ഇന്ത്യന്‍ ടീമില്‍ പതിയെ സീറ്റുറപ്പിച്ചു കൊണ്ടിരിക്കുന്ന മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ പുകഴ്ത്തുകയും ഒപ്പം രസകരമായ ഒരു സംഭവം വെളിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ബാറ്റര്‍ റോബിന്‍ ഉത്തപ്പ. തന്റെ ഉപദേശം കേള്‍ക്കാതെ ആദ്യ ബോളില്‍ തന്നെ സഞ്ജു ഒരു കളിയില്‍ സിക്‌സര്‍ പറത്തിയ സംഭവമാണ് സ്വന്തം യൂട്യൂബ് ചാനലില്‍ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.
ദേശീയ ടീമില്‍ ഒരുമിച്ചു കളിക്കാനായിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനു വേണ്ടി സ്ഞ്ജുവും ഉത്തപ്പയും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഈ സമയത്തുള്ള ഒരു ഓര്‍മയാണ് ഉത്തപ്പ പങ്കുവച്ചിരിക്കുന്നത്. ബംഗ്ലാദേശിനെതിരേ സമാപിച്ച ടി20 പരമ്പരയിലാണ് സഞ്ജുവിനെ അവസാനമായി ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടത്. ഇനി സൗത്താഫ്രിക്കയുമായുള്ള പരമ്പരയ്ക്കു കച്ചമുറുക്കുകയാണ് അദ്ദേഹം.

സഞ്ജു ഉപദേശം കേട്ടില്ല
വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കേരളാ ടീമിനു വേണ്ടി സഞ്ജു സാംസണിനൊപ്പം ബാറ്റ് ചെയ്തപ്പോഴുള്ള സംഭവമാണ് റോബിന്‍ ഉത്തപ്പ വെളിപ്പെടുത്തിയത്. കേരളത്തിനു വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചപ്പോഴുള്ള ഒരു സംഭവം ഇപ്പോഴും ഞാന്‍ മറന്നിട്ടില്ല. അന്നു കേരളത്തില്‍ വച്ചായിരുന്നു മല്‍സരം. കേരളാ ടീമിനു സെമി ഫൈനലിനു യോഗ്യത നേടാന്‍ 10-12 ഓവറുകളില്‍ 140 റണ്‍സോ, മറ്റോ ആയിരുന്നു വേണ്ടിയിരുന്നതെന്നാണ് എന്റെ ഓര്‍മ.
ഞാന്‍ ക്രീസിന്റെ ഒരു വശത്തു ബാറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഒരു വിക്കറ്റ് വീണ ശേഷം അടുത്തതായി ബാറ്റ് ചെയ്യാനെത്തിയത് സഞ്ജുവായിരുന്നു. നീ കളിച്ചാല്‍ നമുക്കു വേഗത്തില്‍ കളി തീര്‍ക്കാന്‍ പറ്റുമെന്നു ഞാന്‍ അവനോടു പറഞ്ഞു. ആദ്യത്തെ ബോള്‍ മാത്രം ഒന്നു നോക്കിയേക്ക്. അതിനു ശേഷം സ്വതസിദ്ധമായ ശൈലിയില്‍ ആക്രമിച്ചു കളിച്ചോയെന്നും ഞാന്‍ സഞ്ജുവിനെ ഉപദേശിക്കുകയും ചെയ്തു.
പക്ഷെ അവന്‍ അതൊന്നും കേട്ടില്ല. ആദ്യ ബോളില്‍ തന്നെ ക്രീസിനു പുറത്തേക്കിറങ്ങിയ സഞ്ജു ലോങ് ഓഫിനു മുകളിലൂടെ സിക്‌സര്‍ പായിക്കുകയായിരുന്നു. നീയെന്താണ് കാണിക്കുന്നതെന്നു ഞാന്‍ ചിരിയോടെ അവനോടു ചോദിച്ചു.
റോബി ഭായ്, സ്പിന്നര്‍ ബോള്‍ ചെയ്യുമ്പോള്‍ എനിക്കു സ്വയം നിയന്ത്രിക്കാന്‍ പോലും സാധിക്കില്ലെന്നായിരുന്നു അപ്പോള്‍ സഞ്ജുവിന്റെ മറുപടി. അവനു ഒരു ശൈലി മാത്രമേയുള്ളൂ, അതു വളരെ അഗ്രസീവായി കളിക്കുകയെന്നാണെന്നും ഉത്തപ്പ പറയുന്നു.

ഇന്ത്യക്കായി കസറും
ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജു സാംസണിന്റെ ഗംഭീര ഇന്നിങ്‌സുകള്‍ ഇനിയാണ് വരാനിരിക്കുന്നതെന്നു റോബിന്‍ ഉത്തപ്പ അഭിപ്രായപ്പെട്ടു. ബംഗ്ലാദേശിനെതിരേയുള്ള അവസാനത്തെ ടി20 മല്‍സരത്തില്‍ നേടിയ സെഞ്ച്വറി വെറുമൊരു തുടക്കം മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
സമീപകാലത്തു സഞ്ജു സാംസണ്‍ നടത്തിക്കൊണ്ടിരിക്കുന്ന മികച്ച പ്രകടനങ്ങള്‍ കാണുമ്പോള്‍ ഞാന്‍ വളരെയധികം സന്തേഷവാനാണ്. ഇനിയും പല മാച്ച് വിന്നിങ് പ്രകടനങ്ങളും നമുക്കു അവനില്‍ നിന്നും തീര്‍ച്ചയായും കാണാന്‍ സാധിക്കും. സമീപഭാവയില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായെല്ലാം സഞ്ജു മാറിയേക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഉജ്ജ്വലമായിട്ടാണ് അവന്‍ നയിച്ചുകൊണ്ടിരിക്കുന്നത്. ഈ റോള്‍ വളരെ നല്ല് രീതയിലാണ് സഞ്ജു കൈകാര്യം ചെയ്യുന്നത്. ഇതു ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി റോളിലേക്കു വരാനും അദ്ദേഹത്തെ സഹായിച്ചേക്കുമെന്നും ഉത്തപ്പ ചൂണ്ടിക്കാണിക്കുന്നു.
റോയല്‍സിന്റെ ക്യാപ്റ്റനായതു മുതല്‍ നല്ല പക്വതയും സഞ്ജുവില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഇതു വളരെ പോസിറ്റീവായിട്ടുള്ള മാറ്റം തന്നെയണ്. ആരെയെങ്കിലും തൃപ്തിപ്പെടുത്താനായി സഞ്ജു ഒന്നും ചെയ്യാറില്ല. ഏതെങ്കിലും കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അവന്‍ അതു കോച്ചിനു തുറന്നു തന്നെ പറയും. അതിന്റെ കാരണവും സഞ്ജു വിശദീകരിക്കുമെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.