ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഒന്നാമിന്നിങ്‌സില്‍ എത്ര റണ്‍സെടുക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണ്‍. ഇംഗ്ലണ്ട് വെറും 157 റണ്‍സിന് ഓള്‍ഔട്ടാവുമെന്നാണ് വോണ്‍ പ്രവചിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. ചെന്നൈയില്‍ നടക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ളള രണ്ടാം ടെസ്റ്റിന്റെ ഇന്നത്തെ ദിവസത്തെക്കുറിച്ച് എന്റെ പ്രവചനം. ഇന്ത്യ 359 റണ്‍സിന് ഓള്‍ഔട്ടായിക്കഴിഞ്ഞു. ചായക്കു മുമ്പ് തന്നെ ഇന്ത്യ വീണ്ടും ബാറ്റിങിന് ഇറങ്ങും. ഇംഗ്ലണ്ടിനെ 157 റണ്‍സിന് ഓള്‍ഔട്ടാക്കുമെന്നായിരുന്നു വോണിന്റെ ട്വീറ്റ്.

വോണിന്റെ പ്രവചനത്തിലേക്കാണ് കാര്യങ്ങള്‍ ഇപ്പോള്‍ നീങ്ങുന്നത്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 329ന് നു മറുപടിയില്‍ രണ്ടാം ദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇംഗ്ലണ്ട് നാലു വിക്കറ്റിന് 39 റണ്‍സെന്ന നിലയില്‍ പതറുകയാണ്. ആറു വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ ഇംഗ്ലണ്ടിനു 290 റണ്‍സ് കൂടി വേണം. റോറി ബേണ്‍സ് (0), ഡൊമിനിക്ക് സിബ്ലി (16), ഡാനിയേല്‍ ലോറന്‍സ് (9), നായകന്‍ ജോ റൂട്ട് (6) എന്നിവരാണ് പുറത്തായത്.
രണ്ടു വിക്കറ്റെടുത്ത സ്പിന്നര്‍ ആര്‍ അശ്വിനാണ് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്. ഇഷാന്ത് ശര്‍മയും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റ് വീതമെടുത്തു. അക്കൗണ്ട് തുറക്കുന്നതിനു മുമ്പ് തന്നെ ഇന്നിങ്‌സിലെ മൂന്നാമത്തെ ബോളില്‍ തന്നെ ബേണ്‍സിനെ ഇഷാന്ത് വിക്കറ്റിനു മുന്നില്‍ കുരുക്കിയിരുന്നു.
സിബ്ലിയെ അശ്വിന്‍ നായകന്‍ വിരാട് കോലിയുടെ കൈകളിലെത്തിച്ചപ്പോള്‍ അപകരകാരിയായ റൂട്ടിന്റെ വിലപ്പെട്ട വിക്കറ്റ് അക്ഷര്‍ സ്വന്തമാക്കി. അശ്വിനായിരുന്നു ക്യാച്ചെടുത്തത്. അരങ്ങേറ്റക്കാരനായ അക്ഷറിന്റെ കന്നി ടെസ്റ്റ് വിക്കറ്റ് കൂടിയായിരുന്നു ഇത്. ലോറസിന്റെ വിക്കറ്റ് അശ്വിനാണ് ലഭിച്ചത്. ഇതോടെ ഇംഗ്ലണ്ട് നാലു വിക്കറ്റിന് 39 റണ്‍സെന്ന നിലയിലേക്കു വീഴുകയായിരുന്നു.
അതേസമയം, രോഹിത് ശര്‍മയുടെ (161) മിന്നുന്ന സെഞ്ച്വറിയാണ് നേരത്തേ ഇന്ത്യയെ ഒന്നാമിന്നിങ്‌സില്‍ 329 റണ്‍സിലെത്തിച്ചത്. 231 ബോളുകള്‍ നേരിട്ട രോഹിത് 18 ബൗണ്ടറികളും രണ്ടു സിക്‌സറും നേടി. അജിങ്ക്യ രഹാനെ (67), റിഷഭ് പന്ത് (58*) എന്നിവരും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. ഇംഗ്ലണ്ടിനു വേണ്ടി മോയിന്‍ അലി നാലു വിക്കറ്റുകളെടുത്തപ്പോള്‍ ഓലി സ്‌റ്റോണിന് മൂന്നു വിക്കറ്റ് ലഭിച്ചു. ജാക്ക് ലീച്ച് രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.