Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നയിക്കാന്‍ സഞ്ജു! രോഹിത്, രഹാനെ വേണ്ട! ബാസ് ബോള്‍ കളിക്കാന്‍ ഇന്ത്യയുടെ ബെസ്റ്റ് 11

മുംബൈ: ലോക ടെസ്റ്റ് ക്രിക്കറ്റ് ബാസ് ബോള്‍ ശൈലിക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയാണ്. ബ്രണ്ടന്‍ മക്കല്ലം പരിശീലകനായെത്തിയ ശേഷം ഇംഗ്ലണ്ട് ടീം ടെസ്റ്റില്‍ കളിക്കുന്ന ബാസ് ബോള്‍ സ്‌റ്റൈല്‍ വിസ്മയിപ്പിക്കുകയാണെന്നതാണ് വസ്തുത. ആറിന് മുകളില്‍ റണ്‍റേറ്റില്‍ കളിക്കുന്ന ബാസ് ബോള്‍ ശൈലി ടെസ്റ്റ് ക്രിക്കറ്റിന്റെ കീഴ് വഴക്കങ്ങളെയെല്ലാം പൊളിക്കുന്നതാണ്. അതുകൊണ്ടുതന്നെ പല ടീമുകളും ബാസ് ബോള്‍ ശൈലിയിലേക്ക് മാറാന്‍ നിര്‍ബന്ധിതരാവുന്നു.

ഇന്ത്യയും അധികം വൈകാതെ ബാസ് ബോള്‍ ശൈലിയിലേക്കെത്തേണ്ടതായുണ്ട്. എന്നാല്‍ നിലവിലെ ടീമുമായി ബാസ് ബോള്‍ ശൈലിയില്‍ കളിക്കാനാവില്ല. ഇന്ത്യ ബാസ് ബോള്‍ ശൈലിയില്‍ കളിച്ചാല്‍ പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് പ്ലേയിങ് 11 എങ്ങനെ വേണമെന്ന് പരിശോധിക്കാം. പരിശീലകനായി വീരേന്ദര്‍ സെവാഗ് വരണം. സെവാഗിനെപ്പോലൊരു വെടിക്കെട്ട് താരത്തിനെ ബാസ് ബോള്‍ ശൈലി പിന്തുടരാനുള്ള ധൈര്യം താരങ്ങള്‍ക്ക് നല്‍കാനാവൂ.

ഓപ്പണര്‍മാരായി ശുബ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളാണുമാണ് വേണ്ടത്. ഇടത് വലത് കൂട്ടുകെട്ട് സൃഷ്ടിക്കപ്പെടും എന്നതിലുപരിയായി വെടിക്കെട്ട് ബാറ്റിങ് ശൈലിയില്‍ കളിക്കാന്‍ ഇരുവര്‍ക്കുമാവും. ജയ്‌സ്വാള്‍ സെവാഗിന്റെ ഇംപാക്ട് ടീമില്‍ സൃഷ്ടിക്കാന്‍ കഴിവുള്ള താരമാണ്. ഭയമില്ലാതെ കളിക്കുന്ന താരത്തിന്റെ ആഭ്യന്തര ക്രിക്കറ്റിന്റെ കണക്കുകളും മികച്ചതാണ്. അമിത പ്രതിരോധം നടത്താതെ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് ജയ്‌സ്വാള്‍.

ശുബ്മാന്‍ ഗില്ലും മോശം പന്തുകളെ പ്രഹരിച്ച് കളിക്കുന്ന താരമാണ്. ഏകദിന ശൈലി ടെസ്റ്റിലും പിന്തുടരാന്‍ ഗില്ലിനാവും. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരയെ കളിപ്പിക്കുന്നതില്‍ കാര്യമില്ല. ഇന്ത്യ സഞ്ജു സാംസണെ മൂന്നാം നമ്പറില്‍ കളിപ്പിക്കണം. പരിമിത ഓവര്‍ താരമായി മാത്രം കണക്കാക്കാതെ ടെസ്റ്റിലും സഞ്ജു അവസരം അര്‍ഹിക്കുന്നു. കേരളത്തിനൊപ്പം 35ന് മുകളില്‍ ബാറ്റിങ് ശരാശരി ആഭ്യന്തര ക്രിക്കറ്റില്‍ അദ്ദേഹത്തിനുണ്ട്.

