അന്താരാഷ്ട്ര ടി20 കരിയറില്‍ അഞ്ചിന്നിങ്‌സുകള്‍ക്കിടെ മൂന്നു സെഞ്ച്വറികളുമായി കസറിയ മലയാളി താരം സഞ്ജു സാംസണ്‍ ഇപ്പോള്‍ കരിയര്‍ ബെസ്റ്റ് ഫോമിലാണുള്ളത്. സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച അവസാന ടി20 പരമ്പരയില്‍ രണ്ടു സെഞ്ച്വറികളാണ് ഓപ്പണറായി അദ്ദേഹം അടിച്ചെടുത്തത്. അതിനു മുമ്പ് ബംഗ്ലാദേശിനെതിരേയും സഞ്ജു സെഞ്ച്വറി കുറിച്ചിരുന്നു.
ഈ പ്രകടനത്തോടെ ടി20 ഫോര്‍മാറ്റില്‍ റിഷഭ് പന്തിനെ ഓവര്‍ടേക്ക് ചെയ്ത് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സ്ഥാനം അദ്ദേഹം ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തിരിക്കുകയാണ്. അതിനിടെ റിഷഭ്, സഞ്ജു എന്നിവരില്‍ ആരാണ് കൂടുതല്‍ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററെന്നു തിരഞ്ഞെടുത്തിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വസീം അക്രം.

റിഷഭ് അദ്ഭുതം
റിഷഭ് പന്ത് ശരിക്കുമൊരു അദ്ഭുത താരമാണന്നാണ് വസീം അക്രമിന്റെ അഭിപ്രായം. താനൊരു അദ്ഭുതമാണെന്നു ലോകത്തിനു കാണിച്ചു തന്ന താരമാണ് റിഷഭ് പന്ത്. അവന്‍ ശരിക്കുമൊരു അമാനുഷികന്‍ തന്നെയാണ്. വലിയൊരു ട്രാജഡിയെ മറികടന്നാണ് ജീവിതത്തിലേക്കും ക്രിക്കറ്റിലേക്കും പന്ത് മടങ്ങിവന്നത്. കാറപകടത്തില്‍ അവനു പരിക്കേറ്റതിന്റെ ക്ലിപ്പുകള്‍ കണ്ടപ്പോള്‍ പാകിസ്താനില്‍ ഞങ്ങളെല്ലാം ഏറെ അസ്വസ്ഥരായിരുന്നു.
എനിക്കും പന്തിന്റെ കാര്യത്തില്‍ വലിയ ആശങ്കയും അസ്വസ്ഥതയുമുണ്ടായിരുന്നു. അന്നു ഇതേക്കുറിച്ച് ഞാന്‍ ട്വീറ്റും ചെയ്തിരുന്നു. ക്രിക്കറ്റിലേക്കു അവിശ്വസനീയ തിരിച്ചുവരവ് തന്നെയാണ് റിഷഭ് നടത്തിയതെന്നും അക്രം വ്യക്തമാക്കി.
സഞ്ജുവിനെ നേരത്തേ അറിയാം
സഞ്ജു സാംസണിനെ വളരെ നേരത്തേ തനിക്കു അറിയുമായിരുന്നുവെന്നാണ് വസീം അക്രം പറയുന്നത്. ഐപിഎല്ലില്‍ ഞാന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ സഞ്ജു സാംസണ്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ഞങ്ങള്‍ അന്നുതന്നെ അവനെക്കുറിച്ചു സംസാരിക്കുകയും ചെയ്തിരുന്നു.
സഞ്ജുവിനു നല്ല അനുഭവസമ്പത്ത് ഇപ്പോഴുണ്ട്. ബാറ്ററെന്ന നിലയില്‍ അവന്‍ കൂടുതല്‍ സ്ഥിരത പുലര്‍ത്തേണ്ടത് ആവശ്യമാണ്. മികച്ച ബാറ്റിങ് ടെക്‌നിക്കും സഞ്ജുവിനുണ്ട്. ഐപിഎല്ലില്‍ 10 വര്‍ഷത്തിലേറെയായി അവന്‍ കളിച്ചു കൊണ്ടിരിക്കുകയാണ്. ടി20യില്‍ ഷോട്ട് സെലക്ഷന്റെ കാര്യത്തില്‍ ഒന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. എപ്പോള്‍, എവിടെ ഷോട്ടുകള്‍ കളിക്കണമെന്ന് അവന്‍ അറിയണമെന്നും വസീം അക്രം നിരീക്ഷിച്ചു.
എനിക്കു റിഷഭിനെ മതി
ഒരു ബാറ്ററുടെ പക്കല്‍ ഷോട്ടുകളുടെ കാര്യത്തില്‍ വൈവിധ്യം കൂടുതലുണ്ടെങ്കില്‍ അയാള്‍ പുറത്താവാനുള്ള സാധ്യതയും കൂടുതലാണെന്നു വസീം അക്രം പറയുന്നു. ഇന്ത്യന്‍ ടീമില്‍ ഒരു വിക്കറ്റ് കീപ്പറെ കളിപ്പിക്കുന്നുണ്ടെങ്കില്‍ എവിടെ ഇറക്കണമെന്നത് കാര്യമായി തന്നെ ആലോചിക്കണം.

ഫിനിഷറായി കളിപ്പിക്കണോ, അതോ ടോപ്പ് ത്രീയില്‍ കളിപ്പിക്കണമോയെന്നത് തീരുമാനിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ക്യാപ്റ്റനോ, ടീം മാനേജ്‌മെന്റോയാണ്. എന്താണ് പ്ലാനെന്നു അവര്‍ക്കു കൃത്യമായ ഒരു ധാരണ വേണം.
സഞ്ജു സാംസണ്‍ നന്നായി ചെയ്തിട്ടുണ്ടത് ശരി തന്നെയാണ്. താരമെന്ന നിലയില്‍ മാത്രമല്ല ക്യാപ്റ്റന്റെ റോളിലും അവന്റെ പ്രകടനം ശ്രദ്ധേയമാണ്. എനിക്കൊരു ഫിനിഷറെയാണ് ടീമില്‍ വേണ്ടതെങ്കില്‍ ഞാന്‍ റിഷഭ് പന്തിനെയാണ് ആദ്യം പരിഗണിക്കുക. ഞാന്‍ എന്റെ ചോയ്‌സാണ് പറഞ്ഞത്. സഞ്ജുവിനു പകരം പന്തിനെയാണ് താന്‍ കളിപ്പിക്കുകയെന്നും അക്രം കൂട്ടിച്ചേര്‍ത്തു.
സഞ്ജുവിന്റെ തിരിച്ചുവരവ്
ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യകോച്ചായി വന്ന ശേഷം സഞ്ജു സാംസണിന്റെ കരിയറിനും പുതിയ ഉണര്‍വാണ് ലഭിച്ചിരിക്കുന്നത്. തുടര്‍ച്ചയായി ഒമ്പത് ടി20കളിലാണ് അദ്ദേഹം ഇന്ത്യക്കു വേണ്ടി ടി20യില്‍ ഓപ്പണറും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറുമായും കളിച്ചത്.
ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ചതിനു ശേഷം കളിച്ച ഏഴു ടി20കളില്‍ മൂന്നു സെഞ്ച്വറികള്‍ സഞ്ജു അടിച്ചെടുക്കുകയും ചെയ്തു. അന്താരാഷ്ട്ര ടി20യില്‍ സെഞ്ച്വറി നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറും കൂടിയാണ് അദ്ദേഹം.