ഇന്ത്യയുടെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും ഇതിഹാസ നായകന്‍ എംഎസ് ധോണിയും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണും തമ്മിലുള്ള താരതമ്യങ്ങളില്‍ കഴമ്പുണ്ടോയെന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഫിറ്റ്‌നസ് കോച്ച് രാജാമണി പ്രഭു. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഫിറ്റ്‌നസ് കോച്ചായതിനാല്‍ തന്നെ സഞ്ജുവുമായി വളരെ അടുത്ത സൗഹൃദം പുലര്‍ത്തുന്ന വ്യക്തി കൂടിയാണ് അദ്ദേഹം. വണ്‍ഇന്ത്യ ഹൗസാറ്റിനു (Oneindia Howzat) നല്‍കിയ അഭിമുഖത്തിലാണ് സഞ്ജുനെക്കുറിച്ച് കൗതുകകരമായ ചില കാര്യങ്ങള്‍ രാജാമണി വെളിപ്പെടുത്തിയത്.
ഇന്ത്യന്‍ ടീമില്‍ മതിയായ അവസരങ്ങള്‍ ലഭിക്കാത്തതിനെക്കുറിച്ച് സഞ്ജുവിന്റെ മനസ്സില്‍ എന്താണെന്നതിനെക്കുറിച്ചും അദ്ദേഹം തുറന്നു പറഞ്ഞു. ഇതു പുറത്തു പറയാമോ, ഇല്ലയോ എന്ന് എനിക്കറിയില്ല. ഇത്രയധികം കഠിനാധ്വാനം നടത്തിയിട്ടും ദേശീയ ടീമില്‍ വേണ്ടത്ര അവസരങ്ങള്‍ കിട്ടാത്തതുമായി ബന്ധപ്പെട്ട് ഞാന്‍ ഒരിക്കല്‍ സഞ്ജുവുമായി സംസാരിച്ചിരുന്നു. ഞാന്‍ ക്രിക്കറ്റ് തുടങ്ങിയത് ഇന്ത്യക്കു വേണ്ടിയോ, ഐപിഎല്ലില്‍ ഏതെങ്കിലും ടീമിനു വേണ്ടി കളിക്കുന്നതിനോ, ക്യാപ്റ്റനാവുന്നതിനോ വേണ്ടിയല്ല. എനിക്കു ക്രിക്കറ്റ് വലിയ ഇഷ്ടമാണ്. മികച്ചൊരു ക്രിക്കറ്ററായി എനിക്കു മാറണമെന്നായിരുന്നു സഞ്ജുവിന്റെ മറുപടിയെന്നും രാജാമണി വെളിപ്പെടുത്തി.
നല്ലൊരു ക്രിക്കറ്ററാവണമെങ്കില്‍ ഫിറ്റ്‌നസും പ്രധാനമാണ്. അതുകൊണ്ടു തന്നെ എനിക്കു മികച്ച ഫിറ്റ്‌നസ് നേടിയെടുക്കണം. ബാറ്റിങില്‍ കൂടുതല്‍ തിളങ്ങണമെങ്കില്‍ ഇതു ആവശ്യമാണ്. ഇന്ത്യയിലെ മികച്ച ഫിറ്റ്‌നസുള്ള അത്‌ലറ്റുമാരില്‍ ഒരാളായി മാറണമെന്നും സഞ്ജു സാംസണ്‍ തന്നോടു പറഞ്ഞതായി രാജാമണി വ്യക്തമാക്കി.
സഞ്ജുവിനെയും എംഎസ് ധോണിയെയും പലരും താരത്യം ചെയ്യുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ എല്ലാ കാര്യത്തിലും ധോണിയേക്കാള്‍ ഒരുപടി മുകളിലാണ് സഞ്ജു. ധോണി ക്യാപ്റ്റനെന്ന നിലയില്‍ ഒരുപാട് നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള വ്യക്തിയാണ്. അന്താരാഷ്ട്ര ക്രിക്കറ്റെടുക്കുകയാണെങ്കില്‍ ലോകകപ്പുള്‍പ്പെടെയുള്ള നിരവധി ഐസിസി ട്രോഫികള്‍ ധോണി സ്വന്തമാക്കിയിട്ടുണ്ട്.

ഐപിഎല്ലില്‍ അഞ്ചു ട്രോഫികളും തന്റെ പേരിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഇങ്ങനെയുള്ള ഒരു ഇതിഹാസ താരം ക്യാപ്റ്റായി വന്നാല്‍ എന്തു പറഞ്ഞാലും ടീമിലെ എല്ലാവരും അതു അനുസരിക്കും. പക്ഷെ സഞ്ജു ധോണിയെപ്പോലെ വലിയ നേട്ടങ്ങളൊന്നും കുറിച്ചിട്ടുള്ള ക്യാപ്റ്റനല്ല.
