For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പ് ഫൈനല്‍ കളിച്ചേനെ, ടോസിന് തൊട്ട് മുമ്പ് പുറത്ത്!! സഞ്ജുവിന്റെ വെളിപ്പെടുത്തല്‍

വെസ്റ്റ് ഇന്‍ഡീസില്‍ ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിന്റെ ഫൈനലില്‍ താനും കളിക്കേണ്ടതായിരുന്നുവെന്നും ടോസിനു തൊട്ടുമുമ്പാണ് സ്ഥാനം നഷ്ടമായതെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍. മാധ്യമപ്രവര്‍ത്തകനായ വിമല്‍ കുമാറിനു നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് സഞ്ജുവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തില്‍. ഇക്കാര്യം മുമ്പൊരിക്കലും താന്‍ തുറന്നു പറഞ്ഞിട്ടില്ലെന്നും ആദ്യമായാണ് ഇക്കാര്യം പുറത്തുവിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യക്കൊപ്പം ലോകകപ്പ് വിജയത്തില്‍ പങ്കാളിയാവാനുള്ള ഭാഗ്യമുണ്ടായെങ്കിലും ടൂര്‍ണമെന്റിലെ ഒരു മല്‍സരത്തില്‍പ്പോലും സഞ്ജുവിനു പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. ടൂര്‍ണമെന്റിനു തൊട്ടുമുമ്പ് ബംഗ്ലാദേശുമായുള്ള ഏക സന്നാഹ മല്‍സരത്തില്‍ അദ്ദേഹത്തെ ഓപ്പണറായി പരീക്ഷിച്ചിരുന്നു. പക്ഷെ ഒറ്റയക്ക സ്‌കോറില്‍ പുറത്തായി.

ഈ കളിയില്‍ മൂന്നാം നമ്പറില്‍ കളിച്ച റിഷഭ് പന്ത് തകര്‍പ്പന്‍ ഫിഫ്റ്റിയോടെ കസറുകയും ചെയ്തു. ഇതോടെ ലോകകപ്പിലെ മുഴുവന്‍ മല്‍സരങ്ങളിലും അദ്ദേഹത്തെ തന്നെ മൂന്നാം നമ്പറില്‍ ഇന്ത്യ പരീക്ഷിക്കുകയായിരുന്നു. പക്ഷെ ഫൈനലിലടക്കം ഫ്‌ളോപ്പായ റിഷഭിനു ഒരു ഫിഫ്റ്റി പോലും നേടാന്‍ സാധിച്ചതുമില്ല.

SANJU SAMSON- ROHIT SHARMA

ഫൈനലില്‍ സ്ഥാനം നഷ്ടമായതെങ്ങനെ?

ലോകകപ്പിന്റെ ഫൈനലില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ താനും കളിക്കേണ്ടതായിരുന്നുവെന്നു സഞ്ജു സാംസണ്‍ പറഞ്ഞു. ബാര്‍ബഡോസിലായിരുന്നു അന്നു ഫൈനല്‍. ഞാന്‍ ഇതില്‍ കളിക്കാനുള്ള സാധ്യതയും തെളിഞ്ഞിരുന്നു. കളിക്കുന്നതിനായി തയ്യാറായിരിക്കണമെന്നു എന്നോടു ആവശ്യപ്പെടുകയും ചെയ്തു. ഞാനും ഇതിനു വേണ്ടി തയ്യാറെടുത്തു കഴിഞ്ഞിരുന്നു.

ടോസിനു മുമ്പാണ് എന്നെ കളിപ്പിക്കുന്നില്ലെന്നും തൊട്ടുമുമ്പത്തെ മല്‍സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്താനാണ് തീരുമാനമെന്നും എന്നെ അറിയിച്ചത്. അതു കുഴപ്പമില്ല, അങ്ങനെയൊരു മൂഡിലായിരുന്നു അപ്പോള്‍ താനെന്നും സഞ്ജു വെളിപ്പെടുത്തി.

രോഹിത് സംസാരിച്ചു

ഫൈനലില്‍ സ്ഥാനം നഷ്ടമായതിനു ശേഷം ഇതേക്കുറിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെ തനിച്ചു വിളിച്ച് സംസാരിച്ചിരുന്നതായും സഞ്ജു സാംസണ്‍ പറഞ്ഞു. ടോസിനു മുന്നോടിയായി വാം അപ്പിനിടെയാണ് രോഹിത് ഭായി എന്നെ വിളിച്ച ശേഷം തനിച്ചു മാറ്റിനിര്‍ത്തി സംസാരിച്ചത്. എന്തുകൊണ്ടാണ് എന്നെ കളിപ്പിക്കാത്തതെന്നും കഴിഞ്ഞ കളിയിലെ അതേ ടീമിനെ എന്തുകൊണ്ടു നിലനിര്‍ത്തിയെന്നും എനിക്കു മനസിലാക്കി തരാന്‍ ശ്രമിക്കുകയും ചെയ്തു.

