ എന്താണ് ഇവര്‍ക്കെതിരേ ചെയ്തത്? 90കളുടെ തുടക്കത്തിലെ ആ ഇതിഹാസ ബൗളര്‍മാരെയെല്ലാം അദ്ദേഹം അടിച്ചു പറത്തി. 90കളുടെ അവസാനത്തോടെ എത്തിയ ബൗളര്‍മാരെയും സച്ചിന്‍ ശരിക്കും പ്രഹരിച്ചു. ഞാനുള്‍പ്പെടെ ഇക്കൂട്ടത്തിലുണ്ടെന്നും ഷുഐബ് അക്തര്‍ വ്യക്തമാക്കി.
ഈ കാരണങ്ങളാല്‍ തന്നെയാണ് സച്ചിന്‍ ടെണ്ടുല്‍ക്കറോടു എനിക്കു സഹതാപം തോന്നുന്നത്. ഞങ്ങളുള്‍പ്പെടെ കരിയറില്‍ ഒരുപാട് വലിയ ബൗളര്‍മാരെ അദ്ദേഹത്തിനു നേരിടേണ്ടതായി വന്നിട്ടുണ്ട്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് നിരയ്‌ക്കെതിരേയെല്ലാം സച്ചിന്‍ ബാറ്റ് ചെയ്തു. എനിക്കു അദ്ദേഹത്തെക്കുറിച്ച് ഏറെ അഭിമാനമുണ്ട്.

കാരണം ലോകത്തിലെ ഏറ്റവും അപകടകാരികളായ ഫാസ്റ്റ് ബൗളര്‍മാരെയെല്ലാം നേരിട്ടിട്ടുള്ള ബാറ്ററാണ് സച്ചിന്‍. അവരെയെല്ലാം ഉജ്ജ്വലമായി നേരിട്ട് പതിനായിരക്കണക്കിനു റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. സച്ചിനേക്കാള്‍ വലിയൊരു പ്ലെയര്‍ ലോക ക്രിക്കറ്റില്‍ മറ്റാരെങ്കിലുമുണ്ടെന്നു എനിക്കു തോന്നുന്നില്ലെന്നും ഷുഐബ് അക്തര്‍ കൂട്ടിച്ചേര്‍ത്തു.
ലോക ക്രിക്കറ്റിലെ ഭൂരിഭാഗം ബാറ്റിങ് റെക്കോര്‍ഡുകളും തന്റെ പേരില്‍ കുറിച്ച ശേഷമായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങറിയത്. അദ്ദേഹത്തിന്റെ ഭൂരിഭാഗം റെക്കോര്‍ഡുകളും ഭാവിയിലും ഇനിയാരെങ്കിലും തകര്‍ക്കാനുള്ള സാധ്യത തീരെ കുറവാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറികളില്‍ സെഞ്ച്വറി തികച്ച ലോകത്തിലെ ഒരേയൊരു താരം മാസ്റ്റര്‍ ബ്ലാസ്റ്ററാണ്. ഏകദിനത്തില്‍ കന്നി ഡബിള്‍ സെഞ്ച്വറി കുറിച്ച് ലോക റെക്കോര്‍ഡ് കുറിച്ചതും സച്ചിന്‍ തന്നെ. ടെസ്റ്റില്‍ 15,921ഉം ഏകദിനത്തില്‍ 18,426ഉം റണ്‍സ് അദ്ദേഹം വാരിക്കൂട്ടിയിട്ടുണ്ട്. ടെസ്റ്റില്‍ 51ഉം ഏകദിനത്തില്‍ 49ഉം സെഞ്ച്വറികള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തന്റെ പേരില്‍ കുറിക്കുകയും ചെയ്തു.