ഇന്ത്യന്‍ ടീമില്‍ നിന്നും തുടര്‍ച്ചയായി തഴയപ്പെടുമ്പോള്‍ തനിക്കു ദുഖം തോന്നാറില്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. താന്‍ ഇനിയും കൂടുതല്‍ മെച്ചപ്പെടാനുണ്ടെന്നുള്ള പാഠം കൂടിയാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹൈന്‍ഡ്‌വുഡ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് ദേശീയ ടീമില്‍ നിന്നും അവഗണിക്കപ്പെടുമ്പോഴുള്ള തന്റെ മാനസികാവസ്ഥയെക്കുറിച്ച് സഞ്ജു തുറന്നു പറഞ്ഞത്.
അടുത്തിടെ ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ സഞ്ജു പ്രതികരിച്ചിരുന്നു. ബാറ്റ് ചെയ്യുന്ന ഫോട്ടോയ്‌ക്കൊപ്പം ഇറ്റ് ഈസ് വാട്ട് ഇറ്റ് ഈസ് (It Is What It Is) ഐ ചൂസ് ടു കീപ്പ് മൂവിങ് ഫോര്‍വേഡ് (I Chooose To Keep Moving Forward) എന്നായിരുന്നു ആശ്ചര്യചിഹ്നത്തോടൊപ്പം അദ്ദേഗഹം കുറിച്ചത്. ഇതു ദേശീയ മാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. എന്തു കൊണ്ടായിരുന്നു ഈ രീതിയില്‍ അന്നു പ്രതികരിച്ചതെന്നു സഞ്ജു തുറന്നു പറഞ്ഞിരിക്കുകയാണ്.

അന്നു അങ്ങനെയൊരു പോസ്റ്റ് ഇട്ടതിനു പിന്നില്‍ സങ്കടമോ, ദേഷ്യമോ ഒന്നുമായിരുന്നില്ലെന്നാണ് സഞ്ജു പറയുന്നത്. സങ്കടം കാരണമല്ല അന്നു അങ്ങനെ പ്രതികരിച്ചത്. സാധാരണയായി ഞാന്‍ ഒട്ടും തന്നെ പ്രതികരിക്കാറില്ല. ഇറ്റ് ഈസ് വാട്ട് ഇറ്റ് ഈസ് എന്നൊരു ക്യാപ്ഷനായിരുന്നു ഞാന്‍ നല്‍കിയത്.
നമുക്കു പലതും ആഗ്രഹിക്കാം. പക്ഷെ ജീവിതം നമ്മുടെ പ്ലാന്‍ അനുസരിച്ചു തന്നെ പോവണമെന്നില്ല. ചില സമയങ്ങളില്‍ നമ്മള്‍ അതു അംഗീകരിച്ചേ മതിയാവൂ. നമുക്ക് ഇനിയും മുന്നോട്ടു പോവാമെന്ന അര്‍ഥത്തിലാണ് ഞാന്‍ അന്നു അത്തരമൊരു പോസ്റ്റ് ഇട്ടതെന്നും സഞ്ജു വ്യക്തമാക്കി.
എല്ലാത്തിനെയും പോസിറ്റീവായി തന്നെ കണ്ട് മുന്നോട്ടുപോവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ പോസ്റ്റിനു പിന്നില്‍ സങ്കടമോ, ദേഷ്യമോ ഒന്നും തന്നെ ഇല്ലായിരുന്നു. ഇതു ആദ്യമായിട്ടല്ല ഇങ്ങനെയൊരു സാഹചര്യം ഞാന്‍ നേരിടുന്നത്.
ഒരു കരിയര്‍ ആവുമ്പോള്‍ ഒരുപാട് വെല്ലുവിളികളിലൂടെ നമുക്കു കടന്നു പോവേണ്ടതായി വരും. ജീവിതത്തിന്റെ ഒരു രസമെന്നു പറയുന്നതും ഈ വെല്ലുവിളികള്‍ തന്നെയാണ്. നമ്മള്‍ വിചാരിക്കുന്നതു പോലെയെല്ലാം നാളെ നടക്കാന്‍ തുടങ്ങിയാല്‍ അതു ബോറായി മാറുമെന്നും സഞ്ജു പറഞ്ഞു.
