മുംബൈ: ഇടവേളക്ക് ശേഷം ഇന്ത്യന്‍ മണ്ണിലേക്ക് വീണ്ടും ലോകകപ്പെത്തുകയാണ്. 2011ല്‍ ഇന്ത്യയിലേക്ക് ലോകകപ്പ് വിരുന്നെത്തിയപ്പോള്‍ അലമാരയില്‍ കപ്പെത്തിക്കാന്‍ ടീമിനായിരുന്നു. അന്ന് എംഎസ് ധോണിക്ക് കീഴില്‍ നേടിയ വിശ്വകിരീടം ഇത്തവണ രോഹിത് ശര്‍മക്ക് കീഴില്‍ ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുള്ളത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് വലിയ മുന്‍തൂക്കമുണ്ട്. എന്നാല്‍ വലിയ വെല്ലുവിളികളേയും ടീം അതിജീവിക്കേണ്ടതായുണ്ട്.
പ്രധാനമായും ടീം തിരഞ്ഞെടുപ്പാണ് വെല്ലുവിളി. ആരെയൊക്കെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തുമെന്നത് അജിത് അഗാര്‍ക്കര്‍ തലവനായുള്ള സെലക്ടര്‍മാരുടെ തലപുകയ്ക്കുന്ന ചോദ്യമാണ്. പ്രതിഭകളാണെങ്കിലും ചില ഇന്ത്യന്‍ താരങ്ങള്‍ ഇപ്പോള്‍ കൈയാലപ്പുറത്തെ തേങ്ങയുടെ അവസ്ഥയിലാണ്. ലോകകപ്പ് ടീമില്‍ ഇടം പിടിക്കുമോ ഇല്ലെയോയെന്ന് പറയാനാവാത്ത അവസ്ഥയിലാണുള്ളത്. എന്നാല്‍ ഇനിയുള്ള എല്ലാ മത്സരങ്ങളിലും മികവ് കാട്ടിയാല്‍ ലോകകപ്പിനുള്ള ടീമില്‍ ഇവരുണ്ടായേക്കും.

ഇനിയുള്ള മത്സരങ്ങള്‍ ലോകകപ്പ് ടീമിലെ സ്ഥാനം തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവും. ഇത്തരത്തില്‍ അവസരം മുതലാക്കിയാല്‍ സീറ്റുറപ്പിക്കാന്‍ സാധിക്കുന്ന മൂന്ന് ഇന്ത്യക്കാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം സഞ്ജു സാംസണാണ്. റിഷഭ് പന്ത് ഏകദിന ലോകകപ്പ് കളിക്കില്ലെന്നുറപ്പായിട്ടുണ്ട്. കെ എല്‍ രാഹുല്‍ മുഖ്യ വിക്കറ്റ് കീപ്പറായെത്തുമ്പോള്‍ ബാക്കപ്പ് കീപ്പറായി ഇഷാന്‍ കിഷന്‍ സഞ്ജു സാംസണ്‍ എന്നിവര്‍ അവസരം തേടുന്നു.
ഇടം കൈയനെന്ന നിലയില്‍ ഇഷാന്‍ കിഷന് സ്വാഭാവികമായ മുന്‍തൂക്കമുണ്ട്. എന്നാല്‍ ഇതിനെ മറികടന്ന് ടീമിലേക്കെത്താന്‍ സഞ്ജുവിന് സ്ഥിരതയോടെ കസറേണ്ടതായുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവിന് ഇടമുണ്ട്. അതുകൊണ്ടുതന്നെ ലഭിക്കുന്ന അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തണം. മികവുകാട്ടാനായാല്‍ ഏകദിന ലോകകപ്പ് ടീമില്‍ സഞ്ജുവിന് സീറ്റുറപ്പാണ്.
രണ്ടാമത്തെ താരം സൂര്യകുമാര്‍ യാദവാണ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന സൂപ്പര്‍ താരമാണ് സൂര്യ. എബി ഡിവില്ലിയേഴ്‌സിനെപ്പോലെ സാഹസിക ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്തുന്ന സൂര്യകുമാര്‍ യാദവ് ടി20യില്‍ പകരം വെക്കാനില്ലാത്ത പ്രതിഭയാണ്. എന്നാല്‍ ഏകദിനത്തില്‍ ഇതേ മികവ് സൂര്യക്കില്ല. അതുകൊണ്ടുതന്നെ ഏകദിന ലോകകപ്പില്‍ സീറ്റുറപ്പിച്ചെന്ന് പറയാനാവില്ല. പക്ഷെ സൂര്യ മുഖ്യ പരിഗണനയിലുള്ള താരമാണ്.
വിന്‍ഡീസ് പരമ്പര മുതലാക്കാനായാല്‍ സൂര്യകുമാറിന് ഇന്ത്യ ലോകകപ്പ് ടീമില്‍ ഇടം നല്‍കാനുള്ള സാധ്യത കൂടുതലാണ്. മൂന്നാമത്തെ താരം ഉമ്രാന്‍ മാലിക്കാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് ബാക്കപ്പായി പേസര്‍ വേണം. ഈ സ്ഥാനമാണ് ഉമ്രാന്‍ നോട്ടമിടുന്നത്. ഇന്ത്യക്കായി ഇതിനോടകം കളിച്ച മത്സരങ്ങളിലൊന്നും തിളങ്ങാന്‍ ഉമ്രാനായിട്ടില്ല. അതുകൊണ്ടുതന്നെ തന്നെ വിന്‍ഡീസ് പരമ്പര താരത്തിന് നിര്‍ണ്ണായകമാണ്.
തുടര്‍ച്ചയായി മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ ഉമ്രാന് കഴിവുണ്ട്. എന്നാല്‍ ലൈനും ലെങ്തുമാണ് പ്രശ്‌നം. അതിവേഗ പേസറെന്ന നിലയില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുന്ന താരമാണ് ഉമ്രാന്‍ മാലിക്. എന്നാല്‍ താരം മികവ് തെളിയിക്കേണ്ടതായുണ്ട്. വിന്‍ഡീസ് പരമ്പരയില്‍ തിളങ്ങിയാല്‍ ഉമ്രാനും ലോകകപ്പ് ടീമിലേക്ക് വിളിയെത്തിയേക്കും.