മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം തലമുറ മാറ്റത്തിലേക്ക് കടക്കാന്‍ പോവുകയാണ്. ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന് ശേഷം വലിയ പൊളിച്ചെഴുത്ത് ടീം നടത്തുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യക്ക് കപ്പിലേക്കെത്താന്‍ സാധിക്കാതെ പോയാല്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയും രാഹുല്‍ ദ്രാവിഡിന്റെ പരിശീലകസ്ഥാനവും തെറിക്കും. ചേതന്‍ ശര്‍മ ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം വന്ന സെലക്ഷന്‍ കമ്മിറ്റിയും മികച്ച തീരുമാനമല്ല സ്വീകരിച്ചിരിക്കുന്നത്.
ലോകകപ്പിന് ശേഷം ഇന്ത്യ സെലക്ഷന്‍ കമ്മിറ്റിയിലും അഴിച്ചുപണി നടത്താനുള്ള പദ്ധതിയിലാണ്. നിലവിലെ ഇന്ത്യന്‍ ടീമില്‍ പ്രതിഭയുള്ള യുവതാരങ്ങളുടെ കടന്നുവരവ് കുറവാണ്. ഐപിഎല്ലിലെ വണ്‍ സീസണ്‍ വണ്ടറുകള്‍ പോലും ദേശീയ ടീമിലേക്കെത്തുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന പ്രതിഭകള്‍ക്ക് പലപ്പോഴും വഴി അടയുകയാണ്. മികച്ച പേസ് ഓള്‍റൗണ്ടര്‍മാരെ കണ്ടെത്താന്‍ ഇന്ത്യക്കാവുന്നില്ല.
ഇപ്പോഴിതാ ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ സ്ഥാനത്തേക്ക് 2011 ലോകകപ്പ് ജേതാവായ താരമെത്തുമെന്ന റിപ്പോര്‍ട്ടാണ് സജീവമായെത്തുന്നത്. ബിസിസിഐ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്നുകേള്‍ക്കുന്നത്. സെവാഗ് ഇന്ത്യയുടെ പരിശീലകസ്ഥാനം സ്വപ്‌നം കാണുന്നയാളാണ്. നേരത്തെ തന്നെ അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്.
രവി ശാസ്ത്രി പരിശീലകസ്ഥാനം ഒഴിഞ്ഞപ്പോള്‍ സെവാഗ് ഇന്ത്യയുടെ പരിശീലകനാവാന്‍ ശ്രമം നടത്തിയതാണ്. എന്നാല്‍ ഇന്ത്യ പരിശീലകസ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡിനെയാണ് പരിഗണിച്ചത്. നിലവില്‍ സെവാഗിന് ബിസിസി ഐയുമായി ബന്ധപ്പെട്ട് മറ്റ് ഔദ്യോഗിക റോളുകളൊന്നുമില്ല. കമന്റേറ്ററെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സെവാഗിനെ ഇന്ത്യ മുഖ്യ സെലക്ടറാക്കിയാല്‍ വെടിക്കെട്ട് താരങ്ങളുടെ വലിയ നിര ഇന്ത്യന്‍ ടീമില്‍ കണ്ടേക്കും.
ടെസ്റ്റില്‍ ബാസ് ബോള്‍ ശൈലിയില്‍ കളിക്കാനുള്ള ടീമിനെയാവും സെവാഗ് കളത്തിലിറക്കുക. അതുകൊണ്ടുതന്നെ സെവാഗിനെ മുഖ്യ സെലക്ടറായി പരിഗണിക്കാനുള്ള സാധ്യത കുറവാണ്. ഗൗതം ഗംഭീര്‍ ഈ റോളിലേക്ക് അനുയോജ്യനായ താരമാണ്. മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള താരമെന്ന് ഗംഭീറിനെ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെ അദ്ദേഹത്തെ മുഖ്യ സെലക്ടറാക്കുന്നത് ടീമിന് ഗുണം ചെയ്‌തേക്കും. പക്ഷെ നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ പരിശീലക സംഘത്തിനൊപ്പമാണ് ഗംഭീര്‍.
അതുകൊണ്ട് തന്നെ ഈ സ്ഥാനം നഷ്ടപ്പെടുത്തിയാലേ ഗംഭീറിന് ഇന്ത്യയുടെ മുഖ്യ സെലക്ടറാവാന്‍ സാധിക്കൂ. ഇതിന് ഗംഭീര്‍ തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഗംഭീര്‍ വന്നാല്‍ ഇന്ത്യന്‍ ടീമിനത് ഗുണം ചെയ്യാനുള്ള സാധ്യതയാണ് കൂടുതല്‍. പക്ഷെ ഇന്ത്യന്‍ ടീമിലെ വിരാട് കോലിയുമായടക്കം ഗംഭീറിന് അഭിപ്രായഭിന്നതയുള്ളത് അദ്ദേഹത്തിന്റെ സെലക്ടര്‍ സ്ഥാനത്തേക്കുള്ള വരവിന് തടസമായേക്കും.

ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ആശിഷ് നെഹ്‌റയോടും മുഖ്യ സെലക്ടറാവുന്നതുമായി ബന്ധപ്പെട്ട് ബിസിസി ഐ ചര്‍ച്ച നടത്തിയെന്നാണ് സൂചന. എന്നാല്‍ നെഹ്‌റ ഈ സ്ഥാനത്തേക്കെത്താന്‍ സാധ്യത കുറവാണ്. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ പരിശീലകനാണ് നെഹ്‌റ. ഒരു തവണ ഗുജറാത്തിനെ ചാമ്പ്യന്മാരാക്കുകയും രണ്ടാം തവണ ഫൈനല്‍ കളിപ്പിക്കുകയും ചെയ്യാന്‍ നെഹ്‌റക്ക് സാധിച്ചു. അതുകൊണ്ട് തന്നെ പരിശീലകനായി തുടരാനാവും നെഹ്‌റ ആഗ്രഹിക്കുക.
യുവരാജ് സിങ്ങും ബിസിസി ഐയുടെ പരിഗണനയിലുണ്ട്. ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ യുവരാജും സെലക്ടര്‍ സ്ഥാനം നിരസിക്കാനാണ് സാധ്യത കൂടുതല്‍. പരിശീലക റോളാവും യുവരാജും ലക്ഷ്യമിടുന്നത്. മുന്‍ ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ഹര്‍ഭജന്‍ സിങ്ങും പരിഗണനയിലുണ്ട്. സുരേഷ് റെയ്‌ന, പീയൂഷ് ചൗള എന്നിവരെ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്താനും ആലോചനയുണ്ട്. എന്തായാലും ലോകകപ്പിന് ശേഷം വലിയ മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നുറപ്പാണ്.