എക്കാലത്തെയും മികച്ച ഏകദിന 11 തിരഞ്ഞെടുത്ത് ഷക്കീബ്, രോഹിത്തിന് ഇടമില്ല, മൂന്ന് ഇന്ത്യക്കാര്‍
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ വെടിക്കെട്ട് ഓള്‍റൗണ്ടറാണ് ഷക്കീബ് അല്‍ ഹസന്‍. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമില്‍ ഏറ്റവും താരമൂല്യമുള്ള താരങ്ങളിലൊരാള്‍ക്കൂടിയാണ് ഷക്കീബ്. ഐപിഎല്ലിലടക്കം പ്രധാനപ്പെട്ട ഫ്രാഞ്ചൈസി ക്രിക്കറ്റുകളിലെല്ലാം അദ്ദേഹം കളിച്ചിട്ടുണ്ട്. ഇടം കൈയന്‍ ബാറ്റ്‌സ്മാനും ഇടം കൈയന്‍ സ്പിന്നറുമായ ഷക്കീബ് വിവാദങ്ങള്‍ സൃഷ്ടിക്കാനും മടിയില്ലാത്ത താരമാണ്.
കഴിഞ്ഞ ധാക്ക പ്രീമിയര്‍ ലീഗില്‍ അംപയറുമായി കയര്‍ത്തി സ്റ്റംപുകള്‍ ചവിട്ടിത്തെറിപ്പിച്ചതിന് ഷക്കീബ് നടപടി നേരിട്ടിരുന്നു. ഇതിനിടെ രണ്ട് വര്‍ഷത്തോളം വിലക്ക് ലഭിക്കും അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നു. 2019ലെ ഏകദിന ലോകകപ്പില്‍ റെക്കോഡ് പ്രകടനമാണ് താരം കാഴ്ചവെച്ചത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാന്‍ ഷക്കീബിനായി.

ബംഗ്ലാദേശിനായി 58 ടെസ്റ്റില്‍ നിന്ന് 3933 റണ്‍സും 215 വിക്കറ്റും 215 ഏകദിനത്തില്‍ നിന്ന് 6600 റണ്‍സും 277 വിക്കറ്റും.84 ടി20യില്‍ നിന്ന് 1718 റണ്‍സും 102 വിക്കറ്റും 66 ഐപിഎല്ലില്‍ നിന്ന് 784 റണ്‍സും 61 വിക്കറ്റും ഷക്കീബ് നേടിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ എക്കാലത്തെയും മികച്ച ഏകദിന 11 നെ പ്രഖ്യാപിച്ചിരിക്കുകയാണ് ഷക്കീബ്. മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെട്ട ഷക്കീബിന്റെ ഏകദിന 11 നോക്കാം.
Also Read : IND vs ENG: ഏഷ്യക്കാരന്റെ എല്ലാ ദൗര്‍ബല്യവും കോലിക്കുണ്ട്, സ്വിങ്ങില്‍ തിളങ്ങാനാവില്ല - ആക്വിബ് ജാവേദ്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സായീദ് അന്‍വര്‍
ക്രിക്കറ്റ് ഇതിഹാസവും ഇന്ത്യയുടെ ഓപ്പണറുമായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറും പാകിസ്താന്‍ സായീദ് അന്‍വറുമാണ് ഷാക്കീബിന്റെ ടീമിലെ ഓപ്പണര്‍മാര്‍. വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ, മാത്യു ഹെയ്ഡല്‍ തുടങ്ങിയവരെയെല്ലാം ഒഴിവാക്കിയാണ് സച്ചിനൊപ്പം സായീദിനെ ഷക്കീബ് തിരഞ്ഞെടുത്തത്. സച്ചിന്‍ 463 ഏകദിനം കളിച്ച് പരിചയസമ്പത്തുള്ള താരമാണ്. 44.83 ശരാശരിയില്‍ 18426 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഏകദിനത്തില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡിനൊപ്പം സെഞ്ച്വറിയെന്ന റെക്കോഡും (49) സച്ചിന്റെ പേരിലാണ്. ഏകദിനത്തില്‍ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയ താരവും സച്ചിനാണ്.
സായീദ് അന്‍വറും മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്. 247 ഏകദിനത്തില്‍ നിന്ന് 40 ന് മുകളില്‍ ശരാശരിയില്‍ 8824 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. 1997ല്‍ ഇന്ത്യക്കെതിരേ 194 റണ്‍സ് നേടിയതാണ് മികച്ച പ്രകടനം. ഏറെ നാള്‍ ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനുടമയെന്ന റെക്കോഡ് അന്‍വറിന്റെ പേരിലായിരുന്നു. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ അദ്ദേഹം 20 സെഞ്ച്വറിയും 43 അര്‍ധ സെഞ്ച്വറിയും ഏകദിനത്തില്‍ നേടിയിട്ടുണ്ട്.

