ഇന്ത്യക്കു വേണ്ടി റെഡ് ബോള്‍ ക്രിക്കറ്റില്‍ കളിക്കുകയെന്ന സഞ്ജു സാംസണിന്റെ സ്വപ്‌നം വൈകാതെ യാഥാര്‍ഥ്യമായേക്കും. ടെസ്റ്റ് ഫോര്‍മാറ്റില്‍ തന്നെയും പരിഗണിക്കുന്നുണ്ടെന്ന നിര്‍ണാക സന്ദേശം ഇന്ത്യന്‍ ടീം മാനേജ്‌മെന്റില്‍ നിന്നും ലഭിച്ചു കഴിഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. ബംഗ്ലാദേശിനെതിരേയുള്ള ടി20 പരമ്പരയിലെ മിന്നുന്ന പ്രകടനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.
വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ ഇതിനകം ദേശീയ ടീമിനായി കളിച്ചു കഴിഞ്ഞ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണ് ടെസ്റ്റ് അരങ്ങേറ്റം. ഇതേക്കുറിച്ചു സഞ്ജു പലപ്പോഴും തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഗൗതം ഗംഭീര്‍ മുഖ്യ കോച്ചായി വന്നതിനു ശേഷം അദ്ദേഹതിന്റെ ഈ മോഹവും പൂവണിയാന്‍ പോവുകയാണ്.

ടീം മാനേജ്‌മെന്റിന്റെ സന്ദേശം
ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുന്നതുമായി ബന്ധപ്പെട്ട് ടീം മാനേജ്‌മെന്റില്‍ നിന്നും തനിക്കു സന്ദേശം ലഭിച്ചു കഴിഞ്ഞുവെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ സഞ്ജു സാംസണ്‍ വെളിപ്പെടുത്തിയത്.
ഇപ്പോള്‍ നടക്കുന്ന രഞ്ജി ട്രോഫി റെഡ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിനു വേണ്ടി നന്നായി തയ്യാറെടുക്കണമെന്ന സന്ദേശമാണ് ടീം മാനേജ്‌മെന്റ് സഞ്ജുവിനു നല്‍കിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലേക്കും അദ്ദേഹത്തെ ടീം മാനേജ്‌മെന്റ് പരിഗണിക്കുന്നുണ്ടെന്നതാണ് ഇതിനു കാരണം. ടെസ്റ്റ് ക്രിക്കറ്റ് എനിക്കു ഒരുപാട് ഇഷ്ടമാണ്. ഇന്ത്യക്കായി ഈ ഫോര്‍മാറ്റില്‍ കളിക്കുകയെന്നത് തന്റെ ആഗ്രഹങ്ങളിലൊന്നാണെന്നും സഞ്ജു വ്യക്തമാക്കി.
കേരളത്തിനായി കളിക്കും
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട റെഡ് ബോള്‍ ടൂര്‍ണമെന്റായ രഞ്ജി ട്രോഫിയുടെ പുതിയ സീസണിനു തുടക്കമായിക്കഴിഞ്ഞു. പഞ്ചാബുമായി നാട്ടില്‍ നടന്ന സീസണിലെ ആദ്യ മല്‍സരത്തില്‍ സച്ചിന്‍ ബേബി നയിച്ച കേരളാ ടീം ഗംഭീര വിജയമാണ് ആഘോഷിച്ചത്. കരുത്തരായ പഞ്ചാബിനെ കേരളം എട്ടു വിക്കറ്റിനു തകര്‍ത്തുവിടുകയായിരുന്നു.
ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായതിനാല്‍ ഈ മല്‍സരം സഞ്ജു സാംസണിനു നഷ്ടമായിരുന്നു. എന്നാല്‍ അടുത്ത മല്‍സരത്തില്‍ കേരളാ ക്യാപ്റ്റനായി അദ്ദേഹം ടീമില്‍ മടങ്ങിയെത്തിയിരിക്കുകയാണ്. മുന്‍ ചാംപ്യന്‍മാരായ കര്‍ണാടകയ്‌ക്കെതിരേ 18 മുതല്‍ ആലൂര്‍ സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ അടുത്ത മല്‍സരം. ഈ മല്‍സരത്തില്‍ മികച്ച ബാറ്റിങ് പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സഞ്ജു.
ടെസ്റ്റ് ടീമിലേക്കും പരിഗണനയിലുണ്ടെന്ന നിര്‍ണാക സന്ദേശം ഇന്ത്യന്‍ മാനേജ്‌മെന്റ് നല്‍കിയതോടെ അദ്ദേഹത്തിനു ഈ സീസണ്‍ ഏറെ പ്രധാനപ്പെട്ടതായി മാറിയിരിക്കുകയാണ്. സീസണില്‍ 500-600 റണ്‍സെങ്കിലും സ്വന്തം പേരില്‍ കുറിക്കാനായാല്‍ അധികം വൈകാതെ തന്നെ ടെസ്റ്റ് ടീമിലും സഞ്ജുവിനെ കാണാന്‍ സാധിച്ചേക്കും.

റെഡ് ബോള്‍ കരിയര്‍
ഇന്ത്യക്കൊപ്പം ടെസ്റ്റ് ക്രിക്കറ്റില്‍ ഇനിയും അരങ്ങേറാനായിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ സഞ്ജു സാംസണിന്റെ റെക്കോര്‍ഡ് മികച്ചതാണെന്നു കാണാം. കേരളത്തിനു വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 64 മല്‍സരങ്ങളില്‍ കളിച്ച അനുഭവസമ്പത്ത് 29 കാരനായ താരത്തിനുണ്ട്.
119 ഇന്നിങ്‌സുകളില്‍ നിന്നും 3819 റണ്‍സാാണ് സഞ്ജുവിന്റെ സമ്പാദ്യം. 38.96 ശരാശരിയില്‍ 59.84 എന്ന സ്‌ട്രൈക്ക് റേറ്റോടെയാണിത്. 11 സെഞ്ച്വറികളും 16 ഫിഫ്റ്റികളും അദ്ദേഹം സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 212 റണ്‍സാണ്.
ഏറ്റവും അവസാനമായി റെഡ് ബോള്‍ ക്രിക്കറ്റില്‍ സഞ്ജുവിനെ കണ്ടത് ദുലീപ് ട്രോഫിയിലായിരുന്നു. ശ്രേയസ് അയ്യര്‍ നയിച്ച ഇന്ത്യ സി ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. ടൂര്‍ണമെന്റിലെ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ തകര്‍പ്പന്‍ സെഞ്ച്വറിയും സഞ്ജു നേടിയിരുന്നു.