കൊച്ചി: ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ്, ഏഷ്യന്‍ ഗെയിംസ് ടീമുകളില്‍ നിന്നെല്ലാം തഴയപ്പെട്ട സഞ്ജു സാംസണിനെ ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും ഇന്ത്യ ഒഴിവാക്കിയിരിക്കുകയാണ്. പൂര്‍ണ്ണമായും സഞ്ജുവിനെ ഇന്ത്യ തഴഞ്ഞിരിക്കുകയാണെന്ന് പറയാം. നിലവില്‍ കേരള ടീമിന്റെ നായകനാണ് സഞ്ജു. ഐപിഎല്ലില്‍ വരാനിരിക്കുന്ന സീസണിലും രാജസ്ഥാന്റെ നായകസ്ഥാനത്ത് സഞ്ജുവുണ്ടാവും.
വലിയ ആരാധക പിന്തുണയുണ്ടെങ്കിലും സഞ്ജുവിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് വലിയ താല്‍പര്യമില്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ തന്റെ കരിയറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞിരിക്കുകയാണ് സഞ്ജു. ചാരുലതയുമായുള്ള വിവാഹത്തിന് ശേഷം ജീവിതത്തിലുണ്ടായ വലിയ മാറ്റങ്ങളെക്കുറിച്ചും സഞ്ജു തുറന്ന് പറഞ്ഞിരിക്കുകയാണ്. വിവാഹത്തിന് ശേഷമാണ് ജീവിതം ആസ്വദിക്കാന്‍ തുടങ്ങിയതെന്നാണ് സഞ്ജു പറഞ്ഞത്.
നേരത്തെ ക്രിക്കറ്റ് മാത്രമായിരുന്നു ചിന്ത. യാത്രകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിന് സാധിച്ചിരുന്നില്ല. എന്നാല്‍ വിവാഹത്തിന് ശേഷം ലഭിക്കുന്ന ഇടവേളകളിലെല്ലാം ഇപ്പോള്‍ യാത്ര ചെയ്യുകയാണ്. പെട്ടെന്ന് യാത്രകള്‍ പ്ലാന്‍ ചെയ്യുന്നു. ചാരു അതിന് പൂര്‍ണ്ണ പിന്തുണയും നല്‍കുന്നു. ക്രിക്കറ്റില്‍ നിന്ന് ഇടവേള ലഭിക്കുമ്പോള്‍ യാത്രകള്‍ ചെയ്യാനും കൂടുതല്‍ വ്യത്യസ്തമായ ഭക്ഷണം കഴിക്കാനും സാധിച്ചത് ചാരുവുമായുള്ള വിവാഹ ശേഷമാണെന്നാണ് സഞ്ജു പറയുന്നത്.
'തന്റെ എല്ലാ കാര്യത്തിലും ചാരു വലിയ പിന്തുണയാണ് നല്‍കുന്നത്. എല്ലാ പരമ്പരയിലേക്കും തന്നെ പരിഗണിക്കണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. സ്വഭാവികമായും എന്റേയും ആഗ്രഹം അത് തന്നെയാവും. എന്നാല്‍ പലപ്പോഴും തഴയപ്പെടുമ്പോള്‍ എല്ലാവരും നിരാശരാകും. മാനസികമായി തളരുമ്പോള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പിന്തുണക്കുന്നത് ചാരുവാണ്. സിംബാബ്‌വെ പര്യടനത്തില്‍ ചാരുവും എന്റെ ഒപ്പം വന്നിരുന്നു.

അവിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് കര്‍ശന സുരക്ഷ ആവശ്യമായതിനാല്‍ ഹോട്ടല്‍ റൂമില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ സാധിക്കില്ല. ഒരാഴ്ചയിലേറെ ഞാന്‍ കളിക്കാന്‍ പോവുമ്പോള്‍ ചാരു ഹോട്ടലില്‍ ഒറ്റക്കിരുക്കുമായിരുന്നു. എന്നെ പിന്തുണക്കാനായി വളരെ ത്യാഗം സഹിച്ചു. ഞാന്‍ ആദ്യത്തെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് സിംബാബ്‌വെയിലാണ്. വളരെ അവിസ്മരണീയമായ അനുഭവമായിരുന്നു ഇത്. ഞങ്ങളുടെ ബെസ്റ്റ് നിമിഷങ്ങളിലൊന്നാണിത്'- സഞ്ജു പറഞ്ഞു.
ഉയര്‍ന്ന വിദ്യഭ്യാസ യോഗ്യതയുണ്ടായിട്ടും തന്റെ കരിയറിനുവേണ്ടി ചാരു തന്റെ കരിയര്‍ വേണ്ടെന്നുവെച്ചുവെന്നും സഞ്ജു പറഞ്ഞു. 'റാങ്കോടെ ബിരുദം നേടിയ ആളാണ് ചാരു. എന്തുകൊണ്ടാണ് ജോലിക്ക് പോകാത്തതെന്ന് പലരും അവളോട് ചോദിക്കുന്നുണ്ട്. അവളുടെ പല സുഹൃത്തുക്കളും വിദേശത്ത് മികച്ച ജോലി ചെയ്യുന്നു. എന്നാല്‍ ചാരു തന്റെ കരിയര്‍ വേണ്ടെന്ന് വെച്ച് എനിക്ക് പിന്തുണ നല്‍കി എപ്പോഴും ഒപ്പമുണ്ട്. അത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല'- സഞ്ജു പറഞ്ഞു.
ജീവിതത്തില്‍ കൂടുതല്‍ സുഹൃത് ബന്ധങ്ങളുണ്ടായത് വിവാഹത്തിന് ശേഷമാണെന്ന് പറഞ്ഞ സഞ്ജു മുഹമ്മദ് ഷമിക്കും യുസ് വേന്ദ്ര ചഹാലിനുമൊപ്പമുള്ള റീല്‍സ് വീഡിയോയെക്കുറിച്ചും പറഞ്ഞു. 'ഷമി ഹീറോ അടാ ഹീറോ എന്ന റീല്‍സ് വളരെ വൈറലായിരുന്നു. ഷമിയോട് കാര്യം പറഞ്ഞപ്പോള്‍ത്തന്നെ അദ്ദേഹമത് ചെയ്യാന്‍ തയ്യാറായി. ചഹാല്‍ സിനിമയില്‍ അഭിനയിക്കണമെന്ന മോഹത്തോടെ നടക്കുന്ന ആളാണ്. അതുകൊണ്ടുതന്നെ പറഞ്ഞപ്പോള്‍ തന്നെ വീഡിയോ ചെയ്യാന്‍ തയ്യാറായി.
മലയാള സിനിമയെ ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. മലയാളത്തിലെ അഭിനേതാക്കളെക്കുറിച്ചും സിനിമയെക്കുറിച്ചുമെല്ലാം മികച്ച അഭിപ്രായമാണ് ഇവര്‍ക്കെല്ലാമുള്ളത്. ഇടവേള ലഭിക്കുമ്പോള്‍ മലയാള സിനിമയെക്കുറിച്ച് വളരെയധികം സംസാരിക്കാറുണ്ട്. എപ്പോഴും സ്വയം മെച്ചപ്പെടാനാണ് ശ്രമിക്കുന്നത്. മറ്റാരോടും പരിഭവമില്ല'- സഞ്ജു കൂട്ടുച്ചേര്‍ത്തു.