ഇന്ത്യന്‍ ടീമിനു വേണ്ടി സഞ്ജു സംസണ്‍ മിന്നുന്ന പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കവെ വലിയ സന്തോഷത്തിലാണ് ബാല്യകാല കോച്ചായ ബിജു ജോര്‍ജ്. ടെസ്റ്റ് ക്രിക്കറ്റിലും അദ്ദേഹത്തെ ഓപ്പണറാക്കിയാല്‍ മുന്‍ ഇതിഹാസമായ വീരേന്ദര്‍ സെവാഗിനെപ്പോലെയായി മാറുമെന്നാണ് കോച്ച് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ടി20യില്‍ ഓപ്പണിങ് റോള്‍ ലഭിച്ചതിനു ശേഷം കസറുകയാണ് സഞ്ജു.
ബംഗ്ലാദേശുമായുള്ള മൂന്നു ടി20കളുടെ പരമ്പരയില്‍ ഓപ്പണ്‍ ചെയ്ത മലയാളി താരം ഇപ്പോള്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയും ഈ റോളിലാണ് ബാറ്റ് ചെയ്യുന്നത്. രണ്ടു പരമ്പരകളിലായി അടുത്തടുത്ത രണ്ടു ടി20കളില്‍ സെഞ്ച്വറി നേട്ടത്തോടെ വമ്പന്‍ റെക്കോര്‍ഡും സഞ്ജു കുറിച്ചിരുന്നു. റെഡിഫിനു (Rediff) നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് പ്രിയ ശിഷ്യനെക്കുറിച്ച് ഇപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഫീല്‍ഡിങ് കോച്ച് കൂടിയായ ബിജു സംസാരിച്ചത്.

കേരളത്തിനായി ഓപ്പണ്‍ ചെയ്യണം
ആഭ്യന്തര ക്രിക്കറ്റില്‍ കേരളാ ടീമിനു വേണ്ടിയും സഞ്ജു സാംസണ്‍ ഇനി ഓപ്പണറായി കളിക്കണമെന്നാണ് ബിജു ജോര്‍ജ് പറയുന്നത്. നിലവില്‍ മധ്യനിരയിലാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ താരം കേരത്തിനു വേണ്ടി ബാറ്റ് ചെയ്യുന്നത്. ഇന്ത്യക്കു വേണ്ടി ടി20യില്‍ ഓപ്പണറായി കസറവെയാണ് കേരളാ ടീമിലും ഇതേ റോളാണ് ബെസ്‌റ്റെന്നു മുന്‍ കോച്ച് അഭിപ്രായപ്പെട്ടിരിക്കുന്നത്.
റെഡ് ബോള്‍ ക്രിക്കറ്റില്‍ കേരളത്തിനു വേണ്ടി സഞ്ജു സാംസണ്‍ ഓപ്പണറാവണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ ഫോര്‍മാറ്റില്‍ അവന്‍ ഫോമിലേക്കുയര്‍ന്നു കഴിഞ്ഞാല്‍ ആര്‍ക്കും തടഞ്ഞു നിര്‍ത്താന്‍ സാധിക്കില്ലെന്നും ബിജു ജോര്‍ജ് അഭിപ്രായപ്പെട്ടു.
സെവാഗുമായി സാമ്യം
ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗുമായി വളരെയധികം സാമ്യത സഞ്ജു സാംസണിനുണ്ടെന്നാണ് ബിജു ജോര്‍ജിന്റെ നിരീക്ഷണം. ഇതു സഞ്ജുവിന്റെ രണ്ടാംവരവാണ്. ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവന്‍ അരങ്ങേറിയത്. പക്ഷെ മതിയായ അവസരങ്ങള്‍ സഞ്ജുവിനു ലഭിച്ചില്ല.
എന്നാല്‍ ഇപ്പോള്‍ മതിയായ പിന്തുണയും ടീമിലെ റോളിന്റെ കാര്യത്തില്‍ വ്യക്തതയും ലഭിച്ചപ്പോള്‍ ഒരു ലോകോത്തര ബാറ്ററെന്ന തന്റെ യഥാര്‍ഥ മികവ് അവന്‍ പുറത്തെടുത്തിരിക്കുകയാണ്. ഞാന്‍ വളരെയധികം സന്തോഷവാനാണ്. വളരെ മോശം സമയത്തിലൂടെയായിരുന്നു സഞ്ജു നേരത്തേ കടന്നു പോയ്‌ക്കൊണ്ടിരുന്നത്. ഇപ്പോള്‍ അവയെ മറികടന്നപ്പോള്‍ വലിയ വേദിയില്‍ അവന്‍ സ്വയം തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

വീരേന്ദര്‍ സെവാഗിനെപ്പോലെ സഞ്ജുവും ഒരു ഇംപാക്ട് പ്ലെയറാണെന്നു ആളുകള്‍ തിരിച്ചറിയണം. ഈ താരങ്ങള്‍ ഓരോ തവണ ബാറ്റ് ചെയ്യുമ്പോഴും 70-80 റണ്‍സ് നിങ്ങള്‍ പ്രതീക്ഷിക്കാനും പാടില്ല. പക്ഷെ ഇവര്‍ സ്‌കോര്‍ ചെയ്യുമ്പോള്‍ ടീം ജയിക്കുകയും ചെയ്യുമെന്നും ബിജു ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
സ്ഥാനമുറപ്പിക്കുന്ന സഞ്ജു
ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യാന്‍ തുടങ്ങിയതോടെ മികച്ച പ്രകടനങ്ങളുമായി ടി20 ടീമില്‍ പതിയെ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുകയാണ് സഞ്ജു സാംസണ്‍. ഭാവി പരമ്പരകളില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം അദ്ദേഹത്തെ സ്ഥിരം ഓപ്പണറാക്കണമെന്നു പല മുന്‍ താരങ്ങളും ഇതിനകം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ബംഗ്ലാദേശുമായുള്ള കഴിഞ്ഞ ടി20 പരമ്പരയിലെ ടോപ്‌സ്‌കോറര്‍ സഞ്ജുവായിരുന്നു. മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ 47 ബോളില്‍ 111 റണ്‍സാണ് താരം വാരിക്കൂട്ടിയത്. വെറും 40 ബോളിലാണ് സഞ്ജു കന്നി ടി20 സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
അതിനു പിന്നാലെയാണ് സൗത്താഫ്രിക്കയിലെത്തിയ ശേഷം ആദ്യ കളിയില്‍ തന്നെ അദ്ദേഹം വീണ്ടുമൊരു സെഞ്ച്വറി കുറിച്ചത്. 50 ബോളില്‍ 107 റണ്‍സ് സഞ്ജു അടിച്ചെടുക്കുകയായിരുന്നു. രണ്ടാം ടി20യില്‍ ഡെക്കായെങ്കിലും ഇനിയുള്ള രണ്ടു കളിയിലും മിന്നിക്കാനൊരുങ്ങുകയാണ് മലയാളി താരം.