ഇതുപോലെയുള്ള വെല്ലുവിളികളിലൂടെ കടന്നു പോവുമ്പോള്‍ നമുക്കു ഇമോഷന്‍സും ഉണ്ടാവും. നമുക്കു വേണമെങ്കില്‍ ദേഷ്യപ്പെടാം, നിരാശപ്പെടാം, കുറ്റവും പറയാം. പക്ഷെ ഞാന്‍ ചെറിയ പ്രായം മുതല്‍ തന്നെ എനിക്കു മേല്‍ തന്നെയാണ് കൂടുതല്‍ ഫോക്കസ് ചെയ്തിരുന്നത്.
നമ്മള്‍ ആഗ്രഹിച്ച ഒരു ഫലം ലഭിച്ചില്ലെങ്കില്‍ ആ കാരണം കൊണ്ടാണ് അതു ലഭിക്കാതെ പോയതെന്നോ, മറ്റൊരാള്‍ കാരണമാണ് ഇതു സംഭവിച്ചതെന്നോ, അല്ലെങ്കില്‍ ആ സിസ്റ്റമാണ് തിരിച്ചടിയായി മാറിയതെന്നോ ഒക്കെ പറയാം. പക്ഷെ ഞാന്‍ ഈ തരത്തിലല്ല ചെറുപ്പം മുതല്‍ ചിന്തിക്കാറുള്ളത്. എന്തെങ്കിലും കാര്യം എന്റെ ജീവിതത്തില്‍ നടക്കാതിരിക്കുകയാണെങ്കില്‍ ഞാന്‍ എന്നെത്തന്നെയാണ് ഇതിനു കാരണമായി കണക്കാക്കാറുള്ളത്.

ചര്‍ച്ചയായി മാറിയ സഞ്ജുവിന്‍റെ പഴയ പോസ്റ്റ് (screenshot)
എന്തു കുറവു കാരണമാണ് എനിക്കു അതു ലഭിക്കാതെ പോയത്? സെഞ്ച്വറയടിക്കുന്ന എനിക്കു എന്തുകൊണ്ട് ഡബിള്‍ സെഞ്ച്വറി നേടാന്‍ കഴിയുന്നില്ല? എന്റെ ഫിറ്റ്‌നസ് നിലവാരം ഇതാണെങ്കില്‍ ഞാന്‍ എന്തുകൊണ്ട് അതു മെച്ചപ്പെടുത്തുന്നില്ല? ഈ രീതിയിലാണ് ഞാന്‍ ചിന്തിക്കാറുള്ളത്. ഞാന്‍ എന്നെത്തന്നെയാണ് നോക്കുന്നത്. നീ എന്തുകൊണ്ട് അതു എത്തിയില്ല? എങ്ങനെ ഇനിയും മെച്ചപ്പേടാം എന്നിങ്ങനെ ഞാന്‍ ചിന്തിക്കാറുണ്ട്. ക്രിക്കറ്റാണ് ഇങ്ങനെയൊരു ശീലം ചെറുപ്പം മുതല്‍ എന്നെ പഠിപ്പിച്ചത്.
ജീവിതത്തില്‍ നെഗറ്റീവായ എന്തു സംഭവമുണ്ടായാലും അതിനെ പോസിറ്റീവായി കണ്ട് നമ്മളെത്തന്നെ വര്‍ക്ക് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ നമ്മളില്‍ തന്നെയാണ് നിയന്ത്രണവുമുള്ളത്. അങ്ങനെയൊരു ശീലമാണ് എനിക്കുള്ളത്. അന്നത്തെ ആ പോസ്റ്റിനു പിന്നില്‍ സങ്കടമോ, ദേഷ്യമോ ഇല്ലായിരുന്നു. അന്നു എനിക്കു ബ്രാക്കറ്റില്‍ ഇക്കാര്യം കൊടുക്കുകയും ചെയ്യാമായിരുന്നു (ചിരിക്കുന്നു). ജീവതം ഇതാണ് നിങ്ങള്‍ക്കു നല്‍കിയത്. അതു അംഗീകരിച്ചു മുന്നോട്ടു പോവണമെന്നാണ് ഉദ്ദേശിച്ചതെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.