ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തന്റെ സമയം വൈകാതെ എത്തുമെന്ന പ്രതീക്ഷയില്‍ കഠിനാധ്വാനം തുടര്‍ന്നു കൊണ്ടിരിക്കുന്ന താരമാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ കളിച്ചു കഴിഞ്ഞെങ്കിലും രണ്ടു ഫോര്‍മാറ്റിലും ബാക്കപ്പിന്റെ റോള്‍ മാത്രമേ അദ്ദേഹത്തിനു ലഭിക്കാറുള്ളൂ. ഏകദിന, ടി20 ഫോര്‍മാറ്റുകള്‍ക്കു ശേഷം ഇനി ടെസ്റ്റിലും തന്റെ സാന്നിധ്യമറിയിക്കാനുള്ള ശ്രമത്തിലാണ് സഞ്ജു.
ടീമില്‍ തനിക്കു സ്ഥാനമുറപ്പില്ലെങ്കിലും അദ്ദേഹം അതില്‍ വലിയ നിരാശയോ, ദുഖമോ പ്രകടിപ്പിക്കാറില്ല. പകരം തനിക്കു അവസരം കിട്ടുമ്പോള്‍ നന്നായി പെര്‍ഫോം ചെയ്യുന്നതിനെക്കുറിച്ച് മാത്രമാണ് ആലോചിക്കുന്നതെന്നാണ് സഞ്ജു പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ളത്. എന്നാല്‍ കരിയറിന്റെ ഒരു ഘട്ടത്തില്‍ തനിക്കു ക്രിക്കറ്റ് മടുത്തുപോയെന്നും വിരമിക്കുന്നതിനെക്കുറിച്ച് പോലും ആലോചിച്ചിട്ടുണ്ടെന്നും അദ്ദേഹം ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. എന്തായിരുന്നു ഈ സംഭവമെന്നറിയാം.

കരിയറിലെ ഏറ്റവും മോശം സമയം
20 വയസ്സുള്ളപ്പോഴാണ് ഇന്ത്യന്‍ ടീമിനു വേണ്ടി സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. പക്ഷെ അതിനു ശേഷം അഞ്ചു വര്‍ഷത്തോളം അദ്ദേഹം ടീമിലേക്കു പരിഗണിക്കപ്പെട്ടിരുന്നില്ല. ഈ കാലഘട്ടം കരിയറിലെ ഏറ്റവും മോശം സമയായിരുന്നുവെന്നാണ് ഗൗരവ് കപൂറുമായുള്ള അഭിമുഖത്തില്‍ സഞ്ജു ഒരിക്കല്‍ വെളിപ്പെടുത്തിയത്.
ആ അഞ്ചു വര്‍ഷങ്ങള്‍ എന്റെ കരിയറിലെ ഏറ്റവും വെല്ലുവിളിയുയര്‍ത്തിയ സമയമായിരുന്നു. കേരളാ ടീമില്‍ നിന്നും പോലും ഞാന്‍ ഒഴിവാക്കപ്പെട്ടിരുന്നു. ആ സമയത്തു സ്വന്തം കഴിവില്‍പ്പോലും നിങ്ങള്‍ക്കു വളരെയധികം സംശയങ്ങള്‍ തോന്നും. തിരിച്ചുവരാന്‍ സാധിക്കുമോയെന്നു പോലും മനസ്സില്‍ ചോദിക്കാറുണ്ടായിരുന്നുവെന്നും സഞ്ജു വെളിപ്പെടുത്തി.
ബാറ്റ് വലിച്ചെറിഞ്ഞ് ടീം വിട്ടു
ആ അഞ്ചു വര്‍ഷങ്ങളില്‍ ഞാന്‍ കളിച്ചിരുന്നപ്പോള്‍ തുടര്‍ച്ചയായി ചെറിയ സ്‌കോറുകള്‍ക്കു പുറത്തായിക്കൊണ്ടിരുന്നു. ഇതോടെ മാനസികമായി ഞാന്‍ തളര്‍ന്നു പോവുകയും സ്വയം വളരെയധികം ദേഷ്യം തോന്നുകയും ചെയ്തിരുന്നതായും സഞ്ജു സാംസണ്‍ വ്യക്തമാക്കി.
ഒരു ദിവസം കളിയില്‍ പുറത്തായതിനു ശേഷം ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയ ഞാന്‍ ദേഷ്യം കാരണം ബാറ്റ് വലിച്ചെറിഞ്ഞു. ടീമിന്റെ കളി നടന്നുകൊണ്ടിരിക്കെ ഞാന്‍ ഗ്രൗണ്ട് വിടുകയും ചെയ്തു. മുംബൈയിലെ ബ്രാബോണ്‍ സ്‌റ്റേഡിയത്തിലായിരുന്നു ആ മല്‍സരം.
ഞാന്‍ ക്രിക്കറ്റ് വിടുകയാണ്. വീട്ടിലേക്കു പോവാനാണ് ആലോചിക്കുന്നത്. ഈ ബാറ്റും മറ്റു സാധനങ്ങളുമെല്ലാം എടുത്തോയെന്നു ടീമംഗത്തോടു പറഞ്ഞാണ് താന്‍ ടീം വിട്ടതെന്നും സഞ്ജു മനസ്സ് തുറന്നു.

മറൈന്‍ ഡ്രൈവില്‍ തനിച്ചിരുന്നു
ടീം വിട്ടതിനു ശേഷം മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ പോയി ഞാന്‍ കുറേ നേരം കടലില്‍ നോക്കിയിരുന്നു. എന്താണ് നടക്കുന്നതെന്നു മനസ്സില്‍ ചോദിക്കുകയും ചെയ്തു. രണ്ട്- മൂന്ന് മണിക്കൂര്‍ അവിടെയിരുന്ന ശേഷമാണ് ഞാന്‍ തിരികെ പോയത്. അപ്പോഴേക്കും ടീമിന്റെ മല്‍സരവും കഴിഞ്ഞിരുന്നു.
ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയ ശേഷം നേരത്തേ വലിച്ചെറിഞ്ഞ ബാറ്റിന് എന്തെങ്കിലും പറ്റിയോ എന്നാണ് ഞാന്‍ നോക്കിയത്. നല്ല ബാറ്റായിരുന്നു അത്, പക്ഷെ ഞാന്‍ വലിച്ചെറിഞ്ഞതു കാരണം അതു പൊട്ടിപ്പോയിരുന്നു. അതു കണ്ടപ്പോള്‍ ദുഖവും നിരാശയും തോന്നി. ഇപ്പോള്‍ ആ സംഭവത്തെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ തമാശയായിട്ടാണ് തോന്നാറുള്ളതെന്നും സഞ്ജു പറയുന്നു.