Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു ശ്രേയസിനെ കണ്ട് പഠിക്കണം! ആ ദൗര്‍ബല്യം അവന്‍ മറികടന്നു; ചൂണ്ടിക്കാട്ടി പീറ്റേഴ്‌സണ്‍

മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ഇന്ത്യന്‍ വലിയ പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പര തൂത്തുവാരാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫി എന്ത് വിലകൊടുത്തും അലമാരയിലെത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. കരുത്തുറ്റ ടീമുമായാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്ക് ഇറങ്ങുന്നതെന്നാണ് എടുത്തു പറയേണ്ട കാര്യം. രോഹിത് ശര്‍മക്ക് കീഴില്‍ ഇറങ്ങുന്ന ഇന്ത്യക്ക് സംതുലിതമായ താരനിരയാണുള്ളത്.

ഇന്ത്യന്‍ ടീമില്‍ ആരാധകര്‍ ആഗ്രഹിച്ചിരുന്ന ചില താരങ്ങളുടെ അഭാവമുണ്ട്. അതിലൊരാളാണ് സഞ്ജു സാംസണ്‍. മലയാളി താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ ടി20യില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരിലൊരാളാണ്. ഏകദിനത്തില്‍ 56 ശരാശരിയുള്ള താരമായിരുന്നിട്ടും സഞ്ജു സാംസണിന് ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടം നേടാനായില്ല. സമീപകാലത്തെ സഞ്ജുവിന്റെ പ്രകടനം നോക്കുമ്പോള്‍ ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യം അദ്ദേഹത്തെ പിന്നോട്ടടിക്കുകയാണെന്ന് പറയാം.

അതിവേഗ ബൗളര്‍മാരുടെ ഷോര്‍ട്ട് ബോള്‍ കെണിയില്‍ സഞ്ജു സാംസണ്‍ തുടര്‍ച്ചയായി പുറത്താവുകയാണ്. ഇപ്പോഴിതാ സഞ്ജു സാംസണ്‍ ശ്രേയസ് അയ്യരെ മാതൃകയാക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍.

സഞ്ജുവിന് സാധിക്കാത്തത് ശ്രേയസ് ചെയ്തു

സഞ്ജു സാംസണ്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ച് മത്സര പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും പ്രതീക്ഷിച്ച നിലവാരത്തില്‍ കളിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. കൂടുതല്‍ തവണയും ഷോര്‍ട്ട് ബോളിലാണ് സഞ്ജു പുറത്തായത്. അതിവേഗം റണ്‍സുയര്‍ത്താനുള്ള സഞ്ജുവിന്റെ ശ്രമങ്ങളെല്ലാം ക്യാച്ചിലാണ് അവസാനിച്ചത്. ഷോര്‍ട്ട് ബോള്‍ സഞ്ജുവിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

എന്നാല്‍ ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യമുണ്ടായിരുന്ന താരമാണ് ശ്രേയസ് അയ്യര്‍. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രേയസിനായിരുന്നു. 'സഞ്ജു സാംസണ്‍ ബാക്ക് ഫൂട്ടില്‍ കളിക്കുന്നത് ഒരേ ലൈനിലാണ്. ഇതോടെ ഷോട്ട് കളിക്കുമ്പോള്‍ സ്റ്റക്കായി പോകുന്നു. ഓഫ് സൈഡ് മാത്രം മനസില്‍ കണ്ടാണ് അവന്‍ ലെഗ് സ്റ്റംപ് ലൈനിലേക്ക് ഇറങ്ങി കളിക്കുന്നത്. പുള്‍ഷോട്ടില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കാത്തത് അതുകൊണ്ടാണ്.

ശ്രേയസ് അയ്യര്‍ കളിച്ചത് നോക്കുക. ബാക്ക് ഫൂട്ടില്‍ത്തന്നെ കളിക്കാന്‍ നേരത്തെ തയ്യാറെടുത്താണ് അവന്‍ നില്‍ക്കുന്നത്. ക്രീസില്‍ നിന്ന് അല്‍പ്പം പിന്നോട്ട് നിന്ന് കളിക്കുമ്പോള്‍ അവന് പന്തില്‍ കൂടുതല്‍ ടൈമിങ് ലഭിക്കുന്നു. സഞ്ജുവിന് ടി20യില്‍ സാധിക്കാതെ പോയതാണ് ശ്രേയസ് ഏകദിനത്തിലൂടെ കാട്ടിയത്' പീറ്റേഴ്‌സണ്‍ പറഞ്ഞു.

shreyas iyer

സഞ്ജുവിന് പരിക്കേറ്റതും ഷോര്‍ട്ട് ബോളില്‍

സഞ്ജു സാംസണ്‍ ക്രീസിനെ നന്നായി ഉപയോഗപ്പെടുത്തി കളിക്കാന്‍ ശ്രമിക്കുന്നുണ്ട്. പേസര്‍മാര്‍ക്കെതിരേ പുള്‍ഷോട്ട് കളിക്കാനായി ബാക്ക് ഫൂട്ടിലാണ് അവന്‍ ഷോട്ടിന് തയ്യാറെടുക്കുന്നത്. എന്നാല്‍ ബാക്ക് ഫൂട്ടില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സഞ്ജുവിന് സാധിക്കാതെ പോകുന്നു. ഇംഗ്ലണ്ടിന്റെ ജോഫ്രാ ആര്‍ച്ചര്‍ നല്ല വേഗത്തില്‍ പന്തെറിയുന്ന താരമാണ്. സഞ്ജു ബാക്ക് ഫൂട്ടില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ചപ്പോഴാണ് കൈവിരലിന് പൊട്ടലേല്‍ക്കുന്ന സാഹചര്യമുണ്ടായത്.

നിലവില്‍ സഞ്ജുവിന്റെ കൈവിരലിന് പൊട്ടലുണ്ട്. തിരിച്ചുവരാന്‍ ആറ് ആഴ്ചത്തെ വിശ്രമമെങ്കിലും സഞ്ജുവിന് വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. സഞ്ജുവിന് പുള്‍ഷോട്ട് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാത്ത പക്ഷം ഇന്ത്യയുടെ ടി20 ടീമിനൊപ്പം അധികനാള്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നുറപ്പാണ്. ഐപിഎല്ലും സഞ്ജുവിന് നഷ്ടമാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്തായാലും പുള്‍ഷോട്ട് സഞ്ജുവിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

ശ്രേയസിന് നിര്‍ണ്ണായക റോള്‍

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യര്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. തിരിച്ചുവരവില്‍ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ ശ്രേയസിന് സാധിച്ചു. ചാമ്പ്യന്‍സ് ട്രോഫിയില്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ക്കാണ് ഇന്ത്യ അവസരം നല്‍കുക. ശ്രേയസിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമായി മാറുമെന്നുറപ്പാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് ശ്രേയസ്. ഷോര്‍ട്ട് ബോളിലെ പ്രശ്‌നങ്ങളും പരിഹരിച്ചതോടെ ശ്രേയസ് ഇന്ത്യയുടെ തുറുപ്പു ചീട്ടായി മാറാന്‍ സാധ്യതകളേറെയാണ്.

Story first published: Saturday, February 15, 2025, 7:51 [IST]
Other articles published on Feb 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+