ടീം ഇന്ത്യയില്‍ തന്റെ സീറ്റുറപ്പിക്കുന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ കേരളം വിടാനൊരുങ്ങുകയാണന്ന പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാട് ടീമിലേക്കു അദ്ദേഹം ചേക്കേറിയേക്കുമെന്ന പോസ്റ്റ് ആരാധകരെയും ശരിക്കും ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്.
ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോള്‍ നടക്കുന്ന പ്രധാന ടൂര്‍ണമെന്റായ വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജുവിനെ ടീമിലുള്‍പ്പെടുത്തിയിട്ടില്ല. വയനാട്ടില്‍ നടന്ന കേരളാ ടീമിന്റെ ക്യാംപില്‍ പങ്കെടുത്തില്ല എന്ന കാരണത്താലാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചത്. ഈ അവഗണനയെ തുടര്‍ന്നാണ് സഞ്ജു ഇപ്പോള്‍ കേരളം വിടാന്‍ ആലോചിക്കുന്നതെന്നാണ് അഭ്യൂഹങ്ങള്‍.

തമിഴ്‌നാട് ടീമിലേക്ക് ?
സെര്‍ജിയോ എന്ന എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടില്‍ നിന്നാണ് ആരാധകരെ ഞെട്ടിച്ച പോസ്റ്റ് വന്നിട്ടുള്ളത്. ലോകമെമ്പാടുമുള്ള സഞ്ജു സാംസണിന്റെ ആരാധകരെ മാത്രമല്ല, മലയാളികളെയും ഈ പോസ്റ്റ് അക്ഷരാര്‍ഥത്തില്‍ സ്തബ്ധരാക്കി. തമിഴ്‌നാട് ക്രിക്കറ്റ് ടീമിലേക്കു മാറാന്‍ സഞ്ജു സാംസണ് പ്ലാന്‍ ചെയ്യുകയാണെന്നായിരുന്നു സെര്‍ജിയോ എന്ന അക്കൗണ്ടില്‍ നിന്നുള്ള പോസ്റ്റ്.
സഞ്ജു കേരളം വിടുകയാണെന്ന തരത്തില്‍ വൈറലായിരിക്കുന്ന പോസ്റ്റ് കാണാം
വളരെ വേഗത്തില്‍ ഇതു ആരാധകര്‍ക്കിടയില്‍ കത്തിക്കയറുകയും ചെയ്തു. പലരും പോസ്റ്റിനു താഴെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. നോര്‍ത്ത് ഇന്ത്യന്‍ ആരാധകര്‍ ഇതിനെ സ്വാഗതം ചെയ്തപ്പോള്‍ മറ്റൊരു വിഭാഗം ഫാന്‍സ് ഞെട്ടലാണ് രേഖപ്പെടുത്തിയത്. ഇത്തരമൊരു നീക്കം സഞ്ജു നടത്തരുതെന്നു അവര്‍ ആവശ്യപ്പെടുകയും ചെയ്തു.
ഒരിക്കലും സംഭവിച്ചേക്കില്ല
സഞ്ജു സാംസണ്‍ കേരളാ ടീം വിട്ട് തമിഴ്‌നാട്ടിലേക്കു മാറാനുള്ള സാധ്യത തീരെ കുറവാണെന്നതാണ് യാഥാര്‍ഥ്യം. താന്‍ കളിക്കുന്ന ഫ്രാഞ്ചൈസിയോടും സംസ്ഥാനത്തോടും രാജ്യത്തോടുമെല്ലാം വളരെയധികം കൂറ് പുലര്‍ത്തുന്നയാളാണ് അദ്ദേഹം. അതിനാല്‍ തന്നെ തമിഴ്‌നാടോ, മറ്റേതെങ്കിലും സംസ്ഥാനമോ സഞ്ജുവിനു ഓഫര്‍ നല്‍കിയാലും ഇതു തള്ളുമെന്ന കാര്യമുറപ്പാണ്.
നേരത്തേ ഇന്ത്യന്‍ ടീമില്‍ നിന്നും നിരന്തരം അവഗണന നേരിട്ടപ്പോള്‍ അയര്‍ലാന്‍ഡ് ദേശീയ ടീമില്‍ നിന്നും സഞ്ജുവിനു ഓഫര്‍ വന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ക്യാപ്റ്റന്‍സിയടക്കം അദ്ദേഹത്തിനു അവര്‍ വാഗ്ദാനവും ചെയ്തിരുന്നു. പക്ഷെ മലയാളി താരം സ്‌നേഹപൂര്‍വ്വം ഇതു നിരസിക്കുകയായിരുന്നു.
കൂടാതെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നപ്പോഴും മറ്റു ചില വമ്പന്‍ ഫ്രാഞ്ചൈസികള്‍ സഞ്ജുവിനു മുന്നില്‍ ചില ഓഫറുകള്‍ വച്ചിരുന്നു. പക്ഷെ ഇതെല്ലാം വേണ്ടെന്നു വച്ച അദ്ദേഹം റോയല്‍സില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
ഈ തരത്തിലുള്ള സഞ്ജു ഒരിക്കലും കേരളാ ടീം വിട്ട് മറ്റൊരു ടീമിലേക്കു മാറില്ലെന്നു ഉറപ്പാണ്. 2011 മുതല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ടീമിനായി കളിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. രഞ്ജിയിലടക്കം ടീമിനെ നയിച്ചു കൊണ്ടിരിക്കുന്നതും സഞ്ജുവാണ്.

കേരളാ ടീമിലെത്തിയേക്കും
വിജയ് ഹസാരെ ട്രോഫിയിലെ ശേഷിച്ച മല്‍സരങ്ങള്‍ക്കുള്ള കേരളാ ടീമില്‍ സഞ്ജു സാംസണിനെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. കാരണം ടൂര്‍ണമെന്റിലെ ഇനിയുള്ള മല്‍സരങ്ങളില്‍ കേരളത്തിനായി കളിക്കാന്‍ തയ്യാറാണെന്നു അദ്ദേഹം അറിയിച്ചു കഴിഞ്ഞതായി കെസിഎ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ സഞ്ജുവിനെ ടീമിലുള്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് കെസിഎ സെക്രട്ടറി പ്രതികരിച്ചിട്ടുള്ളത്.
അടുത്തിടെ സമാപിച്ച സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍മെന്റില്‍ കേരളാ ടീമിനെ നയിച്ചത് സഞ്ജുവായിരുന്നു. ഗ്രൂപ്പു ഘട്ടത്തിലെ ആറു മല്‍സരങ്ങളില്‍ അദ്ദേഹം കളിക്കുകയും ചെയ്തിരുന്നു. പക്ഷെ കേരളാ ടീം നോക്കൗട്ടിലെത്താതെ പുറത്താവുകയായിരുന്നു. അതിനു ശേഷം സഞ്ജുവിന്റെ കാലില്‍ പരിക്കേറ്റിരുന്നതായും ഇതേ തുടര്‍ന്നാണ് വയനാട്ടിലെ ക്യാംപില്‍ നിന്നും പിന്‍മാറിയതെന്നുമാണ് വിവരം.