IND vs SL: ഇന്ത്യയുടെ സാധ്യതാ ഏകദിന ഇലവന്‍- വിക്കറ്റ് കാക്കാന്‍ സഞ്ജു, സക്കരിയ അരങ്ങേറും
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പര ഈ മാസം നടക്കാനിരിക്കെ പുതിയ നായകന്‍ ശിഖര്‍ ധവാനു കീഴില്‍ ടീമിന്റെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലാണ് ഇന്ത്യ ആദ്യമിറങ്ങുക. പിന്നാലെ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയും നടക്കും.
നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകളുമടങ്ങുന്നതാണ് ഇന്ത്യന്‍ സംഘം. ഒരുപിടി പുതുമുഖങ്ങള്‍ ടീമിനൊപ്പമുണ്ടെങ്കിലും ഇവരില്‍ എല്ലാവര്‍ക്കും അരങ്ങേറാന്‍ അവസരം ലഭിക്കണമെന്നില്ല. കോച്ച് രാഹുല്‍ ദ്രാവിഡ് തന്നെ ഇക്കാര്യം പറയുകയും ചെയ്തിരുന്നു. പരമ്പര വിജയം ലക്ഷ്യമിട്ട് ഏറ്റവും മികച്ച ടീമിനെ ആയിരിക്കും ഇന്ത്യ പരീക്ഷിക്കുകയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഏകദിനത്തില്‍ ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍ എങ്ങനെയായിരിക്കുമെന്നു പരിശോധിക്കാം.

ധവാന്‍- പൃഥ്വി ഓപ്പണിങ്
നായകന്‍ ധവാനും യുവതാരം പൃഥ്വി ഷായും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാനാണ് സാധ്യത കൂടുതല്‍. മലയാളി താരം ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ഗെയ്്ക്വാദ് എന്നിവരും ഓപ്പണര്‍മാരായി ടീമിലുണ്ടെങ്കിലും ധവാന്‍-പൃഥ്വി ജോടിക്കാണ് മുന്‍തൂക്കം. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി ഓപ്പണ്‍ ചെയ്യുന്നവരാണെന്നതും ഈ സഖ്യത്തിന് പ്ലസ് പോയിന്റാണ്. ഈ സീസണിലെ മിക്ക മല്‍സരങ്ങളിലും ധവാന്‍-പൃഥ്വി ജോടി ഡിസിക്കു മികച്ച തുടക്കം നല്‍കിയിരുന്നു.
മൂന്നാം നമ്പറില്‍ പരിചയസമ്പന്നനായ മനീഷ് പാണ്ഡെയ്ക്കാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. നാലാമനായി സൂര്യകുമാര്‍ യാദവും ഇറങ്ങും. ഏകദിനത്തില്‍ സൂര്യയുടെ അരങ്ങേറ്റം കൂടിയായിരിക്കും ഇത്. സൂര്യ-പാണ്ഡെ എന്നിവരെ മൂന്നും നാലും നമ്പറുകളില്‍ മാറി മാറി പരീക്ഷിക്കാനും സാധ്യതയുണ്ട്.

സഞ്ജു വിക്കറ്റ് കാക്കും
വിക്കറ്റ് കീപ്പര്‍മാരായി മലയാളി താരം സഞ്ജു സാംസണും ഇഷാന്‍ കിഷനുമാണ് ഇന്ത്യന്‍ ടീമിലുള്ളത്. ഇവരില്‍ സഞ്ജുനിനെ റോള്‍ ഏല്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി സഞ്ജു മികച്ച ബാറ്റിങ് കാഴ്ചവച്ചിരുന്നു. ഇഷാനാവട്ടെ മുംബൈ ഇന്ത്യന്‍സിനൊപ്പം നിരാശപ്പെടുത്തുകയും ചെയ്തിരുന്നു.
സഞ്ജുവിനു ശേഷം ക്രീസിലെത്തുക ഓള്‍റൗണ്ടര്‍മാരും സഹോദരന്‍മാരുമായ ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവരായിരിക്കും.

ബൗളിങ് നിര
യുസ്വേന്ദ്ര ചഹലായിരിക്കും ടീമിലെ ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. മൂന്നു പേരായിരിക്കും പേസ് ബൗളിങ് കൈകാര്യം ചെയ്യുക. പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത് വൈസ് ക്യാപ്റ്റനും പരിചയസമ്പന്നനുമായ ഭുവനേശ്വര്‍ കുമാറായിരിക്കും. ദീപക് ചഹറായിരിക്കും ഇലവനിലെ രണ്ടാമത്തെ പേസര്‍. മൂന്നാമനായി പുതുമുഖം ചേതന്‍ സക്കരിയക്കു നറുക്കുവീണേക്കും. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി നടത്തിയ മിന്നുന്ന പ്രകടനമാണ് സക്കരിയക്കു ആദ്യമായി ഇന്ത്യന്‍ ടീമില്‍ ഇടംനേടിക്കൊടുത്തത്.

ഇന്ത്യയുടെ സാധ്യതാ ഏകദിന ഇലവന്‍
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, യുസ്വേന്ദ്ര ചഹല്‍, ചേതന്‍ സക്കരിയ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications