Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യ ബോളില്‍ ഇനിയും സിക്‌സടിക്കും! കാരണമുണ്ട്, വിമര്‍ശകരുടെ വായടപ്പിച്ച സഞ്ജു

ഇന്ത്യന്‍ താരവും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ കരിയറിലുടനീളം നേരിട്ടു കൊണ്ടിരിക്കുന്ന പ്രധാന വിമര്‍ശനം ബാറ്റിങിലെ സ്ഥിരതയില്ലായ്മയെ കുറിച്ചാണ്. ഒരു കളിയില്‍ ഫിഫ്റ്റിയോടെ കസറിയാല്‍ അടുത്ത മല്‍സരത്തില്‍ ചെറിയ സ്‌കോറിനോ, പൂജ്യത്തിനോ പുറത്തായി അദ്ദേഹം ആരാധകരെ നിരാശരാക്കാറുണ്ട്. ഈ കാരണത്താല്‍ തന്നെ വിമര്‍ശകര്‍ സഞ്ജുവിനെതിരേ ഉപയോഗിക്കുന്ന പ്രധാന ആയുധവും സ്ഥിരതയില്ലായ്മയാണ്. വിശ്വസിക്കാന്‍ കൊള്ളാത്ത താരമെന്നാണ് അദ്ദേഹത്തെ അവര്‍ പരിഹസിക്കാറുള്ളത്.

ദേശീയ ടീമില്‍ ഇപ്പോഴും സഞ്ജുവിനു സ്ഥാനമുറപ്പിക്കാന്‍ സാധിക്കാതെ പോവുന്നതിന്റെ പ്രധാന കാരണവും ബാറ്റിങിലെ ഈ സ്ഥിരതയില്ലായ്മ തന്നെയാണ്. പക്ഷെ ഈ വിമര്‍ശനങ്ങള്‍ക്കൊന്നും താന്‍ ചെവി കൊടുക്കാറില്ലെന്നാണ് നേരത്തേ സഞ്ജു തുറന്നടിച്ചത്. മാത്രമല്ല അഗ്രസീവായ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ് താനെന്നും തുടര്‍ന്നും ഇതേ രീതിയില്‍ തന്നെ കളിക്കുമെന്നാണ് ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയത്.

SANJU SAMSON

ടീം പിടിച്ചു പുറത്താക്കും

ടി20 ഫോര്‍മാറ്റില്‍ സ്ഥിരത പുലര്‍ത്താന്‍ ശ്രമിക്കുകയാണെങ്കില്‍ ടീം തന്നെ പിടിച്ചു പുറത്താക്കുമെന്നാണ് സഞ്ജു സാംസണ്‍ ചിരിയോടെ പറഞ്ഞത്. ടി20 ക്രിക്കറ്റില്‍ സ്ഥിരതയെന്ന ഒരു വാക്ക് തന്നെയില്ല. 20 ഓവറുകളാണ് ഒരു ടീമിനുള്ളത്. ഓരോ ഓവറും മാച്ചിന്റെ അഞ്ച് ശതമാനവുമാണ്. ആ ഒരു ഓവറില്‍ സിംഗിളൊക്കെ നേടി സ്ഥിരതയോടെ കളിക്കാന്‍ നിങ്ങള്‍ ശ്രമിച്ചാല്‍ മല്‍സരത്തിന്റെ ആ ഫേസില്‍ നിങ്ങള്‍ തോല്‍ക്കും.

ഞാന്‍ സ്ഥിരത പുലര്‍ത്താന്‍ ശ്രമിച്ചാല്‍ എന്റെ ടീമംഗവും ഇതേ രീതിയില്‍ ചിന്തിക്കാനും തുടങ്ങും. ക്യാപ്റ്റന്‍ സ്ഥിരത പുലര്‍ത്തുന്നുണ്ടെങ്കില്‍ തനിക്കും എന്തുകൊണ്ടു സാധിക്കില്ലെന്നും ആ താരം ചിന്തിക്കുമെന്നും സഞ്ജു വ്യക്തമാക്കി.

ടീമിനെ മോശമായി ബാധിക്കും

എന്നെപ്പോലെ ടീമിലെ മൂന്നു പേരെങ്കിലും സ്ഥിരതയാര്‍ന്ന ഇന്നിങ്‌സ് കളിക്കാന്‍ ശ്രമിച്ചാല്‍ അതു പരാജയത്തിനു വഴിയൊരുക്കുമെന്നു സഞ്ജു സാംസണ്‍ ചൂണ്ടിക്കാട്ടുന്നു. ക്രിക്കറ്റെന്നത് ഒരു ടീം ഗെയിമാണ്. ഒരു താരം ബാറ്റ് ചെയ്യുമ്പോള്‍ അയാള്‍ സ്ഥിരതയ്ക്കു വേണ്ടി കളിക്കുകയാണോ, അതോ ടീമിലെ റോള്‍ വഹിക്കാന്‍ ശ്രമിക്കുകയാണോയെന്നു ക്രിക്കറ്റ് അറിയാവുന്നവര്‍ക്കു പെട്ടെന്നു മനസ്സിലാവും.

നിങ്ങളെ ഏറ്റവും നന്നായി വിലയിരുത്തുന്നവര്‍ സ്വന്തം ടീമംഗങ്ങള്‍ തന്നെയാണ്. ടീമംഗങ്ങള്‍ക്കു നിങ്ങള്‍ കൊടുക്കുന്ന മെസേജ് സംസാരത്തിലൂടെയല്ല, ആക്ഷനുകളിലൂടെയാണ്. ഈ ആക്ഷനുകള്‍ നടക്കുന്നത് ഗ്രൗണ്ടിന് അകത്താണ്. ഗ്രൗണ്ടില്‍ നിങ്ങള്‍ വളരെ പോസിറ്റീവായി കളിക്കുകയാണെങ്കില്‍ ക്യാപ്റ്റനെന്ന നിലയില്‍ ടീമംഗങ്ങള്‍ക്കു നല്‍കുന്ന ഏറ്റവും കമ്മ്യൂണിക്കേഷനാണ്.

അപ്പോള്‍ ടീമില്‍ കൂടുതല്‍ ഒത്തിണക്കം വരികയും ചെയ്യും. ക്യാപ്റ്റന്‍ അങ്ങനെ കളിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് തങ്ങള്‍ക്കും അങ്ങനെ കളിച്ചുകൂടെന്നും അവര്‍ ചിന്തിക്കും. ക്യാപ്റ്റനായി കഴിഞ്ഞപ്പോള്‍ ഞാന്‍ പാസ് ചെയ്യാന്‍ ശ്രമിക്കുന്നതും ഈ മെസേജാണ്. ക്യാപ്റ്റനാവുന്നതിനു മുമ്പും താന്‍ ഇങ്ങനെയാണെന്നും സഞ്ജു വിശദമാക്കി.

SANJU SAMSON

ടീമിനെ ജയിപ്പിക്കാന്‍ ആഗ്രഹം

ഞാനൊരു ടീം പ്ലെയറാണ്. വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിനെ ജയിപ്പിക്കണമെന്നതാണ് എല്ലായ്‌പ്പോഴുമുള്ള ആഗ്രഹം. ഓരോ താരവും വ്യത്യസ്തരാണ്. സ്വന്തം റണ്ണിനായി കളിക്കുന്നയാള്‍ തെറ്റാണെന്നു ഞാന്‍ പറയില്ല. എനിക്കു എന്റേതായിട്ടുള്ള ശരിയും തെറ്റുമറിയാം. വളരെ ക്ലാരിറ്റിയോടെയാണ് ഞാന്‍ എന്റെ കളിയെ കാണുന്നത്.

സ്ഥിരതയെന്നൊക്കെ ആള്‍ക്കാര്‍ പറഞ്ഞാലും മാച്ചില്‍ ഇറങ്ങിയ ശേഷം ആദ്യത്തെ ബോളില്‍ തന്നെ സിക്‌സറടിക്കാന്‍ തോന്നിയാല്‍ ഞാന്‍ അടിക്കും. ഔട്ടായാലും, ആള്‍ക്കാര്‍ കൂവിയാലും, വീട്ടില്‍ നിന്നും ശകാരം കേട്ടാലുമൊന്നും എനിക്കു പ്രശ്‌നമില്ല. കാരണം ക്രിക്കറ്റെന്നത് ജീവിതകാലം മുഴുവന്‍ ഉണ്ടാവുന്ന ഒന്നല്ല. കുറച്ചു വര്‍ഷങ്ങള്‍ കൂടി മാത്രമേ എനിക്കു കളിക്കാനാവൂ.

ആ സമയത്തു ആള്‍ക്കാര്‍ക്കു വേണ്ടിയോ, സ്ഥിരതയ്ക്കു വേണ്ടിയോ കളിക്കാന്‍ ആഗ്രഹമില്ല. ഞാന്‍ കളിക്കുന്നത് എനിക്കു വേണ്ടിയാണ്. കഠിനാധ്വാനം നടത്തിയാണ് ഞാന്‍ ക്രിക്കറ്റിലേക്കു വന്നത്. എനിക്കു സന്തോഷമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ദൈവം ഒരു സ്റ്റേജ് ഒരുക്കി നല്‍കിയിട്ടുണ്ട്. അതു സന്തോഷത്തോടെ താന്‍ ചെയ്യുമെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, September 5, 2024, 10:15 [IST]
Other articles published on Sep 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+