ഇന്ത്യന്‍ കുപ്പായത്തില്‍ കസറാന്‍ സഞ്ജുവെത്തും! വരുന്നത് 11 കളികള്‍, അറിയാം
ഇന്ത്യന്‍ കുപ്പായത്തില്‍ സഞ്ജു സാംസണിന്റെ മടങ്ങിവരവിനായുള്ള ആരാധകരുടെ കാത്തിരിപ്പ് ജൂലൈയില്‍ അവസാനിച്ചേക്കും. ജൂലൈ- ആഗസ്റ്റ് മാസങ്ങളിലായി ടീം ഇന്ത്യ കളിക്കാനിരിക്കുന്ന പരമ്പരകളുടെ ഷെഡ്യൂള്‍ പുറത്തുവന്നിരിക്കുകയാണ്. ഇവയില്‍ തീര്‍ച്ചയായും സഞ്ജുവിനെ തിരിച്ചുവിളിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നിലവില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഐപിഎല്ലില്‍ കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം തകര്‍പ്പന്‍ ഫോമിലാണ്. ഒരു ഫിഫ്റ്റിയടക്കം രണ്ടിന്നിങ്‌സുകളില്‍ നിന്നും 97 റണ്‍സ് സഞ്ജു നേടിക്കഴിഞ്ഞു. മേയ് 28ന് ഐപിഎല്‍ അവസാനിച്ചതിനു ശേഷം ഇന്ത്യന്‍ ടീം കളിക്കുക ജൂണ്‍ ഏഴിന് ആരംഭിക്കുന്ന ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലാണ്. ഓസ്‌ട്രേലിയയുമായിട്ടാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്.

അതിനു ശേഷം ജൂലൈ-ആഗസ്റ്റ് മാസങ്ങളിലായി വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലാന്‍ഡ് പര്യടനങ്ങളാണ് ഇന്ത്യക്കു മുന്നിലുളളത്. വെസ്റ്റ് ഇന്‍ഡീസുമായി അവരുടെ നാട്ടില്‍ രണ്ടു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ചു ടി20കളും ഇന്ത്യ കളിക്കും. തുടര്‍ന്നു അയര്‍ലാന്‍ഡിലേക്കു പറക്കുന്ന ഇന്ത്യ അവിടെ മൂന്നു ടി20കളിലും കളിക്കും.
കഴിഞ്ഞ വര്‍ഷം അയര്‍ലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരുമായി അവരുടെ നാട്ടില്‍ കളിച്ച പരമ്പരകളില്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ച അദ്ദേഹം തകര്‍പ്പന്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ടി20യില്‍ സഞ്ജുവിന്റെ കന്നി ഫിഫ്റ്റി പിറന്നതും അയര്‍ലാന്‍ഡിനെതിരേയായിരുന്നു. 77 റണ്‍സോടെയായിരുന്നു അദ്ദേഹം കസറിയത്. അതിനു ശേഷം കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പിനു മുമ്പ് വെസ്റ്റ് ഇന്‍ഡീസില്‍ ഇന്ത്യ പരമ്പര നേടിയപ്പോഴും സഞ്ജു മിന്നിച്ചിരുന്നു. ഒരു കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു.
ഈ വര്‍ഷം വീണ്ടും വിന്‍ഡീസിലും അയര്‍ലാന്‍ഡിലും ഇന്ത്യന്‍ ടീം പര്യടനം നടത്താനിരിക്കെ സഞ്്ജുവും ടീമിന്റെ ഭാഗമായിരിക്കുമെന്നതില്‍ സംശയമില്ല. ഇതിനു പല കാരണങ്ങളുമുണ്ട്. പരിക്കേറ്റ് വിശ്രമിക്കുന്ന ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഈ പര്യടനങ്ങളില്‍ ടീമിന്റെ ഭാഗമാവില്ല. ടി20യില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും ഏകദിനത്തില്‍ കെഎല്‍ രാഹുലുമാണ്.