ക്രിസ് ഗെയ്ല്‍, വിരാട് കോലി
വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ ക്രിസ് ഗെയ്‌ലിനെ മൂന്നാം നമ്പറിലേക്ക് പരിഗണിച്ചത് കൗതുകമായി. യൂനിവേഴ്‌സല്‍ ബോസെന്ന് ആരാധകര്‍ വിളിക്കുന്ന ഗെയ്ല്‍ 301 ഏകദിനത്തില്‍ നിന്ന് 37.83 ശരാശരിയില്‍ 10480 റണ്‍സ് നേടിയിട്ടുണ്ട്. റിക്കി പോണ്ടിങ്, മഹേല ജയവര്‍ധന, കുമാര്‍ സംഗക്കാര, ബാബര്‍ അസാം, കെയ്ന്‍ വില്യംസണ്‍ എന്നിവരെയെല്ലാം മറികടന്നാണ് ഗെയ്‌ലിനെ ഷക്കീബ് പരിഗണിച്ചത്.
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ നാലാം നമ്പറിലാണ് ഉള്‍പ്പെടുത്തിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ പിന്‍ഗാമിയെന്ന് വിളിക്കാവുന്ന കോലി മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക സൂപ്പര്‍ താരമാണ്. 254 ഏകദിനത്തില്‍ നിന്ന് 12169 റണ്‍സ് കോലി നേടിയിട്ടുണ്ട്. ഇതില്‍ 43 സെഞ്ച്വറിയും ഉള്‍പ്പെടും. സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ സാധ്യതയുള്ള ഏക താരമാണ് വിരാട് കോലി.

ജാക്‌സ് കാലിസ്, എംഎസ് ധോണി (ക്യാപ്റ്റന്‍)
മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ഓള്‍റൗണ്ടര്‍ ജാക്‌സ് കാലിസാണ് അഞ്ചാമന്‍. ആറാം നമ്പറില്‍ ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണിയും. കാലിസ് 328 ഏകദിനത്തില്‍ നിന്ന് 11579 റണ്‍സും 273 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് കാലിസ്.
ടീമിന്റെ നായകനും വിക്കറ്റ് കീപ്പറും മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ്. ഇന്ത്യക്കായി മൂന്ന് ഐസിസി കിരീടങ്ങള്‍ അദ്ദേഹം നേടി. 2007ലെ ടി20 ലോകകപ്പ് 2011ലെ ഏകദിന ലോകകപ്പ് 2013ലെ ചാമ്പ്യന്‍സ് ട്രോഫി എന്നിവയാണ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ നേടിയത്. 350 മത്സരത്തില്‍ നിന്ന് 50.57 ശരാശരിയില്‍ 10773 റണ്‍സാണ് ധോണി നേടിയിട്ടുള്ളത്.

ഷക്കീബ് അല്‍ ഹസന്‍, മുത്തയ്യ മുരളീധരന്‍
ഏഴാമനായി സ്വന്തം പേരാണ് ഷക്കീബ് നിര്‍ദേശിച്ചത്. 6600 റണ്‍സും 277 വിക്കറ്റും ഏകദിനത്തില്‍ സ്വന്തമാക്കിയിട്ടുള്ള താരമാണ് ഷക്കീബ്. എട്ടാമനായി ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണുള്ളത്. സ്പിന്‍ ഇതിഹാസമായ മുരളീധരന്‍ 350 മത്സരത്തില്‍ നിന്ന് 534 വിക്കറ്റാണ് നേടിയത്. സ്പിന്‍ ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിച്ചിരുന്ന മുരളീധരന്‍ 10 തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്.

ഷെയ്ന്‍ വോണ്‍, വസിം അക്രം, ഗ്ലെന്‍ മഗ്രാത്ത്
മുന്‍ ഓസീസ് സ്പിന്നര്‍ ഷെയ്ന്‍ വോണാണ് ഒമ്പതാം നമ്പറില്‍. ഇതിഹാസ താരങ്ങളിലൊരാളായ വോണ്‍ 194 ഏകദിനങ്ങളില്‍ നിന്ന് 1018 റണ്‍സും 293 വിക്കറ്റും നേടിയിട്ടുണ്ട്. എന്നാല്‍ ഒരു തവണ മാത്രമാണ് ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനായത്. 33 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
മുന്‍ പാകിസ്താന്‍ നായകനും സൂപ്പര്‍ പേസറുമായിരുന്ന വസിം അക്രമാണ് 10ാം നമ്പറില്‍. സ്വിങ് ബൗളിങ്ങുകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ബൗളര്‍മാരിലൊരാളാണ് വസിം അക്രം.356 ഏകദിനത്തില്‍ നിന്ന് 3717 റണ്‍സും 502 വിക്കറ്റും അക്രത്തിന്റെ പേരിലുണ്ട്. ആറ് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ അദ്ദേഹത്തിന്റെ മികച്ച ബൗളിങ് പ്രകടനം 15 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ്.
മുന്‍ ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത്താണ് ടീമിലെ 11ാമന്‍. മികച്ച ലൈനും ലെങ്തുംകൊണ്ട് ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ചിരുന്ന അദ്ദേഹം 250 ഏകദിനത്തില്‍ നിന്ന് 381 വിക്കറ്റാണ് സ്വന്തമാക്കിയത്. ഏഴ് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ അദ്ദേഹത്തിന്റെ മികച്ച ബൗളിങ് പ്രകടനം 15 റണ്‍സ് വിട്ടുകൊടുത്ത് ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications