മുംബൈ: ഏകദിന ലോകകപ്പ് വരാനിരിക്കെ ഇത്തവണ ഇന്ത്യക്ക് വലിയ കിരീട പ്രതീക്ഷയാണുള്ളത്. ആതിഥേയരെന്ന മുന്‍തൂക്കത്തോടൊപ്പം മികച്ച താരനിരയും ഇത്തവണ ഇന്ത്യക്കുണ്ട്. അതുകൊണ്ടുതന്നെ ഇടവേളക്ക് ശേഷം ഐസിസി കിരീടത്തിലേക്കെത്താമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. 2013ന് ശേഷം ഇന്ത്യയുടെ അലമാരയില്‍ ഒരു ഐസിസി ട്രോഫി പോലുമില്ല. ഈ നാണക്കേടിന് അന്ത്യം കുറിക്കാന്‍ രോഹിത്തിന് കീഴിലിറങ്ങുന്ന ഇന്ത്യന്‍ ടീമിന് സാധിക്കേണ്ടതായുണ്ട്.
താരസമ്പന്നമാണ് ഇന്ത്യന്‍ ടീം. പ്രതിഭകാട്ടുന്ന നിരവധി താരങ്ങള്‍ ടീമിനൊപ്പമുള്ളതിനാല്‍ 15 അംഗ ടീമിനെ പരിഗണിക്കുകയെന്നത് സെലക്ടര്‍മാരെ സംബന്ധിച്ച് വളരെ പ്രയാസമുള്ള ജോലിയാണ്. ഫോം പരിഗണിക്കുന്നതോടൊപ്പം അനുഭവസമ്പത്തിനും പ്രാധാന്യം നല്‍കേണ്ടതായുണ്ട്. അങ്ങനെ വരുമ്പോള്‍ ഇടം പ്രതീക്ഷിക്കുന്ന പല താരങ്ങളും റിസര്‍വ് താരങ്ങളായി മാറിയേക്കാം. ചിലപ്പോള്‍ ടീമില്‍ പോലും ഇടം ലഭിച്ചേക്കില്ല. ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമിലെ സീറ്റിനായി മത്സരിക്കുന്ന സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
ഒന്നാമത്തെ താരം സഞ്ജു സാംസണാണ്. നിലവില്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ സഞ്ജു സാംസണിന് ഇടമുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള ടീമില്‍ മലയാളി താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏകദിന ലോകകപ്പില്‍ ഇടം പ്രതീക്ഷിക്കപ്പെടുന്ന താരമാണ് സഞ്ജു. എന്നാല്‍ സീറ്റുറപ്പിക്കാനായിട്ടില്ല. റിഷഭ് പന്ത് ലോകകപ്പ് കളിക്കില്ലെന്നുറപ്പാണ്. കെ എല്‍ രാഹുല്‍ മുഖ്യ വിക്കറ്റ് കീപ്പറായി സ്ഥാനം പിടിച്ചേക്കുമെന്നാണ് വിവരം.
അങ്ങനെ വരുമ്പോള്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും സഞ്ജു സാംസണും തമ്മിലാവും മത്സരം. രണ്ടുപേരിലൊരാള്‍ 15 അംഗ ടീമില്‍ ഉള്‍പ്പെടാനാണ് സാധ്യത. നിലവിലെ ടീമിന്റെ സാഹചര്യം വിലയിരുത്തുമ്പോള്‍ സഞ്ജുവിനെ മറികടന്ന് ഇഷാന്‍ 15 അംഗ ടീമില്‍ ഇടം പിടിച്ചേക്കും. സഞ്ജുവിന് റിസര്‍വ് താരമായി ഒതുങ്ങേണ്ടി വരും. ഏഷ്യാ കപ്പിലെ പ്രകടനം ലോകകപ്പ് ടീം തിരഞ്ഞെടുപ്പിനെ കാര്യമായി സ്വാധീനിച്ചേക്കും.

രണ്ടാമത്തെ താരം സൂര്യകുമാര്‍ യാദവാണ്. നാലാം നമ്പറില്‍ ഇന്ത്യ പരിഗണിക്കുന്ന താരമാണ് സൂര്യകുമാര്‍. ടി20യില്‍ പകരക്കാരനില്ലാത്ത പ്രതിഭാസമാണ് സൂര്യകുമാര്‍. എന്നാല്‍ ഏകദിനത്തില്‍ വലിയ മികവില്ല. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ ഗോള്‍ഡന്‍ ഡെക്കായി സൂര്യ നാണംകെട്ടിരുന്നു. കുറഞ്ഞ പന്തുകള്‍ക്കൊണ്ട് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ള സൂര്യ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കുന്നവനാണ്.
ഇന്ത്യന്‍ മൈതാനങ്ങളില്‍ അപകടകാരിയായ ബാറ്റ്‌സ്മാനാണ് അദ്ദേഹം. എന്നാല്‍ ലോകകപ്പില്‍ 15 അംഗ ടീമില്‍ വേണോയെന്നതില്‍ സെലക്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാവും. ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍ എന്നിവരെല്ലാം മധ്യനിരയില്‍ അവസരം തേടുന്നു. ഇൗ സ്ഥാനമാണ് സൂര്യയും നോട്ടമിടുന്നത്. ആരൊക്കെ മധ്യനിരയില്‍ വേണമെന്നത് സെലക്ടര്‍മാരെ കുഴപ്പിക്കുന്ന കാര്യമാണ്.
യുവ പേസര്‍ ഉമ്രാന്‍ മാലിക്കാണ് മറ്റൊരാള്‍. അര്‍ഷദീപ് സിങ്ങിനെ ഏഷ്യന്‍ ഗെയിംസ് ടീമില്‍ ഉള്‍പ്പെടുത്തിയതോടെ താരം ലോകകപ്പിനുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഉമ്രാന്‍ മാലിക് വലിയ പ്രതീക്ഷയിലാണ്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരോടൊപ്പം നാലാം പേസറായി ഉമ്രാനെത്തുമോയെന്നതാണ് അറിയേണ്ടത്. അതിവേഗ പേസറാണെങ്കിലും തല്ലുകൊള്ളിയായ ബൗളറാണെന്നതാണ് പ്രശ്‌നം.
ശിഖര്‍ ധവാന്‍ ഇപ്പോള്‍ ചിത്രലില്ല. എങ്കിലും ഇടം കൈയന്‍ ഓപ്പണര്‍ പ്രതീക്ഷയിലാണ്. ഏകദിന ലോകകപ്പ് കളിച്ച് വിരമിക്കണമെന്നതാണ് ധവാന്റെ ആഗ്രഹം. ഇത് നടക്കാനുള്ള സാധ്യതകള്‍ വളരെ വിരളമാണ്. എങ്കിലും ലോകകപ്പ് ടീമില്‍ ഇടത്തിനായി മത്സരിക്കുന്നവരില്‍ ധവാനുമുണ്ട്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഗംഭീര റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ധവാന്‍.