ക്രിക്കറ്റ് ടീം ഗെയിമാണ്. ഒറ്റക്ക് മത്സരം ജയിപ്പിക്കുകയെന്നത് ക്രിക്കറ്റില്‍ ഏറെക്കുറെ അസാധ്യമാണ്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഫീല്‍ഡിങ് നിരയും ഒരുപോലെ മികവ് കാട്ടാത്ത പക്ഷം ടീമിന് വിജയത്തിലേക്കെത്തുക പ്രയാസമായിരിക്കും. പലപ്പോഴും താരങ്ങള്‍ വ്യക്തിഗത നേട്ടങ്ങള്‍ക്കപ്പുറം ടീമിന് പ്രാധാന്യം നല്‍കിയാണ് കളിക്കുന്നതെന്ന് പറയാറുണ്ട്. എന്നാല്‍ ചിലപ്പോഴെങ്കിലും താരങ്ങള്‍ സെല്‍ഫിഷ് പ്രകടനം നടത്തി ടീമിന്റെ തോല്‍വിക്ക് കാരണമായിട്ടുണ്ട്.
ഇത്തരത്തില്‍ സെല്‍ഫിഷ് പ്രകടനം നടത്തി ടീമിനെ ജയിപ്പിക്കാന്‍ മറന്നുപോയ ചില ഇന്ത്യന്‍ താരങ്ങളുണ്ട്. ഇതില്‍ പ്രമുഖരായ പല താരങ്ങളും ഉള്‍പ്പെടും. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന വിശേഷണം പോലും ചാര്‍ത്തി നല്‍കപ്പെട്ട താരമാണ് സച്ചിന്‍. 24 വര്‍ഷത്തോളം ക്രിക്കറ്റില്‍ നിറഞ്ഞുനിന്ന സച്ചിന്‍ ഒരു തവണ സെല്‍ഫിഷ് പ്രകടനം നടത്തി വലിയ വിമര്‍ശനം നേരിട്ടിട്ടുണ്ട്.
2012ല്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിലൂടെയാണ് സച്ചിന്‍ ഇത്തരമൊരു ചീത്തപ്പേര് കേള്‍പ്പിച്ചത്. സച്ചിന്‍ 100ാം അന്താരാഷ്ട്ര സെഞ്ച്വറി നേടിയത് ഈ മത്സരത്തിലൂടെയായിരുന്നു. 147 പന്തില്‍ 114 റണ്‍സാണ് സച്ചിന്‍ നേടിയത്. മത്സരത്തില്‍ ഇന്ത്യ 289 റണ്‍സടിച്ചെങ്കിലും അഞ്ച് വിക്കറ്റും നാല് പന്തും ബാക്കിയാക്കി ബംഗ്ലാദേശ് ജയിച്ചു. സച്ചിന്റെ മെല്ലപ്പോക്കാണ് ഇന്ത്യയെ കളി തോല്‍പ്പിച്ചതെന്ന് പറയാം. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനവും സച്ചിന്‍ നേരിട്ടു.
രണ്ടാമത്തെ താരം മുന്‍ ഇന്ത്യന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ്. 2017 ജൂലൈ 2ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന മത്സരത്തിലാണ് ധോണിയുടെ ഈ പ്രകടനം. ആദ്യം ബാറ്റുചെയ്ത വെസ്റ്റ് ഇന്‍ഡീസ് 189 റണ്‍സിന് പുറത്തായി. ഇന്ത്യ അനായാസ ജയം നേടേണ്ട മത്സരം തോറ്റുവെന്നതാണ് എടുത്തു പറയേണ്ടത്. അതിന് കാരണമായത് ധോണിയാണെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. 114 പന്തില്‍ 54 റണ്‍സാണ് ധോണി മത്സരത്തില്‍ നേടിയത്.

അവസാന സമയത്തേക്ക് മത്സരമെത്തിച്ച് കളി ജയിപ്പിക്കാന്‍ പദ്ധതിയിട്ട ധോണിക്ക് പിഴച്ചു. ഇന്ത്യ ജയിക്കേണ്ട കളി ധോണിയുടെ പിഴവില്‍ തോറ്റു. ഇതോടെ വലിയ വിമര്‍ശനം താരത്തിനെതിരേ ഉയര്‍ന്നിരുന്നു. ധോണിയുടെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നായാണ് ഈ പ്രകടനത്തെ വിലയിരുത്തുന്നത്. മൂന്നാമത്തെ താരം രവി ശാസ്ത്രിയാണ്. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറായ രവി ശാസ്ത്രി പൊതുവേ കടന്നാക്രമിച്ച് കളിക്കുന്ന ബാറ്റ്‌സ്മാനായിരുന്നു.
