പെര്‍ത്ത്: ഇന്ത്യന്‍ കുപ്പായത്തില്‍ ഒരിക്കല്‍ക്കൂടി ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയതോടെ സ്റ്റാര്‍ ബാറ്ററായ വിരാട് കോലിയുടെ സ്ഥാനത്തിനു നേരെ ചോദ്യങ്ങളുയര്‍ന്നിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലും അദ്ദേഹം നിരാശപ്പെടുത്തി. 12 ബോളുകള്‍ നേരിട്ട കോലി വെറും അഞ്ചു റണ്‍സ് മാത്രമെടുത്ത് ക്രീസ് വിടുകയായിരുന്നു.
നേരത്തേ ന്യൂസിലാന്‍ഡുമായി നാട്ടില്‍ കളിച്ച മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലും അദ്ദേഹം വന്‍ ദുരന്തമായിരുന്നു. ഓസ്ട്രലേിയക്കെതിരായ അഞ്ചു ടെസ്റ്റുകളുടെ ഈ പരമ്പര കോലിയുടെ അവസാനത്തെ റെഡ് ബോള്‍ പരമ്പര കൂടിയായി മാറിയേക്കും. തുടര്‍ന്നുളള ഇന്നിങ്‌സുകളും ബാറ്റിങില്‍ ക്ലിക്കായില്ലെങ്കില്‍ അദ്ദേഹത്തെ ടീമില്‍ നിന്നും ഒഴിവാക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനമെടുക്കാന്‍ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ നിര്‍ബന്ധിതനായി മാറുകയും ചെയ്യും. കോലിയെ പുറത്താക്കിയാല്‍ ടെസ്റ്റ് ടീമില്‍ നാലാം നമ്പറില്‍ പകരം ആരെന്നതാണ് അടുത്ത ചോദ്യം. ഈ റോള്‍ ഏറ്റെടുക്കാന്‍ സാധ്യതയുള്ള ചില താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ശ്രേയസ് അയ്യര്‍
ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വിരാട് കോലിക്കു പകരം നാലാം നമ്പറില്‍ വരാനിടയുള്ള ഒരു താരം. നേരത്തേ അഞ്ചാമനായി ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി പല ശ്രദ്ധേയമായ പ്രകടനങ്ങളും നടത്തിയിട്ടുള്ള താരമാണ് 29 കാരനായ അദ്ദേഹം. പിന്നീട് മോശം ഫോം കാരണം ശ്രേയിന്റെ സ്ഥാനം തെറിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തെ ടെസ്റ്റ് ടീമിലേക്കു തിരികെ വിളിക്കാനുള്ള സാധ്യത തള്ളാന്‍ കഴിയില്ല.
അടുത്തിടെ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി കന്നി ഡബിള്‍ സെഞ്ച്വറിയോടെ ശ്രേയസ് കസറിയിരുന്നു. ഈ പ്രകടനം തീര്‍ച്ചയായും ഇന്ത്യന്‍ സെലക്ടര്‍മാര്‍ ശ്രദ്ധിച്ചിട്ടുണ്ടാവുമെന്നുറപ്പാണ്. ഇന്ത്യക്കു വേണ്ടി 14 ടെസ്റ്റുകളില്‍ നിന്നും 811 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
സഞ്ജു സാംസണ്‍
മലയാളി വിക്കറ്റ് കീപ്പര്‍ബാറ്ററായ സഞ്ജു സാംസണാണ് ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ നാലാം നമ്പറിലേക്കു നറുക്കുവീഴാനിടയുള്ള രണ്ടാമത്തൊള്‍. ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇതിനകം അരങ്ങേറിയെങ്കിലും റെഡ് ബോള്‍ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് അദ്ദേഹം. ടെസ്റ്റിലും ഇന്ത്യന്‍ കുപ്പായമണിയുകയെന്ന സഞ്ജുവിന്റെ മോഹം വൈകാതെ യാഥാര്‍ഥ്യമായേക്കും.
രഞ്ജി ട്രോഫിയില്‍ കളിച്ച് ടെസ്റ്റ് ക്രിക്കറ്റിനായി തയ്യാറായി ഇരിക്കാന്‍ ടീം മാനേജ്‌മെന്റ് തന്നോടു ആവശ്യപ്പെട്ടതായി സഞ്ജു അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു ടെസ്റ്റ് ടീമിലേക്കു വിളിയെത്താനുള്ള സാധ്യതയും ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണ്. അവസാനമായി കളിച്ച ദുലീപ് ട്രോഫിയില്‍ സഞ്ജു സെഞ്ച്വറിയോടെ കസറിയിരുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കേരളത്തിനൊപ്പം അദ്ദേഹത്തിന്റെ റെക്കോര്‍ഡും മികച്ചതാണ്. 65 മല്‍സരങ്ങളിലായി 107 ഇന്നിങ്‌സുകളില്‍ സഞ്ജു ബാറ്റ് ചെയ്തു കഴിഞ്ഞു. ഇവയില്‍ നിന്നും 3834 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 11 സെഞ്ച്വറികളും 16 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. 211 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
സര്‍ഫറാസ് ഖാന്‍
ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ നാലാം നമ്പര്‍ ലഭിച്ചേക്കാവുന്ന നാലാമത്തെ താരം സര്‍ഫറാസ് ഖാനാണ്. ഈ വര്‍ഷം ടെസ്റ്റില്‍ അരങ്ങേറിയെങ്കിലും അദ്ദേഹത്തിനു ടീമില്‍ സ്ഥാനമുറപ്പിക്കാനായിട്ടില്ല. ആറാം നമ്പറിലാണ് സര്‍ഫറാസിനെ പലപ്പോഴും ഇന്ത്യ ഇറക്കിയത്. ചില മികച്ച ഇന്നിങ്‌സുകള്‍ താരം കാഴ്ചവയ്ക്കുയും ചെയ്തു.
കോലിയില്ലെങ്കില്‍ നാലാം നമ്പറില്‍ സര്‍ഫറാസിനെ കൂടുതല്‍ മല്‍സരങ്ങളില്‍ ഇന്ത്യ പരീക്ഷിച്ചേക്കും. നിലവില്‍ ആറു ടെസ്റ്റുകളില്‍ നിന്നും ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റിയുമടക്കം 371 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീന്‍ തന്നെയാണ് സര്‍ഫറാസ്. 54 മല്‍സരങ്ങളില്‍ നിന്നും 4593 റണ്‍സ് താരം അടിച്ചെടുത്തു കഴിഞ്ഞു. 16 സെഞ്ച്വറികളും 14 ഫിഫ്റ്റികളുമടക്കമാണിത്.