മുംബൈ: രഞ്ജി ട്രോഫിയില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് ശാര്‍ദ്ദുല്‍ ഠാക്കൂര്‍. ജമ്മു കാശ്മീരിനെതിരേ സെഞ്ച്വറിയടക്കം നേടി ഹീറോയായ ശാര്‍ദ്ദുല്‍ ഇപ്പോഴിതാ ഹാട്രിക് വിക്കറ്റുകളോടെയാണ് കൈയടി നേടുന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യേണ്ടി വന്ന മേഘാലയയെ നാണംകെടുത്തുന്ന പ്രകടനമാണ് ശാര്‍ദ്ദുല്‍ ന്യൂബോളില്‍ കാഴ്ചവെച്ചത്. നാലാമന്‍ ബാലചന്ദ്ര അനിരുദ്ധിനെ ഡെക്കാക്കിയാണ് ശാര്‍ദ്ദുല്‍ ഠാക്കൂര്‍ തുടങ്ങിയത്. തൊട്ടടുത്ത പന്തുകളില്‍ സുമിത് കുമാറിനേയും ജസ്‌കീരത് സിങ്ങിനേയും പുറത്താക്കിയതോടെയാണ് ശാര്‍ദ്ദുല്‍ ഹാട്രിക്കിലേക്കെത്തിയത്.
ആഭ്യന്തര ക്രിക്കറ്റിലെ ശാര്‍ദ്ദുലിന്റെ ആദ്യത്തെ ഹാട്രിക്കാണിത്. മിന്നും പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷയിലാണ് ശാര്‍ദ്ദുല്‍. ടീം തകര്‍ന്നടിയുന്ന സാഹചര്യങ്ങളില്‍ ഒറ്റയാള്‍ പ്രകടനങ്ങളോടെ ടീമിനെ കരകയറ്റുന്നതില്‍ ശാര്‍ദ്ദുലിന് സവിശേഷമായ മികവുണ്ട്. അതുകൊണ്ടാണ് ലോര്‍ഡ് ശാര്‍ദ്ദുല്‍ എന്ന വിശേഷണം ആരാധകര്‍ അദ്ദേഹത്തിന് നല്‍കുന്നത്. മുംബൈക്കായി തകര്‍പ്പന്‍ പ്രകടനടങ്ങളോടെ ആഭ്യന്തര ക്രിക്കറ്റില്‍ ശാര്‍ദ്ദുല്‍ കസറുകയാണ്.
2 റണ്‍സിന് മേഘാലയയുടെ 6 വിക്കറ്റ് വീണു
മുംബൈ ബൗളര്‍മാരുടെ സര്‍വാധിപത്യമാണ് മത്സരത്തില്‍ കണ്ടത്. ഓപ്പണര്‍ നിശാന്ത ചക്രബോര്‍ത്തിയെ പുറത്താക്കി ശാര്‍ദ്ദുല്‍ ഠാക്കൂറാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. പിന്നാലെ മോഹിത് അവസ്തിയും സില്‍വെസ്റ്റര്‍ ഡിസൂസയും ഷാംസ് മുളാനിയുമെല്ലാം മികവ് കാട്ടിയതോടെ മേഘാലയ വെറും 86 റണ്‍സില്‍ കൂടാരം കയറി. മേഘാലയന്‍ നിരയില്‍ ആര്‍ക്കും തന്നെ പിടിച്ചുനില്‍ക്കാത്ത തരത്തിലുള്ള ശക്തമായ ബൗളിങ് പ്രകടനമാണ് മുംബൈ കാഴ്ചവെച്ചത്.