1992ലെ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ 238 റണ്‍സാണ് നേടിയത്. അന്ന് വൈസ് ക്യാപ്റ്റനായിരുന്ന ശാസ്ത്രി രണ്ടാമത് ബാറ്റുചെയ്ത ഇന്ത്യക്കായി 67 പന്തില്‍ 25 റണ്‍സാണ് അടിച്ചെടുത്തത്. മഴ കളിച്ച മത്സരത്തില്‍ ഇന്ത്യ ഡെക്ക് വര്‍ത്ത് നിയമ പ്രകാരം 1 റണ്‍സിന് തോറ്റു. ഇന്ത്യയുടെ തോല്‍വിയില്‍ വലിയ വിമര്‍ശനം അന്ന് ശാസ്ത്രിക്കെതിരേ ഉയര്‍ന്നിരുന്നു.
ഗൗതം ഗംഭീറാണ് മറ്റൊരാള്‍. ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് ഗംഭീര്‍. 2007ലെ ടി20 ലോകകപ്പ് ഫൈനലിലും 2011ലെ ഏകദിന ലോകകപ്പ് ഫൈനലിലും ഇന്ത്യക്കായി അര്‍ധ സെഞ്ച്വറികളോടെ കസറാന്‍ ഗംഭീറിനായിട്ടുണ്ട്. മറ്റ് എന്തിനെക്കാളും സ്വന്തം ടീമിന് പ്രാധാന്യം നല്‍കുന്ന താരമാണ് ഗംഭീര്‍. എന്നാല്‍ ഒരു തവണ സെല്‍ഫിഷ് ഇന്നിങ്‌സ് കാഴ്ചവെച്ച ഗംഭീര്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റിലാണ് ഈ പ്രകടനം.
ഓപ്പണിങ്ങിലിറങ്ങി അമിത പ്രതിരോധത്തിലൂടെ അവസാനം വരെ ഗംഭീര്‍ കളിച്ചെങ്കിലും റണ്‍സുയര്‍ത്താന്‍ മറന്നുപോയി. ടീമിനെ രക്ഷിക്കാന്‍ ഗംഭീറിന് സാധിക്കാതെ വന്നതോടെ താരത്തിന്റെ പ്രകടനം വിമര്‍ശനത്തിന് കാരണമായി. എന്നാല്‍ പൊതുവേ ടീമിനായി അവസാന ശ്വാസംവരെ പൊരുതാന്‍ തയ്യാറുള്ള താരമാണ് ഗംഭീറെന്ന് പറയാം. ഒരു തവണ മലയാളി താരം സഞ്ജു സാംസണും സെല്‍ഫിഷ് പ്രകടനത്തിന്റെ പേരില്‍ വിമര്‍ശനം നേരിട്ടിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലെ പ്രകടനമാണ് സഞ്ജുവിനെതിരേ ഇത്തരമൊരു ആരോപണം ഉയര്‍ത്തിയത്. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ 63 പന്തില്‍ 86 റണ്‍സുമായി സഞ്ജു തിളങ്ങി. എന്നാല്‍ വിജയത്തില്‍ തൊട്ടടുത്തെത്തിയ ശേഷം 9 റണ്‍സിന് ഇന്ത്യ ഈ മത്സരം തോറ്റു. സഞ്ജുവിന്റെ പ്രകടനം ഭേദപ്പെട്ടതായിരുന്നെങ്കിലും ടീമിനെ ജയിപ്പിക്കാനാവാത്തതില്‍ സെല്‍ഫിഷ് പ്രകടനമെന്ന ആരോപണം താരത്തിന് നേരിടേണ്ടി വന്നു.
മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌ക്കറുടെ സെല്‍ഫിഷ് പ്രകടനം വളരെ പ്രശസ്തമാണ്. പൊതുവേ അമിത പ്രതിരോധത്തിലൂന്നി കളിക്കുന്ന താരമാണ് ഗവാസ്‌കര്‍. 1975ലെ ക്രിക്കറ്റ് ലോകക്കില്‍ 202 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്കായി 174 പന്തില്‍ 36 റണ്‍സാണ് ഗവാസ്‌കര്‍ നേടിയത്. ക്രിക്കറ്റ് ചരിത്രത്തിലെത്തന്നെ ഏറ്റവും സെല്‍ഫിഷായ പ്രകടനമാണിതെന്ന് പറയാം.