മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്ന വലിയ വെല്ലുവിളികളിലൊന്ന് വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പരമ്പര. അഞ്ച് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പരക്കായി ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. അവസാന രണ്ട് തവണയും ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയതിനാല്‍ ഇത്തവണയും പരമ്പര നിലനിര്‍ത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ഓസ്‌ട്രേലിയ ഇത്തവണ പരമ്പര തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമം നടത്തുമെന്നതിനാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാവും.
ഇത് മുന്നില്‍ക്കണ്ടാണ് ഇന്ത്യ എ ടീമിനെ ആദ്യം ഓസ്‌ട്രേലിയയിലേക്കയക്കുന്നത്. ഇന്ത്യ പരിഗണിക്കുന്ന പ്രധാന യുവതാരങ്ങളെയെല്ലാം ഇന്ത്യ എ ടീമിനൊപ്പം അയക്കാനാണ് പദ്ധതി. റുതുരാജ് ഗെയ്ക് വാദ് ഇന്ത്യയെ നയിക്കുമെന്നാണ് വിവരം. ഇന്ത്യ ഓസീസ് പര്യടനത്തില്‍ ബാക്കപ്പ് താരങ്ങളായി പരിഗണിക്കാന്‍ സാധ്യതയുള്ള താരങ്ങളേയും ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്താനാണ് സൂചന. അങ്ങനെ വരുമ്പോള്‍ സഞ്ജു സാംസണിനും വിളിയെത്തുമെന്നാണ് ലഭിക്കുന്ന വിവരം.
സഞ്ജുവിന് മുന്നില്‍ അഗ്നിപരീക്ഷ
ടെസ്റ്റ് ടീമിലേക്കും സഞ്ജുവിനെ ഇന്ത്യ പരിഗണിക്കുന്നുണ്ടെന്ന വിവരം താരം തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഗൗതം ഗംഭീറും രോഹിത് ശര്‍മയും ഇത് സംബന്ധിച്ച് കൃത്യമായ സൂചന നല്‍കിയെന്നും സഞ്ജു സാംസണ്‍ വെളിപ്പെടുത്തിയിരുന്നു. ഇത് മുന്നില്‍ക്കണ്ട് സഞ്ജു ടെസ്റ്റ് ക്രിക്കറ്റിന് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ബംഗ്ലാദേശിനെതിരായ ടി20യിലെ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ സഞ്ജു രഞ്ജി ട്രോഫി കളിക്കുകയാണ്. ഇത് ടെസ്റ്റിലേക്കുള്ള വിളി പ്രതീക്ഷിച്ചു തന്നെയാണ്.
സഞ്ജു സാംസണിന് മുന്നില്‍ ഇപ്പോള്‍ അഗ്നിപരീക്ഷയാണുള്ളതെന്ന് പറയാം. ഓസീസ് പര്യടനത്തില്‍ ഇന്ത്യ എ ടീമിനൊപ്പം പ്രധാന വിക്കറ്റ് കീപ്പറായാവും സഞ്ജുവിന് അവസരം ലഭിക്കുക. ഓസീസ് പിച്ചില്‍ അനുഭവസമ്പത്തില്ലാത്ത സഞ്ജുവിന് ഇന്ത്യ എ ടീമിനൊപ്പം എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മികവ് കാട്ടാനാവാതെ പോയാല്‍ സഞ്ജുവിന് ടെസ്റ്റിലേക്ക് എത്താനുള്ള മോഹത്തിനത് വലിയ തിരിച്ചടിയാവുമെന്ന് പറയാം.

ഇഷാന്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നു
സഞ്ജു സാംസണെ സംബന്ധിച്ച് ഇഷാന്‍ കിഷന്‍ വലിയ വെല്ലുവിളിയാണ്. ബുച്ചി ബാബു ട്രോഫി, ദുലീപ് ട്രോഫി, ഇപ്പോഴിതാ രഞ്ജി ട്രോഫിയിലും സെഞ്ച്വറി പ്രകടനം നടത്താന്‍ ഇഷാന്‍ കിഷന് സാധിച്ചിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ മധ്യനിരയില്‍ ബാറ്റ് ചെയ്താണ് ഇഷാന്റെ സെഞ്ച്വറി പ്രകടനം. ഇഷാന്‍ കിഷന്‍ മികച്ച ഫോമില്‍ കളിക്കവെ സഞ്ജുവിന് ബാറ്റുകൊണ്ടും കീപ്പിങ്ങുകൊണ്ടും വിസ്മയിപ്പിക്കേണ്ടത് അത്യാവശ്യമാണ്.
ഓസ്‌ട്രേലിയയില്‍ ഇന്ത്യ എ ടീമിനൊപ്പം കളിക്കാന്‍ അവസരം ലഭിച്ചാല്‍ സഞ്ജുവിനത് മുതലാക്കാന്‍ സാധിക്കണം. സഞ്ജുവിന് ഓസ്‌ട്രേലിയയില്‍ തിളങ്ങാനായാല്‍ സെലക്ടര്‍മാര്‍ തീര്‍ച്ചയായും അദ്ദേഹത്തിന് ടെസ്റ്റില്‍ അവസരം നല്‍കും. പേസിനേയും സ്പിന്നിനേയും നന്നായി നേരിടുന്ന താരമാണ് സഞ്ജു. അതുകൊണ്ടുതന്നെ സഞ്ജുവിന് ഓസീസില്‍ തിളങ്ങാനാവുമെന്ന് കരുതാം. അങ്ങനെ വന്നാല്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ റോളിലേക്ക് സഞ്ജുവിനും വിളി ലഭിച്ചേക്കും.
ഗംഭീറിന്റെ പദ്ധതി സഞ്ജുവിന് അനുകൂലം
ഇന്ത്യയുടെ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ പദ്ധതികള്‍ സഞ്ജു സാംസണിന് അനുകൂലമാണ്. ടെസ്റ്റിലും ആക്രമണോത്സകതയുള്ള താരങ്ങള്‍ വേണമെന്നതാണ് ഗംഭീറിന്റെ നിലപാട്. പരമ്പരാഗത ക്ലാസിക് ശൈലിയെ ഗംഭീര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. സര്‍ഫറാസ് അഹമ്മദിനെപ്പോലെയും റിഷഭ് പന്തിനെപ്പോലെയുമുള്ള താരങ്ങളെയാണ് ഗംഭീര്‍ പ്രോത്സാഹിപ്പിക്കുന്നത്.
സഞ്ജു സാംസണും പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ ശേഷിയുള്ള കളിക്കാരനാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള സഞ്ജു സാംസണിന് ഓസ്‌ട്രേലിയയില്‍ അവസരം ലഭിച്ചാല്‍ അത് മുതലാക്കാനായാല്‍ ടെസ്റ്റിലേക്ക് വിളി വൈകില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ താരം ഇത് മുതലാക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.