ഓസ്‌ട്രേലിയയുടെ ഇതിഹാസ ഓപ്പണറായ ഡേവിഡ് വാര്‍ണര്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പന്ത് ചുരണ്ടല്‍ വിവാദത്തിലകം ഉള്‍പ്പെട്ടിട്ടും രാജകീയമായ യാത്രയയപ്പാണ് വാര്‍ണര്‍ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ നല്‍കിയത്. പാകിസ്താനെ തകര്‍ത്ത് അഭിമാനത്തോടെ വാര്‍ണര്‍ക്ക് യാത്രയയപ്പ് നല്‍കാനും ഓസ്‌ട്രേലിയക്കായി. കാണികളെയടക്കം മൈതാനത്തിറക്കിയാണ് വാര്‍ണറുടെ യാത്രയയപ്പ് പരിപാടി ക്രിക്കറ്റ് ഓസ്‌ട്രേലിയ അവിസ്മരണീയമാക്കിയത്.
എന്നാല്‍ വാര്‍ണര്‍ക്ക് ലഭിച്ച ഗംഭീര യാത്രയയപ്പ് കാണുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് നെഞ്ചില്‍ നോവാണ്. രാജകീയ വിടവാങ്ങള്‍ അര്‍ഹിച്ചിട്ടും ബിസിസി ഐയുടെ പിടിപ്പുകേടുകൊണ്ട് നിരാശയോടെ പടിയിറങ്ങേണ്ടി വന്ന ചിലരുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന് അഭിമാന നേട്ടങ്ങള്‍ സമ്മാനിച്ചിട്ടും വിരമിക്കല്‍ മത്സരം പോലും ലഭിക്കാതെയാണ് പല താരങ്ങളും തഴയപ്പെട്ടത്. ഇത്തരത്തില്‍ ഇന്ത്യക്കൊപ്പം അര്‍ഹിച്ച വിരമിക്കല്‍ മത്സരം ലഭിക്കാത്ത താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ഒന്നാമത്തെ താരം യുവരാജ് സിങ്ങാണ്. ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് യുവരാജ്. ടി20 ലോകകപ്പ് കിരീടവും ഏകദിന ലോകകപ്പ് കിരീടവും ഇന്ത്യ അലമാരയിലെത്തിച്ചതിന് പിന്നില്‍ യുവരാജിന്റെ കഠിനാധ്വാനമുണ്ട്. ഏകദിന ലോകകപ്പ് നടക്കുന്ന സമയത്ത് അര്‍ബുദ ബാധിതനായി യുവി പ്രയാസപ്പെടുകയായിരുന്നു. എന്നാല്‍ ഈ പ്രയാസവും മറികടന്ന് ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇന്ത്യക്കായി യുവരാജ് കസറി. എന്നാല്‍ വിരമിക്കല്‍ മത്സരം പോലും അദ്ദേഹത്തിന് ലഭിച്ചില്ല.
യുവരാജിനെ പൂര്‍ണ്ണമായും തഴയുകയും വേണ്ടത്ര പരിഗണന നല്‍കാതെയുമാണ് ഇന്ത്യ അപമാനിച്ചത്. ആരാധകര്‍ക്ക് ഇപ്പോഴും ഇക്കാര്യത്തില്‍ അതൃപ്തിയുണ്ട്. രണ്ടാമത്തെ താരം വീരേന്ദര്‍ സെവാഗാണ്. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത ഓപ്പണറാണ് സെവാഗ്. ടെസ്റ്റില്‍ ഇന്ത്യക്കായി രണ്ട് ട്രിപ്പിള്‍ സെഞ്ച്വറി നേടിയ സെവാഗ് മൂന്ന് ഫോര്‍മാറ്റിലും കസറി. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു സെവാഗ്.

