അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഭാവി അനിശ്ചിതത്വത്തില്‍ നില്‍ക്കവെ സര്‍പ്രൈസ് നീക്കത്തിനു തയ്യാറെടുക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. മൂന്നു വമ്പന്‍ ടൂര്‍ണമെന്റുകളിലാണ് ദേശീയ ടീമില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടത്. ഇതോടെ സഞ്ജുവിന്റെ കരിയറും ചോദ്യചിഹ്നമായിരിക്കുകയാണ്. ദേശീയ ടീമിലേക്കു ശക്തമായൊരു തിരിച്ചുവരവ് നടത്തുകയെന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ അദ്ദേഹം തയ്യാറെടുക്കുകയാണ് എന്നാണ് പുറത്തുവരുന്ന സൂചനകള്‍.
ഈ വര്‍ഷം തന്നെ കൗണ്ടി ക്രിക്കറ്റില്‍ ഏതെങ്കിലുമൊരു ടീമിനൊപ്പം നമുക്കു സഞ്ജുവിനെ കാണാന്‍ സാധിച്ചേക്കും. സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തി അതു വഴി വീണ്ടും ദേശീയ ടീമിലേക്കു വരാനും തന്റെ സ്ഥാനമുറപ്പിക്കാനുമാണ് സഞ്ജുവിന്റെ നീക്കം. സമീപകാലത്തു ദേശീയ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട ചില പ്രമുഖ താരങ്ങള്‍ കൗണ്ടി ക്രിക്കറ്റില്‍ കളിച്ചിരുന്നു.

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര, വെടിക്കെട്ട് താരം പൃഥ്വി ഷാ, പേസര്‍ ഉമേഷ് യാദവ്, ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, പേസര്‍ നവദീപ് സെയ്‌നി എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇവരില്‍ പുജാര മിന്നുന്ന പല പ്രകടനങ്ങളും നടത്തിയപ്പോള്‍ പൃഥ്വി അടുത്തിടെ കൗണ്ടിയിലെ 50 ഓവര്‍ മല്‍സരത്തില്‍ ഡബിള്‍ സെഞ്ച്വറിയും കുറിച്ചിരുന്നു.
ഈ മാസം ചൈനയിലെ ഗ്വാങ്ഷുവില്‍ ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യയുടെ ക്രിക്കറ്റ് ടീമില്‍ നിന്നായിരുന്നു സഞ്ജു ആദ്യം തഴയപ്പെട്ടത്. ഇതോടെ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനു ഇടം ലഭിക്കുമെന്നു സൂചനകളും വന്നു.
ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പരിക്കു കാരണം ലോകകപ്പില്‍ നിന്നും പിന്‍മാറിയതും ബാക്കപ്പായിരുന്ന കെഎല്‍ രാഹുലിന്റെ ഫിറ്റ്‌നസിനെക്കുറിച്ചുള്ള സംശയങ്ങളുമായിരുന്നു ഇതിനു കാരണം.
പക്ഷെ ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 17 അംഗ സ്‌ക്വാഡില്‍ നിന്നും സഞ്ജു തഴയപ്പട്ടതോടെ ലോകകപ്പ് സ്‌ക്വാഡിലും അദ്ദേഹത്തിനു ഇടം ലഭിച്ചേക്കില്ലെന്ന സംശയം ബലപ്പെട്ടു. രാഹുലിന്റെ ഫിറ്റ്നസ് പ്രശ്‌നങ്ങളെ തുടര്‍ന്നു ഏഷ്യാ കപ്പില്‍ ബാക്കപ്പായി (ട്രാവലിങ് റിസര്‍വ്) സഞ്ജുവിനെ ടീം തങ്ങള്‍ക്കൊപ്പം കൂട്ടിയിരുന്നു.
പക്ഷെ സൂപ്പര്‍ ഫോറിനു മുമ്പ് രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിനൊപ്പം ചേര്‍ന്നതോടെ അദ്ദേഹത്തിന്റെ പ്രതീക്ഷ അവസാനിക്കുകയും ചെയ്തു. സൂപ്പര്‍ ഫോറിലെ പാകിസ്താനുമായുള്ള ആദ്യ മല്‍സരത്തിനു മുമ്പ് തന്നെ സഞ്ജുവിനെ ഇന്ത്യ നാട്ടിലേക്കും അയച്ചിരിക്കുകയാണ്.

ഏഷ്യാ കപ്പ് ടീം പ്രഖ്യാപിച്ചപ്പോഴുള്ള സംശയം ശരിവയ്ക്കുന്നതായിരുന്നു കുറച്ചു ദിവസങ്ങള്‍ക്കു മുമ്പുള്ള ലോകകപ്പിനുള്ള ടീം പ്രഖ്യാപനം. അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി 15 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ അതിലും സഞ്ജുവിന്റെ പേര് ഇല്ലായിരുന്നു.
രാഹുലും ഇഷാന്‍ കിഷനുമായിരുന്നു ലോകകപ്പ് സ്‌ക്വാഡിലെ വിക്കറ്റ് കീപ്പര്‍മാര്‍. ഏകദിനത്തില്‍ സ്ഞ്ജുവിനേക്കാള്‍ മോശം ബാറ്റിങ് ശരാശരിയുള്ള സൂര്യകുമാര്‍ യാദവിനു പോലും ലോകകപ്പ് സ്‌ക്വാഡില്‍ ഇടം ലഭിച്ചുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഏഷ്യന്‍ ഗെയിംസ്, ഏഷ്യാ കപ്പ്, ലോകകപ്പ് എന്നിവയില്‍ നിന്നെല്ലാം ഒഴിവാക്കപ്പെട്ടതോടെ ഇനിയെന്ത് എന്നുള്ളതാണ് സഞ്ജുവിനു മുന്നിലുള്ള ചോദ്യം.
ലോകകപ്പിനു തൊട്ടുമുമ്പ് ഓസ്‌ട്രേലിയയുമായി മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ കളിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആ ടീമിലും സഞ്ജു ഉണ്ടാവില്ല. ലോകകപ്പിലെ 15 അംഗ സ്‌ക്വാഡിനെ തന്നെയാവും ഓസീസിനെതിരേയും ഇന്ത്യ നിലനിര്‍ത്തുക.