ലോക ക്രിക്കറ്റിനെത്തന്നെ വിറപ്പിച്ച വെടിക്കെട്ട് ഓപ്പണറാണ് ഇന്ത്യയുടെ വീരേന്ദര്‍ സെവാഗ്. ആരെയും ഭയമില്ലാതെ ബാറ്റുവീശിയ സെവാഗ് എല്ലാ ഫോര്‍മാറ്റിലും തന്റ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച് കൈയടി നേടി. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ടെസ്റ്റില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറിയും നേടിയ താരമാണ് സെവാഗ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സെവാഗ് ഇപ്പോള്‍ കമന്റേറ്ററെന്ന നിലയിലും പരിശീലകനെന്ന നിലയിലും തിളങ്ങുന്നുണ്ട്.
ഇപ്പോഴിതാ സെവാഗിന്റെ പാത പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ ആര്യവീര്‍ സെവാഗ് ക്രിക്കറ്റില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. ആര്യവീര്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. അച്ഛന്റെ ഷോട്ടുകളെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലുള്ള വലിയ ഷോട്ടുകളാണ് ആര്യവീര്‍ കളിക്കുന്നത്. ആര്യവീര്‍ ക്രീസില്‍ നില്‍ക്കുന്നത് കാണുമ്പോള്‍ സെവാഗ് നില്‍ക്കുന്നതുപോലെയാണ് തോന്നുന്നതെന്നാണ് പല ആരാധകരും പ്രതികരിച്ചിരിക്കുന്നത്.
വളരെ അനായാസം ഷോട്ടുകള്‍ കളിക്കുന്ന ആര്യവീറിനെയാണ് വീഡിയോയില്‍ കാണുന്നത്. മൈതാനത്തിന്റെ വിവിധ ഭാഗത്തേക്ക് ഷോട്ടു തൊടുക്കാന്‍ ആര്യവീറിന് സാധിക്കുന്നുണ്ട്. അടുത്ത സെവാഗായി ആര്യവീറിന് ഇന്ത്യന്‍ ടീമിലേക്കെത്താനാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2007 ഒക്ടോബര്‍ 18നാണ് ആര്യവീര്‍ ജനിച്ചത്. നിലവില്‍ 15 വയസാണ് സെവാഗിന്റെ മകനുള്ളത്. മകന് ക്രിക്കറ്റില്‍ മികവുണ്ടെങ്കിലും പഠന കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സെവാഗ് തയ്യാറല്ല.
നിലവില്‍ പഠനവും പരിശീലനവും സെവാഗ് ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ്. വിജയ് മര്‍ച്ചന്റ് ട്രോഫിക്കുള്ള അണ്ടര്‍ 16 ഡല്‍ഹി ടീമില്‍ ആര്യവീര്‍ ഉള്‍പ്പെട്ടതോടെയാണ് താരം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. സെവാഗിന്റെ സ്വാധീനം കൊണ്ട് വളരാന്‍ ആഗ്രഹിക്കാത്തയാളാണ് ആര്യവീര്‍. സെവാഗിന്റെ 300 കോടിയിലധികമുള്ള സ്വത്തുക്കള്‍ വേണ്ടെന്നാണ് ആര്യവീര്‍ പറയുന്നത്. തന്റെ കഴിവുകൊണ്ട് വളരാനാണ് ആഗ്രഹിക്കുന്നതെന്നാണ് ആര്യവീര്‍ പറയുന്നത്.

ആര്യവീര്‍ സെവാഗിന്റെ മകനായതുകൊണ്ടല്ല നെറ്റ്‌സിലെയും പരിശീലന മത്സരത്തിലെയും പ്രകടനം വിലയിരുത്തിയാണ് ആര്യവീറിനെ ടീമിലെടുത്തതെന്നാണ് ഡല്‍ഹി ടീമിന്റെ മുഖ്യ സെലക്ടറായ ആകാശ് മല്‍ഹോത്ര പറഞ്ഞത്. സെവാഗിനെപ്പോലെ തന്നെ ക്രിക്കറ്റിനോട് വലിയ പാഷനുള്ളവനാണ് ആര്യവീറെന്നും ആക്രമിച്ച് കളിക്കാനും ക്ലാസിക് രീതിയില്‍ കളിക്കാനും കഴിവുള്ളവനാണ് അവനെന്നും ആകാശ് അഭിപ്രായപ്പെട്ടു.
വൈറലായിരിക്കുന്ന വീഡിയോയില്‍ നിന്ന് തന്നെ ആര്യവീറിന്റെ പ്രതിഭ വ്യക്തമാകുന്നു. ബൗളര്‍മാരെ തലങ്ങും വിലങ്ങും പറപ്പിക്കുന്നതോടൊപ്പം മിക്ക ഷോട്ടുകളിലും ബാറ്റിന്റെ മധ്യഭാഗത്തു തന്നെ പന്ത് കൊള്ളിക്കുന്നു. പോസിറ്റീവ് മനോഭാവം ആര്യവീറിന്റെ ബാറ്റിങ് കാണുമ്പോള്‍ വ്യക്തം. ഇതിനോടകം വിരാട് കോലിയടക്കമുള്ള ഇന്ത്യയുടെ പ്രധാന താരങ്ങളുമായി സംസാരിക്കുകയും ഉപദേശങ്ങള്‍ തേടുകയും ചെയ്യാന്‍ ആര്യവീറിന് സാധിച്ചിട്ടുണ്ട്.
ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ ഇടം നേടുകയെന്നതാണ് ആര്യവീറിന്റെ അടുത്ത ലക്ഷ്യം. ഇതോടൊപ്പം ഐപിഎല്ലില്‍ കളിക്കാനുള്ള അവസരവും ആര്യവീര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതൊന്നും സെവാഗിന്റെ മകനെന്ന നിലയില്‍ ലഭിക്കുന്നതായിരിക്കല്ലെന്നും തന്റെ കഴിവുകൊണ്ട് ലഭിക്കുന്നതായിരിക്കണമെന്നതുമാണ് ആര്യവീറിന്റെ നിലപാട്. സെവാഗും മകന്റെ ഈ നിലപാടിനൊപ്പമാണ്. തന്റെ ആസ്തിയും സൗകര്യങ്ങളും മക്കള്‍ക്കുള്ളതാണെങ്കിലും അവര്‍ അതിന്റെ കീഴില്‍ മാത്രം വളരുന്നവരായിരിക്കരുത്.
അവരുടെ കരിയറും ജീവിതവും കഠിനാധ്വാനത്തിലൂടെ നേടിയെടുക്കുന്നതായിരിക്കണമെന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സെവാഗിന്റെ മറ്റൊരു മകനായ വേദാന്തും ക്രിക്കറ്റിനോട് വലിയ താല്‍പര്യം കാട്ടുന്നുണ്ട്. ഇവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ടെങ്കിലും മക്കള്‍ സ്വന്തം കഠിനാധ്വാനത്തിലൂടെ വളരണമെന്നും ആര്യവീര്‍ നന്നായി പ്രയത്‌നിക്കുന്നുണ്ടെന്നും സെവാഗ് പറഞ്ഞിരുന്നു.
അധികം വൈകാതെ ഐപിഎല്ലിലേക്ക് ആര്യവീറിന് വിളി പ്രതീക്ഷിക്കാം. ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരങ്ങളിലൊരാളായി ആര്യവീര്‍ എത്തുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.