കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും നിര്‍ഭാഗ്യവാനായ താരമാണ് സഞ്ജു സാംസണ്‍. കേരള ക്രിക്കറ്റ് ടീം താരമായ സഞ്ജു ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചാണ് ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്നത്. നിലവില്‍ രാജസ്ഥാന്റെ നായകനാണ് സഞ്ജു. ഐപിഎല്ലില്‍ മികച്ച പ്രകടനങ്ങള്‍ നടത്തി ആരാധകരുടെ ഹീറോയാവാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് വേണ്ടത്ര അവസരമില്ലെന്നതാണ് വസ്തുത.
ഇത് നിരന്തരം ആരാധകര്‍ വിമര്‍ശനമായി ഉയര്‍ത്തുന്ന കാര്യമാണ്. പ്രതിഭയുണ്ടായിട്ടും സഞ്ജുവിന് അതിനൊത്ത് അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന് തന്നെ പറയാം. പലപ്പോഴും സഞ്ജുവിനെ ടീമിലെടുക്കുമ്പോഴും കളിക്കാന്‍ അവസരം നല്‍കാതെ തഴയപ്പെടുന്നതും കാണാം. ഇത്തരത്തില്‍ ടീമിലെടുത്തിട്ടും കളിക്കാന്‍ അവസരം ലഭിക്കാത്ത സാഹചര്യത്തെ എങ്ങനെയാണ് മറികടക്കുന്നതെന്ന് സഞ്ജു ഒരിക്കല്‍ തുറന്ന് പറഞ്ഞിരുന്നു. ഇത് എന്താണെന്ന് അറിയാം.
കാറെടുത്ത് കറങ്ങാന്‍ പോകും
കാര്‍ എടുക്ക് യാത്ര പോയാണ് ഇത്തരം സമയത്തെ ബോറടി മാറ്റുന്നതെന്നാണ് സഞ്ജു സാംസണ്‍ പറയുന്നത്. ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുമെങ്കിലും കളിക്കാന്‍ അവസരം ലഭിക്കാത്ത ചില സാഹചര്യങ്ങളുണ്ടാവും. പ്രത്യേകിച്ച് വിദേശ പര്യടനങ്ങള്‍ക്കിടയില്‍. വിദേശ പര്യടനങ്ങളില്‍ കൂടുതലും ഭാര്യയെ ഒപ്പം കൂട്ടാറുണ്ട്. കളിക്കാന്‍ അവസരം ലഭിക്കാതെ വരുമ്പോള്‍ അവിടെ കാര്‍ വാടകയ്‌ക്കെടുത്ത് കറങ്ങാന്‍ പോവുകയാണ് ചെയ്യുന്നത്.
അവസരം ലഭിക്കാത്തതിന്റെ നിരാശ മറക്കാനും ഇത് സഹായിക്കുമെന്നാണ് സഞ്ജു പറയുന്നത്. സഞ്ജുവിന് വിദേശ പര്യടനങ്ങളില്‍ അവസരം ലഭിക്കുന്നത് വളരെ കുറവാണ്. ബംഗ്ലാദേശ്, അയര്‍ലന്‍ഡ് പോലുള്ള ചെറിയ ടീമുകള്‍ക്കെതിരായ പര്യടനങ്ങളില്‍ മാത്രമാണ് സഞ്ജുവിന് അവസരം ലഭിക്കുന്നത്. ഇവിടെ പര്യടനം നടത്തുമ്പോള്‍ അവിടുത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും താരങ്ങള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ പരമ്പരകള്‍ക്കിടയില്‍ താരങ്ങള്‍ കറങ്ങാന്‍ പോകുന്നത് വളരെ കുറവാണെന്ന് പറയാം.

ട്രിപ്പടിച്ചതിന് സഞ്ജുവിന് പണികിട്ടിയിട്ടുണ്ട്
സമ്മര്‍ദ്ദമുള്ള സാഹചര്യങ്ങളില്‍ ഇതിനെ മറികടക്കാനുള്ള സഞ്ജു സാംസണിന്റെ തന്ത്രം യാത്രകള്‍ പോവുകയെന്നതാണ്. സര്‍ഫിങ് ഉള്‍പ്പെടെ അത്യാവശ്യം സാഹസകരമായ കാര്യങ്ങള്‍ ചെയ്യാനാണ് സഞ്ജുവിന് താല്‍പര്യം. എന്നാല്‍ ഇത്തരത്തില്‍ കറങ്ങാന്‍ പോയി നടപടി നേരിട്ടിട്ടുള്ള താരമാണ് സഞ്ജു. കേരള ക്രിക്കറ്റ് താരമായിരിക്കുമ്പോഴായിരുന്നു ഈ സംഭവം. രണ്ട് ദിവസം ഇടവേള ലഭിച്ചപ്പോള്‍ ബംഗളൂരുവില്‍ നിന്ന് സഞ്ജു കറങ്ങാന്‍ പോയി.
ടീം മാനേജ്‌മെന്റിനെ അറിയിക്കാതെയാണ് സഞ്ജു സുഹൃത്തുക്കളോടൊപ്പം കറങ്ങാന്‍ പോയതെന്നാണ് അന്ന് വന്ന റിപ്പോര്‍ട്ട്. അനുവാദം വാങ്ങിയാണ് യാത്ര പോയതെന്ന് സഞ്ജു പറഞ്ഞെങ്കിലും താരത്തിനെതിരേ നടപടി സ്വീകരിച്ചു. എന്നാല്‍ ഐപിഎല്ലിലും ഇന്ത്യന്‍ ടീമിലും സജീവമായതിന് ശേഷം സഞ്ജുവില്‍ നിന്ന് ഇത്തരമൊരു അച്ചടക്കമില്ലാത്ത പെരുമാറ്റം ഉണ്ടായിട്ടില്ല. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനെന്ന നിലയില്‍ എല്ലാവര്‍ക്കും മാതൃകയാണ് സഞ്ജു.
ഇന്ത്യന്‍ ടീമിലേക്ക് എപ്പോള്‍ മടങ്ങിയെത്തും?
നിലവില്‍ സഞ്ജു സാംസണിന് ഇന്ത്യന്‍ ടീമിന് പുറത്താണ് സീറ്റ്. സമീപകാലത്തായി കളിക്കാന്‍ അവസരം ലഭിച്ചില്ലായിരുന്നെങ്കിലും ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ സഞ്ജുവിന് സാധിക്കാറുണ്ട്. ടി20 ലോകകപ്പിന്റെയടക്കം ഭാഗമായി സഞ്ജു ഉണ്ടായിരുന്നു. അവസാന ശ്രീലങ്കന്‍ ടി20 പരമ്പരയിലും സഞ്ജു കളിച്ചിരുന്നു. എന്നാല്‍ രണ്ട് മത്സരത്തിലും സഞ്ജു ഡെക്കായതോടെ താരം തഴയപ്പെട്ടു. ഇനിയൊരു തിരിച്ചുവരവ് സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രയാസമാണെന്ന് തന്നെ പറയാം.
ദുലീപ് ട്രോഫിക്കുള്ള ടീമില്‍ സഞ്ജുവിനെ പരിഗണിച്ചിട്ടുണ്ട്. ഇതില്‍ കളിച്ച് ഫോം തെളിയിച്ചാല്‍ തിരിച്ചുവരവ് നടത്താന്‍ സഞ്ജുവിന് സാധിച്ചേക്കും. നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ഇടം നേടുകയെന്നത് അല്‍പ്പം പ്രയാസമാണെന്ന് തന്നെ പറയാം.