രാജസ്ഥാന്‍ റോയല്‍സ് ടീമിനെയെടുത്താല്‍ ഞങ്ങളുടെ സംഘത്തിലെ 11 പേരും ക്യാപ്റ്റനെപ്പോലെ ഐഡിയയുള്ളവരാണ്. എന്നാല്‍ നായകനെന്ന നിലയില്‍ സഞ്ജു എന്തു ചെയ്താലും അതു ശരിയായിരിക്കും. അദ്ദേഹത്തിന്റെ ചിന്തയും കളിക്കാര്‍ക്കു നല്‍കുന്ന പിന്തുണയുമെല്ലാം എപ്പോഴും വ്യത്യസ്തമായിരിക്കും. സഞ്ജുവിനു തെറ്റുപറ്റില്ലെന്നു എല്ലാവരും വിശ്വസിക്കുന്നതിനാല്‍ അദ്ദേഹം പറയുന്നത് ജോസ് ബട്‌ലര്‍ മുതല്‍ ധ്രുവ് ജുറേല്‍ വരെ അനുസരിക്കുകയും ചെയ്യുമെന്നും രാജാമണി വിശദമാക്കി.

ജയിച്ചാലും തോറ്റാലും സഞ്ജു സാംസണ്‍ ഒരേ പോലെയാണ് കാണപ്പെടാറുള്ളതെന്നും അദ്ദേഹം പറയുന്നു. എംഎസ് ധോണി എങ്ങനെയാണ് പ്രതികരിക്കാറുള്ളതെന്നു എനിക്കറിയില്ല. അദ്ദേഹത്തെ ചൂടായി ചില സന്ദര്‍ഭങ്ങളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ചേര്‍ന്നതിനു ശേഷം സഞ്ജുവിനെ ദേഷ്യപ്പെട്ട് ഇതുവരെ ഞാന്‍ കണ്ടിട്ടില്ലെന്നും രാജാമണി വ്യക്തമാക്കി.
സഞ്ജുവിനെപ്പറ്റി രസകരമായ ഒരു സംഭവം എനിക്കു ഓര്‍മ വരികയാണ്. റോയല്‍സിന്റെ ഒരു മല്‍സരത്തില്‍ അദ്ദേഹം ഡെക്കായിരുന്നു. അതിനു ശേഷം സിഎസ്‌കെയുമായുള്ള മാച്ചിലും സഞ്ജു പൂജ്യത്തിനു പുറത്തായി. ഞങ്ങളുടെ ഇന്നിങ്‌സിനു ശേഷം അദ്ദേഹത്തിന്റെ അടുത്തുപോയി ഒന്നു ആശ്വസിപ്പിക്കണമെന്നു ആര്‍ അശ്വിന്‍ എന്നോടു പറഞ്ഞു. അങ്ങനെ ഞാന്‍ സഞ്ജുവിന്റെ അടുത്തുപോയപ്പോള്‍ അദ്ദേഹം ഭക്ഷണം കഴിക്കാന്‍ തയ്യാറെടുക്കുകയാണ്.
ഞാന്‍ ഓംലെറ്റ് പറഞ്ഞിട്ടുണ്ട്, ഇപ്പോള്‍ കൊണ്ടുവരുമെന്നും കഴിക്കാമെന്നും എന്നോടു പറഞ്ഞു. എനിക്കു ഓംലെറ്റ് വലിയ ഇഷ്ടമാണന്നു സഞ്ജുവിനറിയാം. അതുകൊണ്ട് ഞാനും കാത്തിരുന്നു. പക്ഷെ ഒന്നും വന്നില്ല. അപ്പോള്‍ സഞ്ജു പറഞ്ഞു ഞാന്‍ നേരത്തയും ഇന്നും ഓരോ മുട്ട (ഡെക്ക്) വീതം നേടി. അതു രണ്ടും ചേര്‍ത്ത് ഓംലെറ്റുണ്ടാക്കാന്‍ പറഞ്ഞിരിക്കുകയാണെന്നു സഞ്ജു പറഞ്ഞപ്പോള്‍ എനിക്കു ചിരിയടക്കാനായില്ല. സഞ്ജു വലിയ വിഷമത്തിലായിരിക്കുമെന്നു കരുതി വന്നപ്പോള്‍ അദ്ദേഹം ഈ തരത്തില്‍ തമാശ പറഞ്ഞപ്പോള്‍ അദ്ഭുതം തോന്നിയെന്നും രാജാമണി കൂട്ടിച്ചേര്‍ത്തു.