സഞ്ജൂ, നിന്നെ എന്തുകൊണ്ട് കളിപ്പിക്കാത്തതെന്നു മനസിലായിക്കാണുമല്ലോ എന്നെല്ലാം വളരെ സൗമ്യമായി എന്നോടു പറഞ്ഞു. എനിക്കു മനസ്സിലായിട്ടുണ്ടെന്നും മല്‍സരം നടക്കട്ടെയെന്നും ഞാന്‍ അദ്ദേഹത്തോടു പറയുകയും ചെയ്തു. നമ്മള്‍ ഈ ഫൈനലില്‍ വിജയിച്ചതിനു ശേഷം സംസാരിക്കാമെന്നും ഞാന്‍ രോഹിത് ഭായിയോടു പറയുകയായിരുന്നു. അതോടെ ശരിയെന്നു പറഞ്ഞ് അദ്ദേഹം പോവുകയായിരുന്നുവെന്നും സഞ്ജു വ്യക്തമാക്കി.

വീണ്ടും അരികിലേക്കു വന്നു

ഇക്കാര്യം പറഞ്ഞതിനു ശേഷം തിരികെ പോയ രോഹിത് ഭായി കുറച്ചു മിനിറ്റിനുള്ളില്‍ തന്നെ വീണ്ടും എന്റെ അടുത്തേക്കു വരികയായിരുന്നു. നീ എന്നെക്കുറിച്ച് മനസ്സില്‍ എന്തൊക്കെയോ പറഞ്ഞിട്ടുണ്ടാവുമെന്നു അദ്ദേഹം പറയുകയും ചെയ്തു. തനിക്കു അങ്ങനെയാണ് തോന്നിയതെന്നും രോഹിത് ഭായി പറഞ്ഞുവെന്നു സഞ്ജു സാംസണ്‍ പൊട്ടിച്ചിരിച്ചു കൊണ്ട് വെളിപ്പെടുത്തി.

SANJU SAMSON- ROHIT SHARMA

ടീമില്‍ അവസരം കിട്ടാത്തതില്‍ നീ ഒട്ടും സന്തുഷ്ടനല്ലെന്നും മനസ്സില്‍ എന്തൊക്കെയോ ഉണ്ടെന്നുമെല്ലാം രോഹിത് ഭായി പറഞ്ഞു കൊണ്ടിരുന്നു. ഇല്ല, അങ്ങനെ ഒന്നും തന്നെയില്ലയെന്നു ഞാന്‍ അദ്ദേഹത്തോടു ആവര്‍ത്തിച്ചു പറയുകയും ചെയ്തു. കുറച്ചു നേരം ഞങ്ങള്‍ ഇതേക്കുറിച്ച് സംസാരിച്ചു. അതിനു ശേഷം ഞാന്‍ അദ്ദേഹത്തോടു മനസ് തുറക്കുകയും ചെയ്തു.

കളിക്കണമെന്നു തന്നെയാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. കുട്ടിക്കാലം മുതല്‍ ഞാന്‍ മനസ്സില്‍ കൊണ്ടുനടന്ന സ്വപ്‌നങ്ങളിലൊന്നായിരുന്നു ഇതെന്നും രോഹിത് ഭായിയോടു പറഞ്ഞു. സഞ്ജൂ, എന്റെ പാറ്റേണ്‍ ഇങ്ങനെയാണെന്നും എന്തുകൊണ്ടാണ് ഫൈനലില്‍ അതേ കോമ്പിനേഷന്‍ നിലനിര്‍ത്തിയത് എന്നുമെല്ലാം എന്നോടു വിശദീകരിച്ചു.

നിങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായി ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. മാത്രമല്ല നിങ്ങളെപ്പോലെ ഒരു ക്യാപ്റ്റനു കീഴില്‍ ലോകകപ്പ് ഫൈനലില്‍ കളിക്കാന്‍ ഭാഗ്യം ലഭിക്കാതെ പോയതിന്റെ പശ്ചാത്താപം എപ്പോഴുമുണ്ടാവുമെന്നും രോഹിത് ഭായിയോടു പറഞ്ഞിരുന്നുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

Story first published: Monday, October 21, 2024, 21:59 [IST]
Other articles published on Oct 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+