മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിലവിലെ ക്യാപ്റ്റനാണ് രോഹിത് ശര്‍മ. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കുന്നത് രോഹിത്താണ്. നായകനെന്ന നിലയില്‍ ഗംഭീര റെക്കോഡ് അദ്ദേഹത്തിന് അവകാശപ്പെടാം. എന്നാല്‍ ഐസിസി കിരീടത്തിലേക്ക് ടീമിനെ എത്തിക്കാന്‍ രോഹിത്തിനായിട്ടില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാന്‍ രോഹിത്തിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
ഇതിന് ശേഷം ഏഷ്യാ കപ്പും ഏകദിന ലോകകപ്പുമെല്ലാം നടക്കാനിരിക്കെ രോഹിത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. എന്നാല്‍ നായകനെന്ന നിലയില്‍ ഇന്ത്യന്‍ ടീമിലേക്ക് പുതിയ താരങ്ങളെ എത്തിക്കുന്നതിലും പിന്തുണക്കുന്നതിലും രോഹിത് അല്‍പ്പം പിന്നിലാണ്. വിരാട് കോലി വളര്‍ത്തിയ താരങ്ങളെ ഉപയോഗിച്ച് മുന്നോട്ട് പോവുകയാണ് രോഹിത് ചെയ്യുന്നതെന്ന് പറയാം.

എന്നാല്‍ രോഹിത് ക്യാപ്റ്റനായ ശേഷം ചില താരങ്ങളുടെ കരിയര്‍ തന്നെ തകര്‍ന്നിട്ടുണ്ട്. നായകന്‍ ആവിശ്യത്തിന് പിന്തുണ നല്‍കാതെ വന്നതോടെ ദേശീയ ടീമിലേക്കുള്ള വഴിയടഞ്ഞ അഞ്ച് പ്രധാന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ താരം ഭുവനേശ്വര്‍ കുമാറാണ്. ജസ്പ്രീത് ബുംറ-ഭുവനേശ്വര്‍ കുമാര്‍ പേസ് കൂട്ടുകെട്ട് ഒരു കാലത്ത് ഇന്ത്യയുടെ വജ്രായുധങ്ങളായിരുന്നു.
ന്യൂബോളില്‍ മികച്ച സ്വിങ് കണ്ടെത്തുന്ന ഭുവനേശ്വര്‍ കുമാര്‍ ഡെത്ത് ഓവറുകളില്‍ യോര്‍ക്കറുകളിലൂടെ റണ്ണൊഴുക്ക് തടയാനും മിടുക്കനായിരുന്നു. എന്നാല്‍ ഇടക്ക് പരിക്കേറ്റതോടെ ഭുവിയുടെ താളം നഷ്ടമായി. മടങ്ങിവരാന്‍ ഭുവനേശ്വറിന് പിന്തുണ ലഭിച്ചില്ലെന്നതാണ് സത്യം. രോഹിത് ശര്‍മ വലിയ പിന്തുണ നല്‍കാത്ത താരമാണ് ഭുവനേശ്വര്‍. അതുകൊണ്ട് തന്നെ ഇപ്പോള്‍ അദ്ദേഹം ദേശീയ ടീമിന് പുറത്താണ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി ഇപ്പോഴും ഭുവി കളിക്കുന്നുണ്ട്.
സഞ്ജു സാംസണാണ് മറ്റൊരു താരം. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെ രോഹിത് അധികം പിന്തുണക്കാറില്ല. അതുകൊണ്ടുതന്നെ സഞ്ജുവിന്റെ മടങ്ങിവരവും ഏറെക്കുറെ പ്രയാസമായിരിക്കുകയാണ്. വെടിക്കെട്ട് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായ സഞ്ജുവിനെ തുടര്‍ച്ചയായി 10 മത്സരം പോലും കളിപ്പിക്കുന്നില്ല. അതേ സമയം മോശം ഫോമില്‍ കളിക്കുമ്പോഴും ഇഷാന്‍ കിഷനെ രോഹിത് പിന്തുണച്ചു.
ഇഷാന്‍ മുംബൈ ഇന്ത്യന്‍സ് താരമെന്ന നിലയിലുള്ള പരിഗണന രോഹിത് ശര്‍മ നല്‍കുന്നു. എന്നാല്‍ സഞ്ജുവിന് വളര്‍ന്നുവരാനുള്ള യാതൊരു പിന്തുണയും രോഹിത് നല്‍കുന്നില്ല. ഇന്ത്യയുടെ രണ്ടാംനിര ടീമില്‍ നിന്ന് പോലും സഞ്ജു തഴയപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് പറയാം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണ്‍ ഭേദപ്പെട്ട പ്രകടനം തന്നെ കാഴ്ചവെക്കുന്നുണ്ട്.

മറ്റൊരു താരം മായങ്ക് അഗര്‍വാളാണ്. ഓപ്പണറെന്ന നിലയില്‍ ഭേദപ്പെട്ട റെക്കോഡ് മായങ്കിനുണ്ട്. പ്രധാനമായും ഇന്ത്യന്‍ മൈതാനങ്ങളില്‍ തകര്‍പ്പന്‍ ടെസ്റ്റ് റെക്കോഡാണ് മായങ്കിനുള്ളത്. വിദേശത്ത് മായങ്ക് അല്‍പ്പം മോശമാണ്. എന്നാല്‍ ഇന്ത്യ വേദിയാവുന്ന പരമ്പരകളില്‍ മായങ്ക് അവസരം അര്‍ഹിക്കുന്നു. പക്ഷെ നായകന്‍ രോഹിത് ശര്‍മ പിന്തുണച്ചില്ല. ഇതോടെ മായങ്കിന്റെ ദേശീയ ടീമിലെ സ്ഥാനം നഷ്ടമായിരിക്കുകയാണ്.
ഹനുമ വിഹാരിയാണ് മറ്റൊരാള്‍. ടെസ്റ്റില്‍ മധ്യനിരയിലെ വിശ്വസ്തനായിരുന്നു വിഹാരി. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം മികവ് കാട്ടാനും വിഹാരിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം തഴയപ്പെട്ടിരിക്കുകയാണ്. വിഹാരിയെ ഇന്ത്യ ഇപ്പോള്‍ പരമ്പരകള്‍ക്ക് പരിഗണിക്കാറില്ല. വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞതോടെയാണ് വിഹാരിയുടെ സ്ഥാനം നഷ്ടപ്പെട്ടത്. രോഹിത് ശര്‍മ വലിയ പിന്തുണ വിഹാരിക്ക് നല്‍കുന്നില്ലെന്നതാണ് സത്യം.
പൃഥ്വി ഷായാണ് അഞ്ചാമന്‍. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിച്ച നായകനാണ് പൃഥ്വി ഷാ. വെടിക്കെട്ട് ഓപ്പണറായ താരം ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങി. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ പൃഥ്വിക്ക് അവസരമില്ല. ദേശീയ ടീമിലേക്ക് മടങ്ങിവരാന്‍ പരമാവധി അദ്ദേഹം ശ്രമിക്കുന്നുണ്ടെങ്കിലും ആവിശ്യത്തിന് പിന്തുണയില്ല. രോഹിത് ശര്‍മ പൃഥ്വിയുടെ മികവില്‍ വിശ്വാസം അര്‍പ്പിക്കുന്നില്ല. ഇതാണ് താരത്തിന്റെ മടങ്ങിവരവിന് പ്രധാനമായും തടസമാവുന്നത്.