ആരാധകരുടെ ഹീറോയായിരുന്ന സെവാഗിനും അര്‍ഹിച്ച യാത്രയയപ്പ് ലഭിച്ചില്ല. രാഹുല്‍ ദ്രാവിഡിനും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും ലഭിച്ച വിടവാങ്ങല്‍ ചടങ്ങ് സെവാഗും അര്‍ഹിച്ചിരുന്നു. എന്നാല്‍ ഇത് നല്‍കാന്‍ ബിസിസി ഐ തയ്യാറായില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. എംഎസ് ധോണി ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകനാണ്. മൂന്ന് ഐസിസി ട്രോഫി ഇന്ത്യക്ക് നേടിക്കൊടുത്ത ധോണി വിക്കറ്റ് കീപ്പറായും ഫിനിഷറായും സൃഷ്ടിച്ച റെക്കോഡുകളൊന്നും എളുപ്പത്തില്‍ തകര്‍ക്കാന്‍ സാധിക്കുന്നതല്ല.
എന്നാല്‍ ധോണിക്ക് വിരമിക്കല്‍ മത്സരം ലഭിച്ചില്ല. ധോണി വിരമിക്കല്‍ മത്സരത്തിന് കാത്തുനില്‍ക്കാതെ വിരമിക്കല്‍ പ്രഖ്യാപിച്ചെന്ന് പറയുമ്പോഴും അദ്ദേഹത്തിന് രാജകീയമായ യാത്രയയപ്പ് നല്‍കേണ്ടിയിരുന്നു. ഗൗതം ഗംഭീറിനേയും ഇന്ത്യയുടെ ലോകകപ്പ് ഹീറോയെന്ന് വിളിക്കാം. 2007ലെ ടി20 ലോകകപ്പ് കിരീടവും 2011ലെ ഏകദിന ലോകകപ്പ് കിരീടവും ഇന്ത്യ നേടിയപ്പോള്‍ ഫൈനലില്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങാന്‍ ഗംഭീറിനായി.
മൂന്ന് ഫോര്‍മാറ്റിലും മികച്ച റെക്കോഡുള്ള ഗംഭീറിനും ഇന്ത്യ യാത്രയയപ്പ് നല്‍കിയില്ല. മോശം ഫോമിലായപ്പോള്‍ ഇന്ത്യ നിഷ്‌കരണം തള്ളിക്കളഞ്ഞ താരമാണ് ഗംഭീര്‍. എന്നാല്‍ മികച്ചൊരു യാത്രയയപ്പ് ഗംഭീര്‍ അര്‍ഹിച്ചിരുന്നുവെന്ന് നിസംശയം പറയാം. വിവിഎസ് ലക്ഷ്മണനാണ് മറ്റൊരാള്‍. പരിമിത ഓവറില്‍ വലിയ റെക്കോഡില്ലെങ്കിലും ടെസ്റ്റിലെ ഇതിഹാസ താരമാണ് ലക്ഷ്മണ്‍. എന്നാല്‍ ബിസിസി ഐ ലക്ഷ്മണിനും വിരമിക്കല്‍ മത്സരം നല്‍കിയില്ല.
അര്‍ഹിച്ച ബഹുമതിയോടെയുള്ള യാത്രയയപ്പ് ലക്ഷ്മണിനും ലഭിച്ചില്ല. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാണ് ലക്ഷ്മണ്‍. സൗരവ് ഗാംഗുലിയോടും ഇന്ത്യ കാട്ടിയത് ആരാധകര്‍ മറന്നിട്ടില്ല. ഇന്ത്യയുടെ ഇതിഹാസ നായകന്റെ കരിയറിന്റെ അവസാന സമയത്ത് പിന്തുണ നല്‍കിയില്ല. ടീമില്‍ നിന്നടക്കം തഴയുകയും അപമാനിക്കുകയും ചെയ്തു. പ്രതീക്ഷിച്ച യാത്രയയപ്പ് ഗാംഗുലിക്കും ലഭിച്ചിട്ടില്ലെന്ന് തന്നെ പറയാം.