മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സൂപ്പര്‍ ഓപ്പണര്‍മാരിലൊരാളായ ശിഖര്‍ ധവാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള ധവാന്‍ 38ാം വയസിലാണ് വിരമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ധവാന്‍ വിരമിക്കുമ്പോള്‍ വലിയ ചോദ്യങ്ങളാണ് ഉയരുന്നത്. ഇതിലും മികച്ച രീതിയിലുള്ള യാത്രയയപ്പ് അര്‍ഹിച്ചിരുന്ന താരമാണ് ശിഖര്‍ ധവാന്‍.
എന്നാല്‍ വിരമിക്കല്‍ മത്സരം പോലും ലഭിക്കാതെ അദ്ദേഹത്തിന് പടി ഇറങ്ങേണ്ടി വന്നിരിക്കുകയാണ്. വലിയ യാത്രയയപ്പ് അര്‍ഹിക്കുന്നവരില്‍ ഒരാളായിട്ടും ധവാന് എന്തുകൊണ്ടാണ് വിരമിക്കല്‍ മത്സരം പോലും ലഭിക്കാതിരുന്നതെന്ന ചോദ്യം പലരും ചോദിക്കുന്നുണ്ട്. ഇന്ത്യന്‍ ടീം അവസാന സമയത്ത് വേണ്ടവിധം ഉപയോഗിക്കാത്ത താരമാണ് ധവാന്‍. ടെസ്റ്റിലും ഏകദിനത്തിലും 40ന് മുകളില്‍ ശരാശരിയുള്ള താരമാണ് ധവാന്‍. എന്നിട്ടും ധവാന് അര്‍ഹിച്ച യാത്രയയപ്പ് ലഭിച്ചില്ല.
എന്നാല്‍ അര്‍ഹിച്ച വിരമിക്കല്‍ ലഭിക്കാത്ത ആദ്യത്തെ താരമല്ല ധവാന്‍. ഈ പട്ടികയില്‍ മറ്റ് ചില പ്രമുഖരുമുണ്ട്. ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം വീരേന്ദര്‍ സെവാഗാണ്. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായ സെവാഗ് ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത ഓപ്പണര്‍മാരിലൊരാളാണ്. ബൗളര്‍മാരുടെ അന്തകനായ സെവാഗിന് വിരമിക്കല്‍ മത്സരം ലഭിച്ചില്ല. കരിയറിന്റെ അവസാന സമയത്ത് എംഎസ് ധോണിയുമായി സെവാഗിന് ഭിന്നതയുണ്ടായിരുന്നു.
നായകസ്ഥാനത്ത് ധോണിയായിരുന്നതിനാല്‍ സെവാഗിന് അര്‍ഹിച്ച യാത്രയയപ്പ് നല്‍കാന്‍ വലിയ താല്‍പര്യം കാട്ടിയില്ല. ഇതോടെ ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറിയും ഏകദിനത്തില്‍ ഒരു ഇരട്ട സെഞ്ച്വറിയും നേടിയിട്ടുള്ള സെവാഗിന് വിരമിക്കല്‍ മത്സരം പോലും ലഭിക്കാതെ പടിയിറങ്ങേണ്ടി വന്നു. ഇതിന് കാരണം ധോണിയാണെന്ന് ആരോപിക്കുന്ന ഒരു വിഭാഗം ആരാധകര്‍ ഇപ്പോഴും സജീവമാണെന്ന് തന്നെ പറയാം.

മറ്റൊരു താരം യുവരാജ് സിങ്ങാണ്. ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് യുവരാജ് സിങ്. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ അലമാരയിലെത്തിച്ചത് യുവരാജിന്റെ മികവിലാണ്. ഒരോവറിലെ ആറ് പന്തുകളും സിക്‌സര്‍ പായിച്ചിട്ടുള്ള താരങ്ങളിലൊരാളാണ് യുവരാജ് സിങ്. 2011 ഏകദിന ലോകകപ്പിലെ താരമായത് യുവരാജ് സിങ്ങാണ്. എന്നാല്‍ അര്‍ഹിച്ച യാത്രയയപ്പ് യുവരാജിന് ലഭിച്ചില്ല. അര്‍ബുദ ബാധിതനായി യുവി ഇടവേളയെടുത്തിരുന്നു.
തിരിച്ചുവരവില്‍ യുവിക്ക് പഴയ മികവ് കാട്ടാനായില്ല. പ്രതിസന്ധിയില്‍ യുവരാജിനെ ധോണി പിന്തുണച്ചില്ലെന്ന ആരോപണം യുവരാജിന്റെ പിതാവ് പലവട്ടം ഉന്നയിച്ചിട്ടുണ്ട്. എന്തായാലും ഇന്ത്യയുടെ ആരാധക മനസില്‍ വലിയ സ്ഥാനം നേടിയ യുവരാജിന് അര്‍ഹിച്ച യാത്രയയപ്പല്ല ലഭിച്ചതെന്ന് നിസംശയം പറയാം. ഇന്ത്യന്‍ ആരാധകരുടെ ഹീറോയും ഇതിഹാസ നായകനുമായ എംഎസ് ധോണിക്കും വിരമിക്കല്‍ മത്സരം ലഭിച്ചില്ല. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ കിവീസിനോട് തോറ്റു.
അന്ന് ധോണിയുടെ റണ്ണൗട്ടാണ് ഇന്ത്യയെ തോല്‍വിയിലേക്കെത്തിച്ചത്. ഇതോടെ ധോണി കടുത്ത നിരാശയിലായി. പിന്നീട് ഇന്ത്യക്കായി കളിക്കാന്‍ ധോണി തയ്യാറായില്ല. ധോണിക്ക് വിരമിക്കല്‍ മത്സരമൊരുക്കാന്‍ ബിസിസി ഐ പദ്ധതിയിട്ടതായിരുന്നു. എന്നാല്‍ ധോണി തന്നെയാണ് ഇത് തടുത്തത്. എന്തായാലും വിരമിക്കല്‍ മത്സരത്തിന് കാത്ത് നില്‍ക്കാതെയാണ് ധോണി പടിയിറങ്ങിയത്. ഇന്ത്യയെ മൂന്ന് ഐസിസി ട്രോഫിയിലേക്കെത്തിച്ച നായകനാണ് ധോണി.
സുരേഷ് റെയ്‌നക്കും വിരമിക്കല്‍ മത്സരം ലഭിച്ചില്ല. എംഎസ് ധോണിയോടൊപ്പം വിരമിക്കല്‍ പ്രഖ്യാപിച്ച താരമാണ് റെയ്‌ന. കുഞ്ഞ് ജനിച്ചതിന് പിന്നാലെ അദ്ദേഹം കൂടുതല്‍ കുടുംബത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയതോടെ കരിയര്‍ പിന്നോട്ട് പോയി. എന്തായാലും വിരമിക്കല്‍ മത്സരം റെയ്‌ന അര്‍ഹിച്ചിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ഇത് ലഭിക്കാതെ പോയി.