രണ്ട് റണ്‍സിനിടെ ആറ് വിക്കറ്റുകള്‍ മേഘാലയക്ക് നഷ്ടമായി. എന്നാല്‍ അവിടെ നിന്ന് 86 എന്ന സ്‌കോറിലേക്കെത്താന്‍ മേഘാലയക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. വാലറ്റം തുണച്ചില്ലായിരുന്നെങ്കില്‍ വലിയ നാണക്കേടിലേക്ക് മേഘാലയക്ക് പോകേണ്ടി വന്നേനെ. 10 റണ്‍സ് പോലും തികച്ചെടുക്കാന്‍ മേഘാലയക്ക് സാധിക്കില്ലേയെന്ന് തോന്നിച്ചിടത്തുനിന്നാണ് 86ലേക്ക് ടീം എത്തിയത്. മുംബൈക്കായി ശാര്‍ദ്ദുല്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ മോഹിത് മൂന്നും സില്‍വെസ്റ്റര്‍ രണ്ടും മുളാനി ഒരു വിക്കറ്റും നേടി.

ശാര്‍ദ്ദുലിനെ ഇംഗ്ലണ്ട് പരമ്പരക്ക് പരിഗണിക്കുമോ?
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് പേസ് ഓള്‍റൗണ്ടര്‍മാരുടെ അഭാവം. ഹാര്‍ദിക് പാണ്ഡ്യ ടെസ്റ്റ് കളിക്കില്ലെന്ന് ഉറപ്പാണ്. പുതിയതായി ടീം കണ്ടെത്തിയ നിതീഷ് കുമാര്‍ റെഡ്ഡി ഭേദപ്പെട്ട് നില്‍ക്കുന്നുണ്ടെങ്കിലും ബൗളിങ്ങില്‍ മികവ് കാട്ടുന്നില്ല. ഈ സാഹചര്യത്തില്‍ ശാര്‍ദ്ദുല്‍ ഠാക്കൂറിന് തിരിച്ചുവരാന്‍ ഇനിയും സമയമുണ്ട്. ജമ്മു കാശ്മീരിനെതിരേ മുംബൈ തോറ്റപ്പോഴും കൈയടി നേടാന്‍ ശാര്‍ദ്ദുലിന് സാധിച്ചിരുന്നു.
മധ്യനിരയിലിറങ്ങി ശാര്‍ദ്ദുല്‍ സെഞ്ച്വറി പ്രകടനവും അര്‍ധ സെഞ്ച്വറിയും നേടി. രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും നിരാശപ്പെടുത്തിയ മത്സരത്തിലാണ് ശാര്‍ദ്ദുല്‍ തിളങ്ങിയത്. ഇന്ത്യന്‍ ടീമില്‍ നിന്ന് ശാര്‍ദ്ദുല്‍ തഴയപ്പെടാന്‍ കാരണം ബൗളിങ്ങിലെ മികവ് കുറവുകൊണ്ടാണ്. എന്നാല്‍ ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുമ്പോള്‍ ശാര്‍ദ്ദുലിന് തിരിച്ചുവരാന്‍ വഴി ഒരുങ്ങുകയാണ്. ഇംഗ്ലണ്ടിനെതിരായ അടുത്ത ടെസ്റ്റ് പര്യടനത്തില്‍ ശാര്‍ദ്ദുലിനേയും ഇന്ത്യ പരിഗണിച്ചേക്കും.
രോഹിത്തും ജയ്‌സ്വാളും കളിക്കുന്നില്ല
ജമ്മു കാശ്മീരിനെതിരേ രഞ്ജി ട്രോഫി കളിക്കാന്‍ മുംബൈ ടീമില്‍ രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളുമുണ്ടായിരുന്നു. എന്നാല്‍ മേഘാലയക്കെതിരേ ഇരുവരും മുംബൈ ടീമിലില്ല. ഇംഗ്ലണ്ട് ഏകദിന പരമ്പരക്കായുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് രോഹിത്തും ജയ്‌സ്വാളും രഞ്ജി ട്രോഫിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കസറേണ്ടതായുണ്ട്. അതുകൊണ്ടാണ് രോഹിത്തും ജയ്‌സ്വാളും വിശ്രമമെടുത്തത്. വിരാട് കോലി ഡല്‍ഹിക്കായി കളിക്കാനിറങ്ങിയിട്ടുണ്ട്.