ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരിലൊരാളാണ് ശിഖര്‍ ധവാന്‍. ഇടം കൈയന്‍ ബാറ്റിങ്ങുകൊണ്ട് ബൗളര്‍മാരെ വേട്ടയാടിയിരുന്ന ധവാനെ ഗബ്ബാറെന്ന വിശേഷണം നല്‍കിയാണ് ആരാധകര്‍ വാഴ്ത്തിയത്. ഐസിസി ടൂര്‍ണമെന്റുകളില്‍ തകര്‍പ്പന്‍ റെക്കോഡുള്ള ധവാന്‍ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനാണ് ധവാന്‍. എന്നാല്‍ സ്‌ട്രൈക്കറേറ്റ് മോശമാണെന്ന കാരണത്താലാണ് ധവാനെ ഇന്ത്യ ടീമില്‍ നിന്ന് തഴഞ്ഞത്.
ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും ധവാന് ഇന്ത്യ ഇടം നല്‍കുന്നില്ല. രോഹിത് ശര്‍മക്കൊപ്പം ശുബ്മാന്‍ ഗില്ലാണ് ഇപ്പോള്‍ ഓപ്പണറാവുന്നത്. ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ധവാന്‍ ഉണ്ടാകില്ലെന്ന് ഉറപ്പായിരുന്നു. എന്നാല്‍ ഏഷ്യന്‍ ഗെയിംസില്‍ ധവാനെ ക്യാപ്റ്റനാക്കി ഇന്ത്യ ടീമിനെ ഇറക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. പക്ഷെ ടീം പ്രഖ്യാപിച്ചപ്പോള്‍ റുതുരാജ് ഗെയ്ക്‌വാദാണ് ടീമിന്റെ ക്യാപ്റ്റന്‍. ധവാന് ടീമില്‍ പോലും ഇടം ലഭിച്ചില്ല.

ഏഷ്യന്‍ ഗെയിംസിലൂടെ ധവാന് വിരമിക്കാനുള്ള അവസരമൊരുക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അതുണ്ടായില്ല. ഇപ്പോഴിതാ ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ നിന്ന് തഴഞ്ഞതിലുള്ള നിരാശ തുറന്ന് പറഞ്ഞിരിക്കുകയാണ് ശിഖര്‍ ധവാന്‍. ഞെട്ടിപ്പിക്കുന്ന തീരുമാനമാണെന്നാണ് ധവാന്‍ പറഞ്ഞത്. 'ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ എന്റെ പേരില്ലാത്തത് ഞെട്ടിപ്പിക്കുന്നതായിരുന്നു.
എന്നാല്‍ പിന്നീട് ടീമിന്റെ മറ്റൊരു പദ്ധതിയെന്ന നിലയില്‍ ഇതിനെ അംഗീകരിച്ചു. റുതുരാജ് ടീമിനെ നയിക്കുന്നതില്‍ സന്തോഷം. മികച്ച യുവതാരങ്ങള്‍ ടീമിലുണ്ട്. അവര്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്ന് എനിക്കുറപ്പുണ്ട്. ഇന്ത്യന്‍ ടീമിലേക്ക് എപ്പോള്‍ വിളിയെത്തിയാലും ഞാന്‍ തയ്യാറാണ്. അതിനായി എപ്പോഴും മുന്നൊരുക്കം നടത്തിയാണ് ഞാനിരിക്കുന്നത്. സാധ്യതകള്‍ 10 ശതമാനമാണെങ്കിലും ഞാന്‍ മുന്നൊരുക്കം നടത്തിക്കൊണ്ടേയിരിക്കും.
കഠിന പരിശീലനം നടത്തുന്നുണ്ട്. ഇപ്പോഴും ക്രിക്കറ്റിനെ ആസ്വദിക്കുന്നു. ഇതെല്ലാമാണ് എന്റെ നിയന്ത്രണത്തിലുള്ള കാര്യം. ടീം സെലക്ഷന്‍ എന്റെ പരിധിക്ക് പുറത്തുള്ളതാണ്' - ധവാന്‍ പറഞ്ഞു. ടീമിന്റെ വിജയത്തിന് എപ്പോഴും പ്രാധാന്യം നല്‍കുന്ന താരമാണ് ധവാന്‍. തന്നെ മാറ്റി ശുബ്മാന്‍ ഗില്ലിനെ ഓപ്പണറാക്കിയപ്പോള്‍ ധവാന്‍ ഒരിക്കല്‍ പോലും സെലക്ടര്‍മാരെ പഴിച്ചില്ല. നിലവിലെ ഫോമില്‍ തന്നെക്കാളും മികച്ചവന്‍ ഗില്ലാണെന്നാണ് ധവാന്‍ പറഞ്ഞത്.
യുവതാരങ്ങള്‍ വളര്‍ന്നുവരുന്നതിനെ പിന്തുണക്കുന്ന കളിക്കാരനാണ് ധവാന്‍. എന്നാല്‍ ഏഷ്യന്‍ ഗെയിംസില്‍ ധവാനെപ്പോലൊരു സീനിയര്‍ താരത്തിന്റെ ആവശ്യം ഇന്ത്യക്കുണ്ടായിരുന്നു. തീര്‍ത്തും യുവതാരങ്ങളെ മാത്രം പരിഗണിച്ച് ഇറങ്ങുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. സീനിയര്‍ താരങ്ങളുടെ അഭാവം ഇന്ത്യയെ തളര്‍ത്തുകയും സ്വര്‍ണ്ണ മെഡല്‍ നേടാന്‍ സാധിക്കാതെ പോവുകയും ചെയ്താല്‍ അത് വലിയ നാണക്കേടായി മാറിയേക്കും.
തന്റെ ഭാവിയിലെ പദ്ധതികളെക്കുറിച്ചും ധവാന്‍ മനസ് തുറന്നു. 'എന്റെ ഭാവിയിലെ സാധ്യതകളെക്കുറിച്ച് ഒരു സെലക്ടറോടും സംസാരിച്ചിട്ടില്ല. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തുന്നുണ്ട്. ഇവിടുത്തെ സംവിധാനങ്ങള്‍ വളരെ മികച്ചതാണ്. ഐപിഎല്ലിനായുള്ള മുന്നൊരുക്കവും ഇവിടെ നടത്തുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഞാന്‍ കളിക്കുന്നുണ്ട്. വിജയ് ഹസാരെ ട്രോഫിയിലും കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്'-ധവാന്‍ കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികവ് തുടര്‍ന്നാലും ധവാന് ദേശീയ ടീമിലേക്ക് മടങ്ങിവരവ് കടുപ്പമാവും. ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, യശ്വസി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഓപ്പണിങ്ങില്‍ നോട്ടമിടുന്നവരാണ്. ഇവരെയെല്ലാം മറികടന്ന് 37കാരനായ ധവാന് മടങ്ങിയെത്തുക പ്രയാസമാണെന്നതാണ് വസ്തുത.
34 ടെസ്റ്റില്‍ നിന്ന് 2315 റണ്‍സും 167 ഏകദിനത്തില്‍ നിന്ന് 6793 റണ്‍സും 68 ടി20യില്‍ നിന്ന് 1759 റണ്‍സുമാണ് ധവാന്റെ പേരിലുള്ളത്. 217 ഐപിഎല്ലില്‍ നിന്നായി 6616 റണ്‍സും അദ്ദേഹം നേടി.