നാലാം നമ്പറില്‍ വിരാട് കോലി മതി. കോലിയെപ്പോലൊരു താരം ഏത് സാഹചര്യത്തോടും പൊരുത്തപ്പെടാന്‍ കഴിവുള്ളവനാണ്. ഏത് മൈതാനത്തും തിളങ്ങാനുള്ള കഴിവും കോലിയുടെ അനുഭവസമ്പത്തും പരിഗണിക്കുമ്പോള്‍ ഇനിയും ഏറെ നാള്‍ ഇന്ത്യന്‍ ടീമിനൊപ്പം തിളങ്ങാന്‍ കഴിവുള്ള താരമാണ് കോലി. അഞ്ചാം നമ്പറില്‍ ഇന്ത്യക്ക് രണ്ട് താരങ്ങളെ പരിഗണിക്കാം. ഒന്ന് കെ എല്‍ രാഹുലാണ്. ക്ലാസിക് ശൈലിയില്‍ കളിക്കാനും റണ്‍സുയര്‍ത്തി കളിക്കാനും കഴിവുള്ള താരമാണ് രാഹുല്‍.

എന്നാല്‍ സമീപകാല പ്രകടനങ്ങള്‍ മികച്ചതല്ലാത്തതിനാല്‍ ഇന്ത്യക്ക് രാഹുലിനെ തഴയാം. അങ്ങനെ വന്നാല്‍ റിങ്കു സിങ്ങിനെ മധ്യനിരയില്‍ പരിഗണിക്കാം. ഐപിഎല്ലിലെ പ്രകടനം മാത്രമല്ല റിങ്കുവിന്റെ മികവിന്റെ അടിസ്ഥാനം. ആഭ്യന്തര ക്രിക്കറ്റിലും തരക്കേടില്ലാത്ത പ്രകടനം അദ്ദേഹത്തിന് അവകാശപ്പെടാം. ടെസ്റ്റിലും ഒറ്റക്ക് ഇന്നിങ്‌സിനെ ചുമലിലേറ്റാന്‍ റിങ്കുവിനാവും. ഇടം കൈയന്‍ ബാറ്റ്‌സ്മാനെ ഇന്ത്യക്ക് അത്യാവശ്യമായതിനാല്‍ റിങ്കുവിനെ പരിഗണിക്കാം.

rishabh pant

ആറാം നമ്പറില്‍ റിഷഭ് പന്തിനാണ് അവസരം. ഇതിനോടകം ടെസ്റ്റില്‍ തന്റെ കരുത്ത് തെളിയിച്ച താരമാണ് റിഷഭ്. വിദേശ പിച്ചുകളിലടക്കം കസറുന്ന റിഷഭിന് അധികം സമ്മര്‍ദ്ദം നല്‍കാതിരിക്കാന്‍ നായകസ്ഥാനത്ത് നിന്ന് അകറ്റിനിര്‍ത്തുന്നതാണ് നല്ലത്. ഏഴാം നമ്പറില്‍ പേസ് ഓള്‍റൗണ്ടറായി ഹര്‍ദിക് പാണ്ഡ്യ വരണം. വിദേശ പിച്ചില്‍ കളിച്ച് ബാറ്റിങ്ങിലും ബൗളിങ്ങിലും ഹര്‍ദിക് മികവ് തെളിയിച്ചതാണ്. നിലവില്‍ ടീമിന് പുറത്തുള്ള ഹര്‍ദിക്കിനെ ഇന്ത്യ ടെസ്റ്റിലേക്ക് മടക്കിക്കൊണ്ടുവരണം.

സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും കളിക്കണം. രണ്ടുപേരും നന്നായി ബാറ്റുചെയ്യാന്‍ കഴിവുള്ളവരും ടെസ്റ്റില്‍ ഒന്നിലധികം സെഞ്ച്വറി നേടിയിട്ടുള്ളവരുമാണ്. പേസര്‍മാരായി രണ്ടുപേരെ പരിഗണിക്കാം. മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയുമാണ് കളിക്കേണ്ടത്. പിച്ചിന്റെ സാഹചര്യം അനുസരിച്ച് മുഹമ്മദ് ഷമിയേയും ഉള്‍പ്പെടുത്താം. ഇത്തരമൊരു വെടിക്കെട്ട് ടീമിനെ പരിഗണിച്ചാല്‍ ഇന്ത്യക്ക് ബാസ് ബോള്‍ ശൈലിയില്‍ കസറാനായേക്കും.

ഇന്ത്യയുടെ ബാസ് ബോള്‍ ടെസ്റ്റ് 11: ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, വിരാട് കോലി, റിങ്കു സിങ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ

Story first published: Saturday, June 17, 2023, 21:33 [IST]
Other articles published on Jun 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+