മുംബൈ: 2024ലെ ഇന്ത്യയുടെ ടി20 മത്സരങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരക്ക് ശേഷം ഇന്ത്യ ഇനി കളിക്കാന്‍ പോകുന്നത് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യയുടെ അടുത്ത ടി20 പരമ്പര ജനുവരി അവസാന വാരം ഇംഗ്ലണ്ടിനെതിരേയാണ്. 2024ലെ ഇന്ത്യയുടെ ടി20 പോരാട്ടങ്ങള്‍ അവസാനിക്കുമ്പോള്‍ അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങള്‍ ഇന്ത്യന്‍ ടീം നേടിയിട്ടുണ്ട്.
ഇന്ത്യ ടി20 ലോകകപ്പിലെ ചാമ്പ്യന്മാരയി. കൂടാതെ ശ്രീലങ്കയിലും ദക്ഷിണാഫ്രിക്കയിലും പരമ്പര നേടി. ഇന്ത്യയുടെ പല യുവതാരങ്ങളും ദേശീയ ടീമിനൊപ്പം കസറിയെന്നതും എടുത്തു പറയേണ്ട കാര്യമാണ്. എഴുതിത്തള്ളപ്പെട്ടിരുന്ന പല യുവതാരങ്ങളുടേയും ശ്രദ്ധേയ പ്രകടനം ഇൗ വര്‍ഷം കാണാന്‍ സാധിച്ചു. അതിലൊരാളാണ് സഞ്ജു സാംസണ്‍. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായാണ് 2024 കടന്ന് പോകുന്നത്.
ടി20യിലെ ബാറ്റിങ് റെക്കോഡില്‍ വിരാട് കോലിയേയും രോഹിത് ശര്‍മയേയുമെല്ലാം പിന്നിലാക്കി റണ്‍വേട്ടക്കാരില്‍ സഞ്ജു തലപ്പത്തേക്കെത്തിയിരിക്കുകയാണ്. ചരിത്രത്തിലാദ്യമായാണ് ഒരു വര്‍ഷത്തെ ടി20 റണ്‍വേട്ടക്കാരില്‍ ഇന്ത്യക്കാരില്‍ ഒന്നാമനായി സഞ്ജു മാറുന്നത്.
മൂന്ന് സെഞ്ച്വറി ഉള്‍പ്പെടെ അഴിഞ്ഞാട്ടം
സഞ്ജു സാംസണെ ആരാധകര്‍ കാണാന്‍ ആഗ്രഹിച്ചത് എങ്ങനെയാണോ അതുപോലെ കളിക്കാന്‍ ഈ സീസണില്‍ സഞ്ജു സാംസണിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഐപിഎല്ലില്‍ 500ലധികം റണ്‍സ് ചരിത്രത്തിലാദ്യമായി നേടി സഞ്ജു വലിയൊരു മുന്നറിയിപ്പ് നല്‍കിയിരുന്നു. അവിടെ നിന്ന് തുടങ്ങിയ സഞ്ജുവിന്റെ കുതിപ്പ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യക്കാരനെന്ന നിലയിലേക്കെത്തിയാണ് അവസാനിച്ചത്. 46.04 ശരാശരിയില്‍ 967 റണ്‍സാണ് ഈ വര്‍ഷം സഞ്ജു ടി20യില്‍ നേടിയത്.
ഇതില്‍ മൂന്ന് സെഞ്ച്വറി പ്രകടനങ്ങളും ഉള്‍പ്പെടും. ബംഗ്ലാദേശിനെതിരേ ഒരു സെഞ്ച്വറി നേടിയ സഞ്ജു ദക്ഷിണാഫ്രിക്കയില്‍ രണ്ട് സെഞ്ച്വറികളാണ് നേടിയത്. ഈ വര്‍ഷം മൂന്ന് ടി20 സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്. അന്താരാഷ്ട്ര ടി20യില്‍ ഒരു വര്‍ഷം മൂന്ന് സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായി മാറാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. സഞ്ജുവിന് എന്നെന്നും അഭിമാനിക്കാവുന്ന രീതിയിലാണ് റണ്‍വേട്ടക്കാരില്‍ ഒന്നാമനായി അദ്ദേഹം മാറിയിരിക്കുന്നത്.

വിരാട് കോലി തൊട്ട് പിന്നില്‍
അവസാന ടി20 ലോകകപ്പോടെ വിരാട് കോലി വിരമിച്ചില്ലായിരുന്നെങ്കില്‍ ഈ പട്ടികയില്‍ തലപ്പത്ത് കോലിയെ കാണാന്‍ സാധിക്കുമായിരുന്നു. 46.86 ശരാശരിയില്‍ 921 റണ്‍സാണ് കോലി ഈ വര്‍ഷം ടി20യില്‍ നേടിയത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഭേദപ്പെട്ട പ്രകടനം നടത്താനും ഐപിഎല്ലില്‍ മികച്ച പ്രകടനത്തോടെ ശോഭിക്കാനും കോലിക്ക് സാധിച്ചിരുന്നു. മൂന്നാം സ്ഥാനത്ത് അഭിഷേക് ശര്‍മയാണ്. 29.13 ശരാശരിയില്‍ 874 റണ്‍സാണ് അഭിഷേക് നേടിയത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കത്തിക്കയറിയ അഭിഷേക് ഇന്ത്യക്കൊപ്പം സിംബാബ് വെക്കെതിരേ സെഞ്ച്വറിയും നേടി. നാലാം സ്ഥാനത്ത് തിലക് വര്‍മയാണ്. 52.43 ശരാശരിയില്‍ 839 റണ്‍സാണ് തിലക് നേടിയത്. ദക്ഷിണാഫ്രിക്കന്‍ ടി20 പരമ്പരയില്‍ രണ്ട് സെഞ്ച്വറി പ്രകടനങ്ങളോടെയാണ് തിലക് കസറിയത്.
ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ തിലക് വര്‍മ ഗംഭീര പ്രകടനത്തോടെ കൈയടി നേടി. രോഹിത് ശര്‍മ അവസാന ടി20 ലോകകകപ്പോടെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 36.13 ശരാശരിയില്‍ 795 റണ്‍സാണ് രോഹിത് നേടിയത്.
സഞ്ജുവിനെ കാത്തിരിക്കുന്നത് സുവര്‍ണ്ണ വര്‍ഷങ്ങള്‍
വലിയ നേട്ടങ്ങളാണ് സഞ്ജുവിനെ കാത്തിരിക്കുന്നതെന്ന് പറയാം. അടുത്ത ഇംഗ്ലണ്ട് പരമ്പരയിലും വിക്കറ്റ് കീപ്പറായും ഓപ്പണറായും സഞ്ജുവാകും ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാവുക. നിലവില്‍ കേരളത്തിനൊപ്പം സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കാന്‍ പോവുകയാണ് സഞ്ജു. ഇതേ ഫോം അടുത്ത വര്‍ഷവും ആവര്‍ത്തിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും സഞ്ജു കരിയറിന്റെ ഏറ്റവും ഉന്നതയിലാണുള്ളത്.