ക്രിക്കറ്റ് താരങ്ങളുടെ പ്രണയവും വിവാഹവും വിവാഹ മോചനവുമെല്ലാം ആരാധകരെ സംബന്ധിച്ച് ഇഷ്ട വിഷയങ്ങളാണ്. താരങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് എപ്പോഴും പാപ്പരസികളുടെ കണ്ണുകളുണ്ടാവും. ക്രിക്കറ്റ് താരങ്ങളില്‍ മിക്കവരും വിവാഹം ചെയ്തിരിക്കുന്നത് പ്രണയത്തിലൂടെയാണ്. നിരവധി ഡേറ്റിങ്ങുകള്‍ക്കൊടുവിലാണ് മിക്കവരും വിവാഹം ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് താരങ്ങളുടെ പ്രണയ വിശേഷങ്ങള്‍ ആരാധകര്‍ക്കിടയിലെ ചൂടേറിയ ചര്‍ച്ചാ വിഷയമാണ്.
ക്രിക്കറ്റ് താരങ്ങളുടെ പല പ്രണയ കഥകളും ആരാധകര്‍ക്ക് അറിയാമെങ്കിലും വിവാദ നായകന്മാരായ ചില കാമുകന്മാരുണ്ട്. സ്വന്തം ബന്ധുവിനെയും സുഹൃത്തിനെയുമെല്ലാം വിവാഹം കഴിച്ച ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെയാള്‍ ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗാണ്. ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത സെവാഗിന് വലിയ ആരാധക പിന്തുണയുമുണ്ട്. ആരതിയെയാണ് സെവാഗ് വിവാഹം ചെയ്തത്.
2004 ഏപ്രില്‍ 22നായിരുന്നു ഇവരുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവര്‍ വിവാഹം ചെയ്തത്. സെവാഗും ആരതിയും തമ്മിലുള്ള വിവാഹത്തിന് കുടുംബത്തിന് വലിയ താല്‍പര്യമില്ലായിരുന്നു. കാരണം സെവാഗും ആരതിയും ബന്ധുക്കളായിരുന്നു. സെവാഗിന്റെ കസിന്‍ വിവാഹം ചെയ്തത് ആരതിയുടെ ആന്റിയെയായിരുന്നു. ആദ്യം സെവാഗിന്റെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഇരുവരും പ്രണയത്തില്‍ ഉറച്ചുനിന്നതോടെ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.
രണ്ടാമത്തെ താരം ദിനേഷ് കാര്‍ത്തികാണ്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന ദിനേഷ് കാര്‍ത്തിക് ആദ്യം വിവാഹം ചെയ്തത് കുടുംബ സുഹൃത്തായ നികിത വഞ്ചാരയെയാണ്. ബാല്യകാലം മുതലുള്ള പരിചയവും പ്രണയവും 2012ല്‍ വിവാഹത്തിലേക്കെത്തുകയായിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം കാര്‍ത്തികിന്റെ സുഹൃത്തും ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ മുരളി വിജയിയുമായി നികിത പ്രണയത്തിലായി. ഈ ബന്ധം വളരെ വൈകിയാണ് കാര്‍ത്തിക് അറിയുന്നത്.

ഇതോടെ വിവാഹ മോചനം നടത്തുകയും നികിത മുരളി വിജയിയെ വിവാഹം ചെയ്യുകയും ചെയ്തു. ദിനേഷ് കാര്‍ത്തിക് സ്‌ക്വാഷ് താരവും മലയാളിയുമായ ദീപിക പള്ളിക്കലിനെ പിന്നീട് വിവാഹം ചെയ്തു. ഇതും പ്രണയ വിവാഹമായിരുന്നു. ശ്രീലങ്കയുടെ മുന്‍ ഓപ്പണര്‍ ഉപുല്‍ തരംഗ വിവാഹം ചെയ്തത് തന്റെ സുഹൃത്തിന്റെ ഭാര്യയെയാണ്. ശ്രീലങ്കയുടെ മുന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ തിലകരത്‌ന ദില്‍ഷന്റെ ഭാര്യയായിരുന്ന നിലങ്കയെയാണ് ഉപുല്‍ തരംഗ പ്രേമിച്ച് വിവാഹം കഴിച്ചത്.
ദില്‍ഷനുമായുള്ള വിവാഹ ശേഷമാണ് തരംഗയുമായി നിലങ്ക പ്രണയത്തിലാവുന്നതെന്നതാണ് കൗതുകം. ഈ പ്രണയ ബന്ധത്തിന്റെ പേരിലാണ് അടുത്ത സുഹൃത്തുക്കളായിരുന്ന ദില്‍ഷനും ഉപുല്‍ തരംഗയും ഉടക്കുന്നത്. ശ്രീലങ്കയ്ക്കായി ഏറെ നാള്‍ ഒന്നിച്ച് ഓപ്പണര്‍മാരായിട്ടുള്ള താരങ്ങളാണ് ദില്‍ഷനും ഉപുല്‍ തരംഗയും. 2011ലെ ഏകദിന ലോകകപ്പില്‍ ഇരുവരുമാണ് ശ്രീലങ്കയ്ക്കായി ഓപ്പണ്‍ ചെയ്തത്.
മുന്‍ പാകിസ്താന്‍ നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി ബന്ധുവായി നാദിയയെയാണ് വിവാഹം കഴിച്ചത്. 2000 ഒക്ടോബര്‍ 21നാണ് ഇരുവരും തമ്മില്‍ വിവാഹം കഴിക്കുന്നത്. രണ്ടുപേരും അടുത്ത ബന്ധുക്കളായിരുന്നെങ്കിലും പ്രണയത്തിന് ഈ ബന്ധം തടസമായില്ല. അഫ്രീദിയുടെ മകളെയാണ് നിലവിലെ പാകിസ്താന്റെ സൂപ്പര്‍ പേസര്‍മാരിലൊരാളായ ഷഹിന്‍ ഷാ അഫ്രീദി വിവാഹം ചെയ്തിരിക്കുന്നത്.
മുന്‍ പാകിസ്താന്‍ താരം സയീദ് അന്‍വറും ഭാര്യ ലുബ്‌നയും ബന്ധുക്കളായിരുന്നു. 1996ലാണ് ഇരുവരും വിവാഹിതരാവുന്നത്. കുടുംബത്തിന്റെ എതിര്‍പ്പിനെ മറികടന്നാണ് ഇവര്‍ വിവാഹിതരായത്. ഏറെ നാളത്തെ പ്രണയ ബന്ധത്തിനൊടുവിലായിരുന്നു സയീദ് അന്‍വറും ലുബ്‌നയും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്.
ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ വിവാഹം ചെയ്തതും ബന്ധുവിനെയാണ്. സാമിയ പര്‍വീനെയാണ് മുസ്തഫിസുര്‍ വിവാഹം ചെയ്തത്. 2019ലായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവരുടേയും വിവാഹത്തിന് ബന്ധുക്കള്‍ക്ക് വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.