ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ മല്‍സരരംഗത്തുള്ള താരങ്ങളില്‍ അമിതവണ്ണം കാരണം ഏറെ പരിഹാസങ്ങളും വിമര്‍മശനങ്ങളും നേരിട്ടയാളാണ് യുവ ബാറ്റര്‍ സര്‍ഫറാസ് ഖാന്‍. ഫിറ്റ്‌നസില്ലെന്ന കാരണം കൊണ്ടു മാത്രം ദീര്‍ഘകാലം സെലക്ടര്‍മാര്‍ അദ്ദേഹത്തെ ടീമിലെടുക്കാതെ മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സര്‍ഫറാസിന്റെ പുതിയ ലുക്ക് കണ്ട് ക്രിക്കറ് ലോകമാകെ ഞെട്ടുക തന്നെ ചെയ്തു.
ഒറ്റയടിക്കു 17 കിഗ്രാം കുറച്ചാണ് സര്‍ഫറാസ് എല്ലാവരെയും ഒരുപോലെ സ്തബ്ധരാക്കിയത്. ഇപ്പോഴിതാ ഈ ഫോട്ടോ ആരെങ്കിലും ഇന്ത്യയുടെ യുവ ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ പൃഥ്വി ഷായ്ക്കു ഒന്നു കാണിച്ചു കൊടുക്കൂയെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായിരുന്ന കെവിന്‍ പീറ്റേഴ്‌സന്‍.

സര്‍ഫറാസിനെ പുകഴ്ത്തി
അസാധാരണ ഫിറ്റ്‌നസുമായി ശക്തമായ തിരിച്ചുവരവ് നടത്തിയ സര്‍ഫറാസ് ഖാനെ സോഷ്യല്‍ മീഡിയയില്‍ പ്രശംസിച്ചിരിക്കുകയാണ് കെവിന്‍ പീറ്റേഴ്‌സന്‍. യങ് മാന്‍, അസാധാരണ ശ്രമം തന്നെയാണിത്. ഒരുപാട് അഭിനന്ദനങ്ങള്‍. ഇതു കളിക്കളത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട, സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലേക്കു നയിക്കുമെന്നും എനിക്കുറപ്പുണ്ട്. സ്വന്തം മുന്‍ഗണനകള്‍ പുനക്രമീകരിക്കാന്‍ നീ സമയം ചെലവഴിച്ച സമയത്തെ ഞാന്‍ ഇഷ്ടപ്പെടുന്നു.
പ്ലീസ്, ആരെങ്കിലും ഇതു പൃഥ്വിയെ (പൃഥ്വി ഷാ) കാണിക്കൂ. ഇതു സാധ്യമാണ്. കരുത്തുറ്റ ശരീരം, ശക്തമായ മനസ്സ് എന്നിങ്ങനെയാണ് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ബാറ്റിങ് കോച്ച് കൂടിയായ കെവിന്‍ പീറ്റേഴ്‌സന്‍ കുറിച്ചത്.
ഇപ്പോള്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്നും സര്‍ഫറാസ് തഴയപ്പെട്ടിരുന്നു. പകരം സായ് സുദര്‍ശനും കരുണ്‍ നായരുമെല്ലാം ടീമിലേക്കു വരികയായിരുന്നു. മികച്ച പ്രകടനം നടത്തിയിട്ടും സര്‍ഫറാസിനു ടീമില്‍ സ്ഥാനം ലഭിക്കാതെ പോയതിനു പ്രധാന കാരണം അമിതമായ ശരീരഭാരം തന്നെയാണെന്നു കരുതപ്പെടുന്നു. അവസാനമായി ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം ടീമിലുണ്ടായിരുന്നെങ്കിലും ഒരു മല്‍സരം പോലും കളിപ്പിച്ചില്ല.
കഴിഞ്ഞ വര്‍ഷമാണ് 27കാരനായ സര്‍ഫറാസ് ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. ഇംഗ്ലണ്ടുമായി നാട്ടില്‍ നടന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണിത്. ഇതിനകം ആറു ടെസ്റ്റുകളിലാണ് അദ്ദേഹം ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. ഇവയില്‍ നിന്നും 37.1 ശരാശരിയില്‍ 371 റണ്‍സും സ്‌കോര്‍ ചെയ്തു. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ 0-3ന് തൂത്തുവാരപ്പെട്ട ടെസ്റ്റ് പരമ്പരയിലാണ് സര്‍ഫറാസ് അവസാനമായി കളിച്ചത്.
ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മുംബൈ ടീമിന്റെ റണ്‍മെഷീനാണ് സര്‍ഫറാസ്. സ്ഥിരതയോടെ വലിയ സ്‌കോറുകള്‍ നേടിയിട്ടും ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു വിളിയെത്തിയില്ല. ഇതിന്റെ പ്രധാന കാരണം താരത്തിന്റെ തടിച്ച ശരീരപ്രകൃതമായിരുന്നു. പ്രകടനങ്ങള്‍ക്കും ഫോമിനും പകരം ഫിറ്റ്‌നസ് നോക്കി കളിക്കാരെ തിരഞ്ഞെടുക്കുന്ന രീതിയെ സുനില്‍ ഗവാസ്‌കറുള്‍പ്പെടെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

പൃഥ്വി തിരിച്ചുവരുമോ?
സര്‍ഫറാസ് ഖാനെപ്പോലെ മാരകമായൊരു ട്രാന്‍സ്‌ഫൊര്‍മേഷന്‍ നടത്തി പൃഥ്വി ഷായും ശക്തമായൊരു രണ്ടാം വരവ് നടത്തുമോയെന്നാണ് ഇനി അറിയാനുള്ളത്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും വിവാദങ്ങളും കാരണമാണ് അദ്ദേഹം ഇപ്പോള്‍ അപ്രത്യക്ഷനായിരിക്കുന്നത്.
എന്നാല്‍ പ്രായം പൃഥ്വിക്കു അനുകൂലഘടകമാണ്. തിരിച്ചടികളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഒരു തിരിച്ചുവരാന്‍ സാധിച്ചാല്‍ വലിയൊരു കരിയര്‍ അദ്ദേഹത്തിനു മുന്നിലുണ്ട്. പൃഥ്വിയുടെ പ്രതിഭയുടെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷെ താരം ഇതു പാഴാക്കുന്നതിനെയാണ് ക്രിക്കറ്റ് പണ്ഡിതരും മുന്‍ താരങ്ങളുമെല്ലാം ചോദ്യം ചെയ്യുന്നത്.