ഇന്ത്യന്‍ കുപ്പായത്തില്‍ സമീപകാലത്തെ മാജിക്കല്‍ ഫോമിനു പിന്നിലെ കാരണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍. തന്റെ ആരാധനാ പാത്രങ്ങളിലൊരാളും സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസവുമായ എബി ഡിവില്ലിയേഴ്‌സിന്റെ യൂട്യൂബ് ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് താരം മനസ്സ് തുറന്നത്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറില്‍ അദ്ഭുതപ്പെടുത്തുന്ന മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേ തുടര്‍ച്ചയായി രണ്ടു ടി20 പരമ്പരകളില്‍ ഓപ്പണറായി ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച അദ്ദേഹം ഏഴു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തിലും സെഞ്ച്വറികളുമായി കസറുകയായിരുന്നു.
ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ തന്നെ ടി20യില്‍ മൂന്നു സെഞ്ച്വറികളടിച്ച ലോകത്തിലെ ആദ്യ താരമെന്ന ലോക റെക്കോര്‍ഡും സഞ്ജു സ്വന്തമാക്കിയിരുന്നു. കൂടാതെ തുടരെ രണ്ടു ടി20കളില്‍ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യന്‍ താരമായും അദ്ദേഹം മാറി. ഈ പ്രകടനങ്ങളോടെ ടി20 ടീമില്‍ തന്റെ സ്ഥാനം സഞ്ജു ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

വിജയരഹസ്യമെന്ത്?
ബാറ്റിങിന്റെ കാര്യമെടുത്താല്‍ താന്‍ ഒരുപാട് മാറ്റങ്ങളൊന്നും അതില്‍ വരുത്തിയിട്ടില്ലെന്നണ് സഞ്ജു സാംസണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്താണ് എന്റെ ഈ മാറ്റത്തിനു പിന്നിലെന്ന ഇതേ ചോദ്യമാണ് ഞാനും ചിന്തിച്ചു കൊണ്ടിരിക്കുന്നത്. ഞാന്‍ വ്യത്യസ്തമായി എന്താണ് ഇപ്പോള്‍ ചെയ്തിട്ടുള്ളത്? എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്? ഇതാണ് ഞാനും ആലോചിക്കാറുള്ളത്.
ഇന്ത്യന്‍ ടീമിലേക്കു നേരത്തേ തിരഞ്ഞെടുക്കപ്പെട്ടിരുന്നപ്പോള്‍ എനിക്കു പലപ്പോഴും പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാറില്ലായിരുന്നു. കൂടുതലും ടീമിനൊപ്പം യാത്ര ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തിരുന്നത്. പക്ഷെ ഇപ്പോള്‍ എനിക്കു കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കാന്‍ അവസരം ലഭിച്ചു കൊണ്ടിരിക്കുകയാണ്.
നേരത്തേ പലപ്പോഴും കളിപ്പിക്കാറില്ലെങ്കിലും നല്ല തയ്യാറെടുപ്പോടെയാണ് ഞാന്‍ വന്നിരിക്കുന്നതെന്നു സ്വയം ഉറപ്പ് വരുത്താറുണ്ട്. മികച്ച തയ്യാറെടുപ്പാണ് എല്ലായ്പ്പഴും ഞാന്‍ നടത്തി വരാറുള്ളത്. ഇക്കാര്യത്തില്‍ ഇപ്പോഴും മാറ്റമൊന്നും സംഭവിച്ചിട്ടില്ല. അതുകൊണ്ടു തന്നെ സമീപകാലത്തെ ഈ മികച്ച പ്രകടനങ്ങള്‍ക്കു പ്രത്യേകമായിട്ട് ഞാന്‍ തന്നെ ചെയ്തിട്ടില്ലെന്നു പറയുന്നതാവും ശരിയെന്നും സഞ്ജു വിശദാക്കി.
എന്തോ സംഭവിക്കുന്നുണ്ട്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനായി അടുത്തിടെ കളിക്കുമ്പോള്‍ എന്തോ ചിലതു സംഭവിക്കുന്നുണ്ടെന്നും ആ ഒഴുക്കിനൊപ്പം പോവുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും സഞ്ജു സാംസണ്‍ പറയുന്നു. ഇപ്പോഴുള്ള ഒരു ഒഴുക്കിനൊപ്പം ഞാന്‍ പോവുക മാത്രമാണ് ഞാന്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
എന്തോ ചിലതൊക്കെ സംഭവിക്കുന്നുണ്ട്, ഞാന്‍ അതിനു നന്ദിയുളളവനുമാണ്. ഇപ്പോഴത്തെ ഇതേ രീതിയില്‍ മുന്നോട്ടു പോവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്നു എനിക്കറിയില്ല. ഞാന്‍ എല്ലായ്‌പ്പോഴും ബാറ്റിങില്‍ ആധിപത്യം നേടാന്‍ ഇഷ്ടപ്പെടുന്നയാളാണ്. കളിക്കളത്തിനു പുറത്തും എന്റെ സ്വഭാവം ഇങ്ങനെയാണ്.

പോസിറ്റീവ് ആവാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അതുകൊണ്ടു തന്നെ ക്രീസിലെത്തിയാല്‍ സ്വയം പ്രകടിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഓരോ തവണ ടി20 മല്‍സരത്തില്‍ കളിക്കുമ്പോഴും 20 ഓവറുകളെന്നത് വളരെ കുറവാണെന്നു എനിക്കു തോന്നിയിട്ടുണ്ട്.
ടീമിലെ നിരവധി ബാറ്റര്‍മാര്‍ ഡ്രസിങ് റൂമില്‍ അവസരം കാത്തിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ബാറ്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു ഏറ്റവും നന്നായി ചെയ്യാന്‍ സാധിക്കുന്ന കാര്യത്തിനു വേണ്ടിയാണ് ശ്രമിക്കേണ്ടതെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.
അതേസമയം, ടി20യില്‍ അദ്ദേഹത്തിന്റെ നേരത്തേയുള്ള റെക്കോര്‍ഡ് അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ സമീപകാലത്തെ മിന്നുന്ന പ്രകടനങ്ങളിലൂടെ സഞ്ജു ഇതു മെച്ചപ്പെടുത്തിയിരിക്കുകയാണ്. 13 ടി20കളിലാണ് അദ്ദേഹം ഇതിനകം കളിച്ചത്. ഇവയില്‍ നിന്നും 43.60 ശരാശരിയില്‍ 180.16 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റില്‍ 436 റണ്‍സ് സഞ്ജു അടിച്ചെടുത്തു കഴിഞ്ഞു. മൂന്നു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.