പക്ഷെ രണ്ടു പേരും നിലവില്‍ മോശം ഫോമിലാണ്. ഐപിഎല്ലിലെ കഴിഞ്ഞ മല്‍സരങ്ങളില്‍ ഇരുവരും ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. ഇഷാന്‍ ഐപിഎല്ലില്‍ മാത്രമല്ല അതിനു മുമ്പ് ഇന്ത്യക്കായി കളിച്ച മല്‍സരങ്ങളിലും ബാറ്റിങില്‍ ദയനീയ പരാജയമായിരുന്നു. ടി20യില്‍ നിലവില്‍ രാഹുല്‍ ടീമിന്റെ ഭാഗമല്ല. അതുകൊണ്ടു തന്നെ സഞ്ജു സാംസണിനെയാവും സെലക്ടര്‍മാര്‍ വരാനിരിക്കുന്ന പരമ്പരയില്‍ പരിഗണിക്കുക.

ഏകദിനത്തിലാവട്ടെ പരിക്കേറ്റു വിശ്രമിക്കുന്ന ശ്രേയസ് അയ്യര്‍ വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ കളിക്കാന്‍ സാധ്യത തീരെയില്ല. അദ്ദേഹത്തിനു പകരം ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച കഴിഞ്ഞ ഏകദിന പരമ്പരയില്‍ സൂര്യകുമാര്‍ യാദവിനെ ഇന്ത്യ പരീക്ഷിച്ചു നോക്കിയിരുന്നു. പക്ഷെ ഈ നീക്കം വന്‍ ദുരന്തമായി മാറി. മൂന്നു മല്‍സരങ്ങളിലും അദ്ദേഹം ഗോള്‍ഡന്‍ ഡെക്കാവുകയായിരുന്നു. ഇതു സഞ്ജു സാംസണിനു പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.
സൂര്യക്കു പകരം ശ്രേയലിന്റെ റോളിലേക്കു അദ്ദേഹത്തിനു നറുക്കുവീണേക്കും. ഏകദിനത്തില്‍ നിലവില്‍ 66 എന്ന മികച്ച ശരാശരിയുളളതിനാല്‍ തന്നെ സഞ്ജുവിനെ മാറ്റിനിര്‍ത്തുക അസാധ്യമാണ്. കാര്യമായ അട്ടിമറികളൊന്നും സംഭവിക്കാതിരുന്നാല്‍ വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലാന്‍ഡ് പര്യടനങ്ങളില്‍ സഞ്ജുവിനെ പ്ലെയിങ് ഇലവനില്‍ കാണാം. ടി20യില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും ഏകദിനത്തില്‍ ശ്രേയസിന്റെ പൊസിഷനില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററുമായിട്ടാവും അദ്ദേഹം കളിക്കുക.
വെസ്റ്റ് ഇന്‍ഡീസ്, അയര്‍ലാന്‍ഡ് എന്നിവരുമായുള്ള പരമ്പരകള്‍ സഞ്ജു സാംസണിനെ സംബന്ധച്ച് വളരെയധികം നിര്‍ണായകമായിരിക്കും. കാരണം ഏഷ്യാ കപ്പും (ഏകദിന ഫോര്‍മാറ്റ്) ഐസിസിയുടെ ഏകദിന ലോകപ്പും ഈ വര്‍ഷം നടക്കാനിരിക്കുകയാണ്. ഇവയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കപ്പെടണമെങ്കില്‍ സഞ്ജുവിന് തനിക്കു ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി മുതലെടുത്തേ തീരൂ. ഈ വര്‍ഷം ഇന്ത്യക്കായി ഒരു ടി20യില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. ജനുവരിയില്‍ ശ്രീലങ്കയുമായുള്ള ടി20 പരമ്പരയിലെ ആദ്യത്തെ മാച്ചിലായിരുന്നു ഇത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications